Advertisment

പാലാക്കാരുടെ ബാബുച്ചേട്ടൻ, മുൻ എംപിയും പാലാ എംഎൽഎയും മുൻ ഗവർണറുടെ മകനും ഉൾപ്പെടെയുള്ള 25000 ത്തോളം വരുന്ന സഹപ്രവർത്തകരുടെ 'ബാബു മാനേജർ'. രാഷ്ട്രീയം- വ്യവസായം- പ്ലാന്റേഷൻ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാബു മണർകാട്ടിനു യാത്രാമൊഴിയേകി പാലാക്കാർ. അന്നദാനം കൊണ്ട് പ്രശസ്തമായ മുല്ലപ്പന്തലിൽനിന്ന് അന്ത്യയാത്ര

എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും പാലായിലെ നിര്‍ധനര്‍ക്ക് ഉച്ചയ്ക്ക് 'അന്നദാനം' തുടങ്ങിയത് ഈ മുല്ലപ്പന്തലിലായിരുന്നു. നിരവധി ആളുകളായിരുന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നത്.

New Update
babu manarkattu-9
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലാ: പാലക്കാരുടെ പ്രിയങ്കരനായ ബാബു മണര്‍കാട്ടിനു ഇന്ന് പാലാ നഗരത്തിന്‍റെ ആദരം. പാലായുടെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനും മണര്‍കാട്ട് കമ്പനി ജീവനക്കാരുടെ പ്രിയങ്കരനായ 'ബാബു മാനേജരു' മായിരുന്ന ബാബു മണര്‍കാട്ട് ഇന്ന് പ്രിയ പാലാക്കാരോടും പ്രിയ സഹപ്രവര്‍ത്തകരോടും വിട ചൊല്ലുകയാണ്.

Advertisment

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മൃതദേഹം പാലാ നഗരസഭയുടെ ടൗണ്‍ ഹാളില്‍ എത്തിച്ചത്. അതിനു ശേഷം മണര്‍കാട്ട് തറവാട്ടില്‍ അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തിക്കുന്ന മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബുധന്‍ രാവിലെ 9.30 വരെ സമയമുണ്ട്. തുടര്‍ന്ന് മാര്‍ ജോസഫ് കല്ലറങ്ങാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നത്.

അന്ത്യയാത്രാ മൊഴി 'മുല്ലപ്പന്തലില്‍' !

മണര്‍കാട്ട് തറവാട്ടിലായിരുന്നു ബാബു മണര്‍കാട്ടിന്‍റെ താമസം. നേരെ എതിര്‍വശത്തായിരുന്നു ജ്യേഷ്ഠന്‍ മണര്‍കാട്ട് പാപ്പന്‍റെ പ്രശസ്തമായ വസതി. രണ്ടും പാലാ നഗരത്തിനുള്ളില്‍. ഇതില്‍ ബാബു മണര്‍കാട്ട് താമസിക്കുന്ന 'മുല്ലപ്പന്തല്‍' പാലക്കാര്‍ക്കും പ്രത്യേകിച്ച് മണര്‍കാട്ട് കമ്പനിയിലെ ജീവനക്കാര്‍ക്കും ഏറെ സുപരിചിതം.

babu manarkattu-5

എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും പാലായിലെ നിര്‍ധനര്‍ക്ക് ഉച്ചയ്ക്ക് 'അന്നദാനം' തുടങ്ങിയത് ഈ മുല്ലപ്പന്തലിലായിരുന്നു. നിരവധി ആളുകളായിരുന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നത്.


അവര്‍ക്ക് സൗജന്യമായി നല്‍കുന്ന ഭക്ഷണമാണെങ്കിലും അത് എത്തിക്കുന്നത് മണര്‍കാട്ട് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മഹാറാണിയില്‍ നിന്നായിരുന്നു. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവം പ്രധാന ഹോട്ടലുകളിലൊന്നായിരുന്നു മഹാറാണി.


ഈ ഹോട്ടലില്‍ വിറ്റിരുന്ന ഊണിനേക്കാള്‍ മികച്ചതായിരുന്നു മുല്ലപ്പന്തലില്‍ നിര്‍ധനര്‍ക്ക് വിതരണം ചെയ്യേണ്ടത് എന്നായിരുന്നു പാപ്പന്‍ ചേട്ടന്‍റെ നിര്‍ദേശം. അതിന്‍റെ ഉത്തരവാദിത്വം അനുജന്‍ ബാബുവിനായിരുന്നു.

babu manarkattu-8

അതിനാല്‍ തന്നെ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ഭക്ഷണത്തിന്‍റെ എന്തെങ്കിലും കുറവ് അതിലൊരാള്‍ ബാബു മാനേജരോട് പറഞ്ഞാല്‍ അന്ന് 'മഹാറാണി'യിലെ ജീവനക്കാര്‍ക്ക് പേടി സ്വപ്നമായിരുന്നു. അത്രയ്ക്ക് നിര്‍ബന്ധമായിരുന്നു ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ബാബു മാനേജര്‍ക്ക്.

