കോട്ടയം: മദ്യവും പുകവലിയും ലഹരി ഉപയോഗവും യുവാക്കളുടെ ജീവിത ശൈലി പാടേ മാറി. പുതിയ ജീവിത ശൈലി യുവാക്കള്‍ക്കിടയി പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും ഇതു മൂലം ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണു പക്ഷാഘാതം.
ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട് എന്നാണു കണക്കുകള്‍. രോഗിയെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മസ്തിഷ്‌കാഘാതം അല്ലെങ്കില്‍ മരണം വരെ സംഭവിക്കുമെന്നു വിദഗ്ദ്ധര്‍ പറയുന്നു.
50 വയസ് കഴിഞ്ഞവരിലായിരുന്നു മുന്‍പു പക്ഷാഘാതം കൂടുതലായി കണ്ടിരുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും പക്ഷാഘാത സാധ്യത വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍.
ഉയര്‍ന്ന മദ്യപാനം യുവാക്കളില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
മദ്യം തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസപ്പെടുത്തും. ഇതു തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും രക്തസമ്മര്‍ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ എന്നിവ വര്‍ധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിലേക്കും നയിക്കുന്നു.
അമിത വണ്ണം, പ്രമേഹം, സമ്മര്‍ദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്കു പുറമെ മദ്യപാനവും പുകയില ഉപയോഗവും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മറ്റു രണ്ടു പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിനു ദീര്‍ഘകാല ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
ഇടയ്ക്കുള്ള അമിതമായ മദ്യപാനമാണ് ഏറെ ദോഷം ചെയ്യുന്നതെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു ശരീരത്തില്‍ പെട്ടെന്നു നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ഇതു രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മദ്യം ഒരു തുള്ളി ആണെങ്കില്‍ പോലും അത് ആരോഗ്യത്തിനു ഹാനികരമാണ്. മദ്യപാനം ഒഴിവാക്കുന്നതു യുവാക്കളില്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനു നിര്‍ണായകമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
മസ്തിഷകത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനം പെട്ടെന്നു കുറയുകയാണെങ്കില്‍ ഇതു ഗൗരവമായെടുക്കണം. ഒരു ഭാഗത്തെ കൈക്കോ കാലിനോ മരവിപ്പ്, തളര്‍ച്ച, ചുണ്ട് കോടിപ്പോകുക, സംസാരിക്കുമ്പോള്‍ കുഴഞ്ഞുപോകുക തുടങ്ങിയവയാണു സാധരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയെ എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കണം. ബ്ലോക്ക് വന്നാല്‍ ധമനികളില്‍ തുടര്‍ച്ചയായി തകരാറു സംഭവിച്ചുകൊണ്ടിരിക്കും.
തലച്ചോറിലെ ഞരമ്പുകളില്‍ തകരാറു വന്നാല്‍ അതു സ്ഥായിയാണ്. എത്രയും വേഗത്തില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കുന്നോ അതനുസരിച്ചു രോഗിക്കുണ്ടാകുന്ന ആഘാതവും കുറഞ്ഞിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.