Advertisment

ചോദിക്കുന്നത് അപ്പോള്‍ കിട്ടണം, ഇല്ലേല്‍ ജീവന്‍ തന്നെ ഹോമിക്കും. നിസാര കാരണങ്ങളാല്‍ ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നു. മൊബൈല്‍ ഫോണും മാനസിക സംഘര്‍ഷവും വില്ലന്മാര്‍

കൗമാരപ്രായക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന വലിയൊരു പ്രശ്‌നമായി ആത്മഹത്യാ പ്രവണത മാറിക്കഴിഞ്ഞു. അമിതമായ നിരാശയോ വലിയ പ്രശ്‌നങ്ങളോ മുതല്‍ ചെറിയ കാരണങ്ങള്‍ പോലും ഇത്തരം കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു.

New Update
stress
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: പിടിവാശിയുടെയും മനോവിഷമത്തിന്റെയും പേരില്‍ ജീവനൊടുക്കി കുട്ടികള്‍. സംസ്ഥാനത്തു കുട്ടികളിലെ ആത്മഹത്യാ നിരക്ക് ആശങ്കപ്പെടും വിധം ഉയരുന്നു.

Advertisment

ഇന്നലെ മലപ്പുറം ചേളാരിയില്‍ 13 കാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതാണു ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു പോലീസ് പറഞ്ഞത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ സ്വദേശിയായ 13 കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാനസിക പീഡനം ആരോപിച്ചു മാതാപിതാക്കള്‍ രംഗത്തു വന്നിരുന്നു.

വിഴിഞ്ഞത്തു പ്ലസ് ടു പരീക്ഷയിലെ തോല്‍വിയില്‍ മനംനൊന്തു വിദാര്‍ഥി ആത്മഹത്യ ചെയ്തതു മെയിലാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഇത്തരം വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നതു വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയാണ്. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരില്‍ അറുനൂറിലധികം പേര്‍ കുട്ടികളാണെന്നതു മലയാളിയെ ഞെട്ടിക്കുന്ന കണക്കാണ്.


2019ല്‍ 230 കുട്ടികളാണു കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ്. 2020ല്‍ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍ കുട്ടികളും, 169 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 2022 ആയപ്പോള്‍ ആത്മഹത്യ നിരക്കു പിന്നെയും വര്‍ധിച്ചു. ഇക്കാലയളവില്‍ ആത്മഹത്യ നിരക്ക് 345 ആയും ഉയര്‍ന്നു.


2022ല്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തില്‍ നിന്നു മോചനം കിട്ടാത്ത നിരാശയില്‍ തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു. തന്റെ അനിയത്തിക്ക് ഒരു കാരണവശാലും മൊബൈല്‍ കൊടുക്കരുതെന്നും തന്റെ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നുമുള്ള ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷമായിരുന്നു കുട്ടി ആത്മഹത്യ ചെയതത്.

കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നതായും കണക്കുകള്‍ പറയുന്നു.


മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണു കുട്ടികളുടെ ആത്മഹത്യ കൂടുതല്‍. വിദ്യാഭ്യാസം കൊണ്ടും സാമൂഹിക സാഹചര്യങ്ങളാലും മുന്നില്‍ നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കുട്ടികളുടെ ആത്മഹത്യ നിരക്ക് ഏവരെയും ഞെട്ടിക്കുന്നതാണ്.


കൗമാരപ്രായക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന വലിയൊരു പ്രശ്‌നമായി ആത്മഹത്യാ പ്രവണത മാറിക്കഴിഞ്ഞു. അമിതമായ നിരാശയോ വലിയ പ്രശ്‌നങ്ങളോ മുതല്‍ ചെറിയ കാരണങ്ങള്‍ പോലും ഇത്തരം കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു. പലപ്പോഴും ഒറ്റപ്പെടലാണു കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നത്.

കുടുംബാംഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘര്‍ഷം, മയക്കു മരുന്നിന്റെ ഉപയോഗം തുടങ്ങിയവ കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന കാരണങ്ങളായി മാറുന്നു എന്നും പഠന റിപ്പോര്‍ട്ടുകളുണ്ട്.


മാനസിക സംഘര്‍ഷം, കുടുംബ പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ നിയന്ത്രണങ്ങളോടുള്ള അതൃപ്തി, കുടുംബാംഗങ്ങളും കുട്ടികളുമായുള്ള തര്‍ക്കം, പ്രണയ പരാജയം എന്നിവയ്ക്കു പുറമെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച മുതല്‍ പഠനവൈകല്യം വരെ കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു.


കോവിഡ് കാലത്തു കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ സജീമായി നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇവ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാരിനു വീഴ്ചപറ്റിയതായാണു ഇപ്പോഴത്തെ ആത്മഹത്യാ നിരക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisment