പാലാ: ഒരുകാലത്ത് പാലായ്ക്ക് അസാധ്യമെന്ന് തോന്നുകയും നിരവധി വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത മാര്‍ സ്ലീവാ മെഡിസിറ്റി ഇന്ന് അക്ഷരാര്‍ഥത്തില്‍ പാലായുടെ അഭിമാനമായാണ് അഞ്ചാം വര്‍ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്.
ബാലാരിഷ്ടതകളുടെ എല്ലാ പ്രശ്നങ്ങളും കുറവുകളും ഒരുവശത്ത് നിലനില്‍ക്കുമ്പോഴും ഭാവിയിലേയ്ക്ക് പ്രതീക്ഷ നല്‍കുന്ന വലിയൊരു സംരംഭമായി മാര്‍ സ്ലീവാ മെഡിസിറ്റി മാറിയിട്ടുണ്ട്.
പാലാ രൂപതയുടെ കീഴില്‍ മെഡിസിറ്റി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുന്നോട്ടു വച്ച ലക്ഷ്യം കുറഞ്ഞ ചെലവില്‍, ഏറ്റവും മികച്ച ആധുനിക ചികിത്സ പാലായില്‍ ലഭ്യമാക്കുക എന്നതായിരുന്നു.
ഗുണനിലവാരത്തിനരികെ, ചിലവ് കുറവും
പ്രവര്‍ത്തനം ആരംഭിച്ചു അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉദ്ദേശ ശുദ്ധി അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ലക്ഷ്യത്തിലേയ്ക്കുള്ള സഞ്ചാരപാതയിലാണ് ഈ സ്ഥാപനം എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.
പാലക്കാര്‍ക്ക് മാത്രമല്ല ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ആളുകള്‍ക്കും ഏറെ ആശ്വാസമാണ് ഈ സ്ഥാപനം. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ കേരളത്തില്‍ ഏറ്റവും കുറവ് നിരക്കുള്ള ആശുപത്രിയാണ് ഇതെന്ന് നിസംശയം പറയാം.
ബാലാരിഷ്ടതകളേറെ
കുറവുകള്‍ ഒരുപാടുണ്ട് എന്നത് ശരിതന്നെ. മിസ് മാനേജ്മെന്‍റ് ആണ് പ്രധാന വെല്ലുവിളി. മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍സ് ഒക്കെ പരമ ദയനീയം.
കാന്‍റീനിലെ സൗകര്യങ്ങളും ബില്‍ തുകയും സ്റ്റാര്‍ ഹോട്ടലുകളോട് കിടപിടിക്കുമെങ്കിലും ഭക്ഷണത്തിന്‍റെ നിലവാരവും ഏറെ ദയനീയം തന്നെ. വാങ്ങുന്ന പണത്തിനനുസരിച്ചുള്ള രുചിയിലും ഗുണത്തിലും ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകം തന്നെ.
അതിവിദഗ്ദ്ധ ഡോക്റ്റര്‍മാരുടെ വമ്പന്‍ നിരതന്നെ ഉണ്ടാകും എന്നായിരുന്നു തുടക്കകാലത്തെ പ്രതീക്ഷ എങ്കിലും അക്കാര്യത്തിലും അത്രകണ്ട് വിജയിക്കാനായിട്ടില്ല. എങ്കിലും ഇരുനൂറിലധികം വരുന്ന ഡോക്ടര്‍മാരില്‍ പകുതിയില്‍ താഴെ പേരെങ്കിലും പ്രഗല്‍ഭര്‍തന്നെ.
അതിപ്രശസ്ത ഡോക്ടര്‍മാരുണ്ടോ ?
ഒരാശുപത്രിയുടെ തലപ്പൊക്കത്തിനൊപ്പം അവിടുത്തെ ചില ഡോക്ടര്‍മാരുടെ പേരുകള്‍കൂടി ഉയര്‍ന്നുനില്‍ക്കുമ്പോഴാണ് അവിടം ജനങ്ങളുടെ യഥാര്‍ത്ഥ പ്രതീക്ഷ ആകുന്നത്.
ലിസിയില്‍ ഡോ. ജോസ് പെരിയപ്പുറം പോലെ, ലേക്‌ഷോറിൽ ഗംഗാധരന്‍ ഡോക്ടറേപ്പോലെ, ലൂര്‍ദില്‍ ഡോ. ജോര്‍ജ് തയ്യിലിനേപ്പോലെ, കിംസില്‍ ഡോ. വേണുഗോപാല്‍ പോലെയുള്ള ഡോക്ടര്‍മാര്‍ ഉള്ളത് ബിസിനസ് മാത്രമല്ല ആ ആവശ്യത്തിന് ചികിത്സ തേടേണ്ടി വരുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അതൊരു ആശ്വാസം കൂടിയാണ്.
ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്ന ഒരു രോഗിയ്ക്ക് ഡോ. ജോസ് പെരിയപ്പുറത്തിന്റെ ചികിത്സയിലാണ് എന്നു പറയുമ്പോള്‍ തന്നെ പാതി അസുഖം മാറി ആത്മവിശ്വാസത്തിലാകും.
ആ ഒരു കുറവ് മാര്‍ സ്ലീവയില്‍ ഉണ്ട്. ആശുപത്രിയുടെ തലയെടുപ്പിനൊപ്പം പ്രശസ്തരായുള്ള ഡോക്ടര്‍മാരിവിടെയില്ല. അതേസമയം എത്തുന്ന രോഗികളുടെ ഹൃദയം കവര്‍ന്ന ചില ഡോക്ടര്‍മാര്‍ അവിടെ ഉണ്ടെന്നതും പറയാതിരിക്കാനാകില്ല.
ആധുനികത ശരി, പ്രൊഫഷണലിസം പോരാ
എങ്കിലും ഇന്ന് അന്‍പതോളം വിഭാഗങ്ങളിലായി ഇരുനൂറിലധികം ഡോക്ടര്‍മാരാണ് മെഡിസിറ്റിയില്‍ സേവനം ചെയ്യുന്നത്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായ മെഡിസിറ്റിയില്‍ കിടത്തി ചികിത്സയ്ക്കായി 648 ബെഡുകളാണുള്ളത്.
ജീവനക്കാര്‍ പ്രത്യേകിച്ച് നഴ്സുമാര്‍ ആവശ്യത്തിനുണ്ടെങ്കിലും രോഗികളോടും കൂടെയെത്തുന്നവരോടുമുള്ള ഇവരുടെ പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ട്.
ചികിത്സയുടെ കുറവ് പരാതി പറയാനായി വിളിച്ച രോഗിയുടെ ബന്ധുവിനോട് ചികിത്സയുടെ കാര്യം നോക്കാന്‍ ഡോക്ടര്‍മാരുണ്ട്, വേറെന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ ഡയറക്ടര്‍മാരുമുണ്ട്.
ചെറിയ പ്രൊഫഷണലിസം കൊണ്ട് പരിഹരിക്കാവുന്നതൊക്കെയേ ഉള്ളു ഇതെല്ലാം. ജീവനക്കാര്‍ക്ക് ചെറിയ പരിശീലനവും മതിയാകും.
സന്നാഹങ്ങള്‍ അത്യുഗ്രം
വൃത്തിയുള്ള ചുറ്റുപാടുകള്‍, ആവശ്യത്തിന് ജീവനക്കാര്‍, പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം, അത്യാധുനിക ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതിക മികവ്, സര്‍വസജ്ജമായ അത്യാഹിത തീവ്രപരിചരണ വിഭാഗങ്ങള്‍, അതിനൂതനവും സങ്കീര്‍ണവുമായ ശസ്ത്രക്രിയകള്‍, വിവിധ ചികിത്സകളുടെ ലഭ്യത എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കുണ്ട്.
ആധുനികതയുടെ പരമാവധി
കാത്‌ലാബ്, 128 സ്ലൈസ് സിടി സ്‌കാന്‍, 3 തെസ്ലാ എം.ആര്‍.ഐ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമാ കെയര്‍, 26 ബെഡുകള്‍ ഉള്ള എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്നിങ്ങനെ ഏതു തരം അടിയന്തിര സാഹചര്യങ്ങളേയും നേരിടാന്‍ സജ്ജമാണ്.
ട്രയേജ് യൂണിറ്റ്, അണുനാശിനി മുറി, ഐസോലേഷന്‍ റൂം, നിയോനറ്റല്‍ കെയര്‍, ഒബ്‌സര്‍വേഷന്‍ ഏരിയ, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, റേഡിയോളജി യൂണിറ്റ്, ട്രോമ കെയര്‍, ഫാസറ്റ്ട്രാക് ഒ.പി എന്നിവ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സജ്ജമാണ്.