താഴെ നിര്‍ത്താനും മുല്ലപ്പന്തല്‍

ഇരുപതിനായിരത്തിലേറെയായിരുന്നു അന്ന് മണര്‍കാട്ട് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം. സര്‍ക്കാര്‍ ജോലി കിട്ടിയില്ലെങ്കില്‍ പാലാക്കാര്‍ക്ക് പിന്നെ നോട്ടം മണര്‍കാട്ട് കമ്പനിയിലേയ്ക്കായിരുന്നു. മണര്‍കാട്ട് കമ്പനിയില്‍ ജോലി നോക്കിയിരുന്നവര്‍ അത്ര ചില്ലറക്കാരായിരുന്നുമില്ല.


മുന്‍ എംപി പാലാ കെ.എം മാത്യുവും മുന്‍ ഗവര്‍ണര്‍ കെ.എം ചാണ്ടിയുടെ മകന്‍ രാജുവും ഇപ്പോഴത്തെ പാലാ എംഎല്‍എയും മുന്‍ എംപി ചെറിയാന്‍ കാപ്പന്‍റെ മകനുമായിരുന്ന മാണി സി കാപ്പനും വെല്‍കെയര്‍ ഹോസ്പിറ്റര്‍ ഉടമ സെബാസ്റ്റ്യന്‍ കാഞ്ഞിരത്താനവും കോട്ടയത്തെ പ്രശസ്തമായ ആര്‍ക്കാഡിയ ഹോട്ടല്‍ ഉടമ തോമാച്ചന്‍  മുതലുള്ളവരെല്ലാം മണര്‍കാട്ട് കമ്പനിയില്‍ നിന്ന് തുടങ്ങിയവരാണ്.


ഇവര്‍ മാത്രമല്ല, പാപ്പന്‍ ചേട്ടന്‍റെ സഹോദരങ്ങളും അവരുടെ മക്കളും, പിതാവ് എം.എം ജോസഫിന്‍റെ സഹോദരന്മാരുടെ മക്കളും ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ ജീവനക്കാരായിരുന്നു. ജോലിയില്‍ ബന്ധവും സ്വന്തവുമൊന്നും പാപ്പന്‍ ചേട്ടനില്ലായിരുന്നു.

babu manarkattu-4

അതിനുദാഹരണമാണ് 'ബാബു മാനേജര്‍'. അനുജന്‍ ബാബുവിനെ സ്വന്തം കസിന്‍സും മൊത്തം ജീവനക്കാരും അന്നും ഇന്നും അഭിസംബോധന ചെയ്തിരുന്നത് 'ബാബു മാനേജര്‍' എന്നാണ്. ജോലിയില്‍ വീഴ്ച വരുത്തുന്ന ജീവനക്കാരെ വിളിച്ചുവരുത്തി 'താഴെ നിര്‍ത്തുക' എന്നൊരു പഴയ പതിവുണ്ട്. താഴെ നിര്‍ത്തുക എന്നാല്‍ ബാബു മാനേജരുടെ വീടിനു മുമ്പിലെ മുല്ലപ്പന്തലില്‍ നിര്‍ത്തുക എന്നതാണ്. അത് ഏറെ സമയം എടുക്കും. 


കുറെ സമയം അവര്‍ അവിടെ നിന്നുകഴിഞ്ഞാല്‍ അവരെ ബാബു മാനേജരോ പാപ്പന്‍ ചേട്ടനോ വിളിച്ച് തെറ്റ് മനസിലാക്കി കൊടുക്കും. അതോടെ ആ പ്രശ്നം തീര്‍ത്ത് സമാധാനമായി അവര്‍ക്ക് മുല്ലപ്പന്തലില്‍ നിന്ന് മടങ്ങാം.


അടിച്ചാല്‍ തിരിച്ചടിക്കും 

അകാരണമായി ജീവനക്കാരെ ഉപദ്രവിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുതെന്ന് ബാബു മാനേജർക്ക് നിർബന്ധമുണ്ട്. മാത്രമല്ല ജീവനക്കാരോട് വലിയ സ്നേഹവുമാണ് അദ്ദേഹത്തിന്. സ്വന്തം ജീവനക്കാരെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരെ വെറുതെ വിടുന്ന ശീലം ബാബുവിനില്ല. അതിന് കൈയ്യോടെ മറുപടി ഉറപ്പ്. മുൻപ് കമ്പനിയിലെ ഒരു ഡ്രൈവരെ തല്ലിയ ആളെ കാറിൽ നിന്നിറങ്ങി തിരിച്ചടിച്ചതും സംഭവകഥ.


അനേകായിരങ്ങള്‍ അന്നമുണ്ട ഈ മുല്ലപ്പന്തലില്‍ നിന്നാണ് ബുധനാഴ്ച പ്രിയ ബാബു മാനേജരുടെയും അന്ത്യയാത്ര. ബാബു മാനേജരെ അവസാനമായി കാണാന്‍ പണ്ട് മണര്‍കാട്ട് കമ്പനിയില്‍ ജോലി ചെയ്ത് പിന്നീട് വിദേശങ്ങളില്‍ ഉള്‍പ്പെടെ എത്തി മികച്ച ജീവിതവിജയം നേടിയ പഴയ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പാലായിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


നഗരവും നഗരവികസനവും

പാലാ നഗരസഭയുമായി അഭേദ്യ ബന്ധമായിരുന്നു ബാബു മണര്‍കാട്ടിനും കുടുംബത്തിനുമുള്ളത്. 1948 -ല്‍ ആദ്യ നഗരസഭാ കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ ബാബുവിന്‍റെ പിതാവ് എം.എം ജോസഫ് ആദ്യ കൗണ്‍സിലര്‍മാരിലൊരാളായിരുന്നു. അന്ന് ആദ്യ ചെയര്‍മാനായിരുന്നത് ആര്‍.വി തോമസായിരുന്നു.

babu manarkattu

പിന്നീട് 1956 -ല്‍ ചെറിയാന്‍ കാപ്പന്‍ ചെയര്‍മാനായിരുന്ന നഗരസഭാ കൗണ്‍സിലില്‍ ജ്യേഷ്ഠന്‍ മണര്‍കാട്ട് പാപ്പനും കൗണ്‍സിലറായിരുന്നു. പിന്നീട് പാപ്പന്‍ ചേട്ടന്‍ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് ചുവടു മാറ്റിയതോടെ ബാബുവായിരുന്നു പാലാ രാഷ്ട്രീയത്തിലും നഗരസഭാ രാഷ്ട്രീയത്തിലും തിളങ്ങിയത്.

1979 മുതല്‍ 84 വരെയാണ് ബാബു പാലാ നഗരസഭയുടെ ചെയര്‍മാനായിരുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടും ലീഡര്‍ കെ കരുണാകരനോടും വലിയ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.


കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങിയ ബാബു മണർകാട്ട് തന്റെ 32 -ാം വയസിലാണു പാലാ നഗരസഭയുടെ അധ്യക്ഷനാകുന്നത്. പാലാ നഗരസഭയുടെ ചിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരുന്നു അദ്ദേഹം. 


babu manarkattu-2

1983 ലെ കൊടുംവരള്‍ച്ചയില്‍ ലോറിയില്‍ നാട്ടുകാര്‍ക്കു വെള്ളമെത്തിച്ചതും 1980 ല്‍ പാലാ ഐ.ടി.ഐ സ്ഥാപിച്ചതുമല്ലാം നേട്ടങ്ങളാണ്. പാലാ നഗരവികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി പരമലക്കുന്ന്, നെല്ലിത്താനം, കോളിനികള്‍ സ്ഥാപിച്ചു അടച്ചുറപ്പുള്ള വീടു നിര്‍മിച്ചു നല്‍കാന്‍ മുന്‍കൈയെടുത്തും അദ്ദേഹമാണ്.

'ഒണ്‍ലി മൈ ചെയര്‍മാന്‍ '- ഇന്ദിരയുടെ പ്രശംസ 


1980 ലെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കൊച്ചിയിലെ നേവിയുടെ വിമാനത്താവളത്തില്‍ എത്തിയ ഇന്ദിരാഗാന്ധിയെ സ്വീകരിക്കാനെത്തിയ ബാബു മണര്‍കാട്ടിനെ 'ഒണ്‍ലി മൈ ചെയര്‍മാന്‍ ' എന്നാണ് ഇന്ദിരാഗാന്ധി വാത്സല്യത്തോടെ വിളിച്ചത്. ആയിരകണക്കിനു തൊഴിലാളികളോടും , സാധാരണക്കാരോടും എന്നും അടുപ്പമുണ്ടായിരുന്ന ആളായിരുന്നുവെന്നു അദ്ദേഹം. 


