കോട്ടയം: സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോനയുമായി മോട്ടോര്‍വാഹന വകുപ്പ്. കോട്ടയം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് വാഹനപരിശോധന നടത്തിയത്. 103 വാഹനങ്ങളിലാണു പരിശോധന നടനന്നത്. പല ബസുകളിലും നിയമലംഘനങ്ങള്‍ കണ്ടെത്തി 120,000 രൂപ പിഴ ഈടാക്കി.
സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ സാധ്യത കണക്കിലെടുത്ത് കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സി.ശ്യാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്.
പരിശോധനയില്‍ 14 സ്വകാര്യ ബസുകളുടെ സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ കണ്ടെത്തി. ഈ വാഹനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദേശം നല്‍കി.
ഇത്തരം വാഹനങ്ങളുടെ ക്രമക്കേടുകള്‍ പരിഹരിച്ച ശേഷം കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍.ടി.ഒ മുന്‍പാകെ വാഹനം ഹാജരാക്കിയ ശേഷമേ സര്‍വീസ് നടത്താന്‍ പാടുള്ളൂയെന്നു നിര്‍ദേശം നല്‍കി. അമിത ശബ്ദത്തിലുള്ള എയര്‍ ഹോണ്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച 15 ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
എം.വി.ഐമാരായ ബി.ആശാകുമാര്‍, ജോസ് ആന്റണി, എ.എം.വി.ഐമാരായ മനോജ് കുമാര്‍, ഗണേഷ് കുമാര്‍, സജിത്ത്, രജീഷ്, സെബാസ്റ്റ്യന്‍, രാജു ,ദീപു ആര്‍.നായര്‍, ഡ്രൈവര്‍മാരായ അനീഷ് ഫ്രാന്‍സിസ്, ജയരാജ് തുടങ്ങിയവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.
വരും ദിവസങ്ങളിലും ജില്ലയിലെ മറ്റു താലൂക്കുകളിലും കര്‍ശന വാഹന പരിശോധന നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.