വെളിച്ചിയാനി: കര്‍ഷകരുടെ കൂട്ടായ്മകള്‍ കാലാനുസൃതമായി മാറുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വെളിച്ചിയാനിയില്‍ നടന്ന ഇന്‍ഫാം ഗ്രാമസമിതി കര്‍ഷക കുടുംബസംഗമം.
'ഇന്‍ഫാം ഹലോ കിസാന്‍' എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമത്തില്‍ ഇന്‍ഫാമിന്‍റെ ഏറ്റവും താഴേ തട്ടിലുള്ള ഒരു ഗ്രാമ സമിതിയിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തു ചേര്‍ന്നത്.
ലയണ്‍സ്, ജേസിസ്, വൈഎംസിഎ ഒക്കെ പൊലെയുള്ള സംഘടനകളുടെ കുടുംബ സംഗമങ്ങളെ വെല്ലുന്നതായിരുന്നു കര്‍ഷകരുടെ കുടുംബ സംഗമം. ഒരു ഗ്രാമസമിതിയുടെ കുടുംബ സംഗമത്തില്‍ ഒത്തുചേര്‍ന്നതാകട്ടെ അറുനൂറോളം ആളുകളും. അവര്‍ ഒന്നിച്ചു ആര്‍ത്തുല്ലസിച്ച് ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്.
കര്‍ഷര്‍ ആരെയുംകാള്‍ പിന്നിലല്ല, അവരാണ് മുന്നില്‍ നില്‍ക്കേണ്ടതെന്ന തത്വവുമായി ഈ ആശയത്തിന്‍റെ ഉപജ്ഞാതാവായ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലായിരുന്നു ഉദ്ഘാടകന്‍.
ഇന്‍ഫാം അടിസ്ഥാന യൂണിറ്റായ ഗ്രാമസമിതിയിലെ അംഗങ്ങളായ കര്‍ഷക കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി സംഘടന വിഭാവനം ചെയ്തു നടപ്പിലാക്കുന്ന പ്രോഗ്രാമാണ് 'ഇന്‍ഫാം ഹലോ കിസാന്‍' എന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം - ഹലോ കിസാന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും അംഗങ്ങളുടെ കലാവാസനകളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുന്നതിനുള്ള അവസരംകൂടിയാണ് ഈ കുടുംബ സമ്മേളനങ്ങളെന്നും കര്‍ഷകന്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ് പലപ്പോഴും വീണു പോകുന്നതെന്നും കൂട്ടായ്മയിലാണെങ്കില്‍ പിടിച്ചുനില്‍ക്കാനും ചെറുത്തുനില്‍ക്കാനും സാധിക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇന്‍ഫാം സംഘടനാംഗങ്ങളായ കര്‍ഷകര്‍ക്ക് നല്‍കുന്ന മരണാനന്തര ആദരവായ 'ഇന്‍ഫാം അമര്‍ കിസാന്‍ ചക്ര'യും ഗ്രാമത്തില്‍ സംഘടനയെ നയിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള ആദരവ് - 'ഇന്‍ഫാം എക്സിക്യൂട്ടീവ് എക്സലന്‍സ് അവാര്‍ഡും' ഫാ. തോമസ് മറ്റമുണ്ടയില്‍ വിതരണം ചെയ്തു.
ഇതൊരു പുതിയ തുടക്കമാകുമോ ?
ഏതു പ്രതിസന്ധിയിലും കര്‍ഷകരെ തളരാതെ മുന്നേറാനും ആരോഗ്യകരമായ കര്‍ഷക കൂട്ടായ്മകളിലൂടെ കര്‍ഷകരെ പരസ്പരം സഹായിക്കുന്ന ഐക്യത്തിന്‍റെ സംഘങ്ങളാക്കി വളര്‍ത്താനും വേണ്ടി ഇന്‍ഫാം ഏറ്റവും പുതിയതായി വിഭാവനം ചെയ്തു നടപ്പിലാക്കുന്ന സംരംഭമാണ് 'ഇന്‍ഫാം ഹലോ കിസാന്‍' പരിപാടി.
മാറുന്ന കര്‍ഷകര്‍, വഴിമാറുന്ന ശൈലി
ഒറ്റയ്ക്കായി പോകുന്ന കര്‍ഷകന്‍ കാര്‍ഷിക തകര്‍ച്ചയില്‍ ആത്മഹത്യയില്‍ അഭയം തേടുന്നതുപോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് കര്‍ഷക കുടുംബ കൂട്ടായ്മകളുടെ ലക്ഷ്യം.
കര്‍ഷകരെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെ കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുകയാണ് ഹലോ കിസാന്‍ കൂട്ടായ്മകളിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിന്‍റെ ഭാഗമായി വെളിച്ചിയാനിയില്‍ ഇന്‍ഫാം സംഘടിപ്പിച്ച കൂട്ടായ്മയില്‍ ആട്ടവും പാട്ടും ചര്‍ച്ചകളുമൊക്കെയായി അറുനൂറോളം കര്‍ഷകരാണ് ഒത്തു ചേര്‍ന്നത്.
മറ്റ് ഗ്രാമസമതികളിലൂടെയും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് ഇന്‍ഫാം ദേശീയ നേതൃത്വത്തിന്‍റെ ആഹ്വാനം. പങ്കെടുത്ത കുടുംബക്കാര്‍ക്ക് ഇന്‍ഫാം വക മധുരം പകര്‍ന്നുകൊണ്ടുള്ള തേന്‍ പായ്ക്കറ്റും വിതരണം ചെയ്തു.
ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി അധ്യക്ഷതവഹിച്ചു.
താലൂക്ക് പ്രസിഡന്റ് ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഗ്രാമസമിതി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ഗ്രാമസമിതി പ്രസിഡന്റ് സോമര്‍ പ്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ബോബി മാത്യു നരിമറ്റം, സെക്രട്ടറി തോമസുകുട്ടി സെബാസ്റ്റ്യന്‍ വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഇന്‍ഫാം കുടുംബാംഗങ്ങളായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, സ്നേഹവിരുന്ന് എന്നിവയ്ക്കും ശേഷം മണിക്കൂറുകള്‍ പിന്നിട്ടാണ് കുടുംബസംഗമം സമാപിച്ചത്.