babu manarkattu-7

പാലാ മുതല്‍ കര്‍ണാടകയിലെ ചിക്കമംഗലൂര്‍ വരെ വ്യാപിച്ച പ്‌ളാന്റ്റേഷനുകള്‍, പീരുമേട്ടിലെ തേയിലത്തോട്ടം, ഉടുമ്പന്‍ചോലയിലെ ഏലം എസ്‌റ്റേറ്റുകള്‍ ( ഗൂഡംപാറ എസ്‌റ്റേറ്റ് ), വയനാട്ടിലേയും കുടകിലേയും കാപ്പിത്തോട്ടം എന്നിവ സ്വന്തമായിരുന്നു.

ഇന്ദിയരയ്ക്ക് ആതിഥ്യം 

1978 ല്‍ ചിക്മംഗലൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇന്ദിരാഗാന്ധി വന്നപ്പോള്‍ എം.എം.ജെയുടെ പ്രശസ്തമായ മാലംബി എസ്‌റ്റേറ്റിലായിരുന്നു താമസം. മദ്യ വ്യാപാരം നിര്‍ത്തി ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് 90 കളുടെ മധ്യത്തോടെ ചുവടുകള്‍ വെച്ചു. മൂന്നാര്‍ മാട്ടുപെട്ടി റോഡില്‍ ടി ആന്‍ഡ് യു ആഡംബര ഹോട്ടല്‍, റിസോര്‍ട്ടുകള്‍ എന്നിവ ഗ്രൂപ്പ് പടുത്തുയര്‍ത്തി. 

babu manarkattu-3


തേക്കടിയിലും കൊച്ചി എം.ജി. റോഡിലെ യുവറാണി, കോഴിക്കോടിന്റെ കള്‍ച്ചറല്‍ ഐക്കണായ മഹാറാണി, പാലായില്‍ മഹാറാണി, യുവറാണി തീയേറ്ററുകള്‍, കേരളത്തിലെ പ്രധാന നഗരത്തിലൊക്കെ ഹോട്ടലുകള്‍ ഒക്കെ പാപ്പന്‍ ചേട്ടനും ബാബുവും ഉള്‍പ്പെടെയുള്ള സഹോദരങ്ങളുടെ സംരംഭമായിരുന്നു. 


സാംസ്കാരിക രംഗത്തും സജീവം

മീനച്ചില്‍ ഫാസ് പോലുള്ള സംഘടനയുടെ തുടക്കവും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. സൗഹൃദയ സമിതിയുടെ സഹകരണത്തോടെ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, എസ്.കെ. പൊറ്റക്കാട് തുടങ്ങിയ സാഹിത്യമണ്ഡലത്തിലെ പലരെയും ഒരേ വേദിയില്‍ എത്തിച്ചു. 

babu manarkattu-6


എം.എം.ജെ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ്‌റിലൂടെ കേരളത്തിലെ മുഴുവന്‍ കായിക പ്രേമികളെയും ഒരുകാലത്തു പാലായില്‍ എത്തിക്കാന്‍ അദ്ദേഹത്തിനും സഹോദരങ്ങള്‍ക്കുമായി. ഈ കാലഘട്ടത്തില്‍ നടന്ന നാഷണല്‍ മീറ്റ് വിജയകരമായി സംഘടിപ്പിച്ചതിലും ബാബു മണര്‍കാട്ടിന്റെ മികവ് വ്യക്തമാക്കുന്നതാണ്.


സി.വൈ.എം.എല്‍ നാടകസമിതിയിലൂടെ അഭിനയരംഗത്തും തുടര്‍ന്നു നാടക രംഗത്തും കൈവച്ചു. ജോസ് പ്രകാശ്, എന്‍.എന്‍ പിള്ള, യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ തുടങ്ങിയ നിരവധി കലാകാരന്മാര്‍ അദ്ദേഹത്തിന്റെ പിതാവിന്റെ നാടക കമ്പിനിയില്‍ ഉള്ളവരായിരുന്നു. ഇവര്‍ ബാബു മണര്‍കാടിന്റെ ഭവനത്തില്‍ അതിഥികളും സന്ദര്‍ശകരുമായിട്ടുണ്ട്.

[ ലേഖകന്‍ ബാബു മണര്‍കാട്ടിന്റെ കുടുംബാംഗവും സത്യം ഓണ്‍ലൈന്‍ ജി.സി.സി ചുമതലയുള്ള ഡയറക്ടറുമാണ് ]

Advertisment