കോട്ടയം: കത്തോലിക്കാ സഭയുടെ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാതെ വിമത നീക്കം നടത്തിയ വൈദികരുടെ അപ്പീല്‍ തള്ളി വത്തിക്കാന്‍.
ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ മാര്‍പാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാല്‍ മുന്‍ സര്‍ക്കുലര്‍ പ്രകാരം വലിയ മഹാറാന്‍ ശിക്ഷ (കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കല്‍) യ്ക്കു സാധ്യത.
നടപടികള്‍ സ്ഥിരീകരിച്ച് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഇന്ത്യയിലെ അപ്പോസ്‌തോലിക് നൂണ്‍സിയേച്ചറിന്റെ നിര്‍ദേശം ലഭിച്ചു.
2024 ജൂണ്‍ 9ന് മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിസ്‌ട്രേറ്ററും സംയുക്തമായി പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ചില വിമത വൈദികര്‍ നല്‍കിയ അപ്പീലാണ് തള്ളിയത്.
സര്‍ക്കുലറിനെതിരെ ഒരുകൂട്ടം വൈദികര്‍ നല്‍കിയ ഹര്‍ജി വത്തിക്കാൻ സൂക്ഷ്മമായി പരിശോധിച്ചു. കിഴക്കന്‍ സഭയുടെ ഡിക്കാസ്റ്റിയുടെ സുപ്രധാന നിരീക്ഷണങ്ങളും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്.
അതിരൂപതയിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ സീറോ മലബാര്‍ സിനഡിന്റെ തീരുമാനങ്ങള്‍ പാലിക്കാന്‍ ഉള്ള കടമ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. ദിവ്യബലി ആഘോഷത്തിലുണ്ടാകുന്ന തെറ്റുകള്‍ തിരുത്തണം.
സര്‍ക്കുലറിലെ രണ്ടാം നമ്പര്‍ ഇട്ട് പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തത് 'ശീശ്മ'യ്ക്കു സമമായ ബഹിഷ്‌കരണമാണ്. കൂടാതെ കാനോന്‍ നിയം 1446 അനുസരിച്ചു നേതൃത്വത്തോടുള്ള അനുസരണക്കേട് പ്രകടമാണ്.
അതിനാൽ അതിരൂപതയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തിന്റെ ശിക്ഷ കാനോന്‍ നിയമം 1405 പ്രകാരം നടക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മെത്രാന്‍ സിനഡിനെ അനുസരിക്കാത്തവര്‍ക്കും പുറത്താക്കലിന് സമാനമായ ശിക്ഷ ഉണ്ടാകും.
മേജര്‍ ആര്‍ച്ചു ബിഷപ്പിന് തന്റെ അതിരൂപതിയില്‍ നിയമ നിര്‍മാണത്തിന് അധികാരമുള്ളതിനാല്‍ പ്രത്യേക ശിക്ഷാ നിയമങ്ങള്‍ പ്രഖ്യാപിക്കാനും ഉന്നതാധികാരികള്‍ പറത്തിറക്കുന്ന നിയമങ്ങളുമായി അനുയോജ്യമായ ശിക്ഷകള്‍ ഉള്‍പ്പെടുത്താനും സാധാരണ നിയമത്തില്‍ നിര്‍വചിക്കാത്ത ശിക്ഷകള്‍ നടപ്പാക്കാനും അധികാരം ഉണ്ട്.
മേല്‍പ്പറഞ്ഞ സര്‍ക്കുലറില്‍ ഉള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും സഭാ ശിക്ഷാ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. കൂടാതെ ചില പുരോഹിതര്‍ നല്‍കിയ ഹര്‍ജി വ്യക്തിഗതവിഷയമായി പരിഗണിക്കപ്പെടാത്തിനാല്‍ ഇത് ഒരു അപ്പീലായി പോലും പരിഗണിക്കാന്‍ സാധിക്കില്ലെന്നും അപ്പസ്‌തോലിക് നൂണ്‍സ്യോയുടെതായി പുറത്തിറങ്ങിയിരിക്കുന്ന കത്തില്‍ പറയുന്നു.
വിമത വിഭാഗം വൈദികര്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഹര്‍ജി തള്ളിയത്. സഭാ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധിക്കുന്ന വൈദികര്‍ക്ക് പുറത്തേക്കുള്ള വഴി ഇതോടെ തുറന്നിടുകയാണ് വത്തിക്കാന്‍.