ബി. മൊബെല്‍ ഐ.സി.യുകള്‍ക്കൊപ്പം ഗുരുതര പരുക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രീ ഹോസ്പ്പിറ്റല്‍ പരിചരണത്തില്‍ പ്രാവീണ്യം നേടിയ മെഡിക്കല്‍ സ്റ്റാഫുകളും മെഡിസിറ്റിയുടെ പ്രത്യേകതയാണ്. ബി.
മെഡിക്കല്‍ കോളേജുകളെ വെല്ലുന്ന സംവിധാനങ്ങള്‍
അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ ചെയ്യാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തിയറ്ററുകള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡിന്റെ ഉപയോഗം എന്നീ സൗകര്യങ്ങള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മെഡിക്കല്‍ കോളജ് ആശുപത്രികളെപോലും വെല്ലുന്നതാണ്.
ഹൃദ്രോഗ ചികിത്സയില്‍ ഒന്നാംനിരയിലേയ്ക്ക്
ഹൃദ്രോഗചികിത്സയില്‍ സമഗ്രവും സംയോജിതവുമായ ചികിത്സയും ഗവേഷണവും ഒരുക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സസ് വിഭാഗത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 8 കാര്‍ഡിയോളജിസ്റ്റുകള്‍ ഉന്നത നിലവാരത്തിലുള്ള ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഹൃദ്രോഗ വിഭാഗത്തില്‍ 65,000ല്‍ പരം ആളുകള്‍ ചികിത്സ തേടിയിരുന്നു. മള്‍ട്ടി ഡിസിപ്ലിനറി ടീം, അഡ്വാന്‍സ്ഡ് ഡയഗനോസ്റ്റിക് ആന്‍ഡ് ട്രീറ്റ്‌മെന്റ് ടീം, കോംപ്രിഹെന്‍സീവ് രോഗി പരിചരണം, ടെലിമെഡിസിന്‍, ഓഡിറ്റ്‌സ് ആന്‍ഡ് ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് എന്നിവയും പ്രത്യേകതയാണ്.
വിഡിയോ ഇഇജി ലാബ്, ലെവല്‍ വണ്‍ സ്ലീപ് സ്റ്റഡി ലാബ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണു ന്യൂറോളജി വിഭാഗത്തിലുള്ളത്.. ഓങ്കോളജി യൂണിറ്റില്‍ കീമോതെറാപ്പി, ഇമ്യൂണോതെറാപ്പി തുടങ്ങിയ ചികിത്സയും ലഭ്യമാണ്. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗവുമുണ്ട്.
സെന്‍റര്‍ ഫോര്‍ എക്സലന്‍സ് !
ഇ.ആര്‍.സി.പി ഉള്‍പ്പെടെ നൂതന ചികിത്സാസൗകര്യങ്ങളുള്ള മെഡിക്കല്‍ ഗാസ്‌ട്രോ എന്റോളജി വിഭാഗവും സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്റോളജി വിഭാഗവും ഇവിടെയുണ്ട്.
എന്‍ഡോക്രൈനോളജി, ഓര്‍ത്തോപീഡിക്‌സ്, ഫിസിയോതെറപ്പി വിഭാഗങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
ക്ലോസ്ഡ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഹീമോ ഡൈനാമിക് മോണിറ്ററിങ്, എക്കോ കാര്‍ഡിയോഗ്രാഫി, എമര്‍ജന്‍സി ഡയാലിസിസിനുള്ള സൗകര്യം എന്നിവയെല്ലാം ലഭ്യമാണ്. പീഡിയാട്രിക് വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി മാറിക്കഴിഞ്ഞു.
വിശ്വസിക്കാം ശസ്ത്രക്രിയകള്‍
നെഫ്രോളജി, അനസ്തീസിയോളജി വിഭാഗവും എല്ലാ സൗകര്യവുമുള്ള സര്‍ജിക്കല്‍ ഐ.സി.യുവുമുണ്ട്. ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, കോസ്മറ്റോളജി, സൈക്കാട്രി, ക്ലിനിക്കല്‍ സൈക്കോളജി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.
ഗൈനക്കോളജി, ഇഎന്‍ടി, ഹെഡ് നെക്ക് സര്‍ജറി, ജനറല്‍ സര്‍ജറി, ഡെന്റല്‍ മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി, പള്‍മനോളജി വിഭാഗങ്ങളുമുണ്ട്. പാലിയേറ്റീവ് യൂണിറ്റും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സേവനം 24 മണിക്കൂറും
24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ലാബും ബയോകെമിസ്ട്രി, ഇമ്മ്യൂണോകെമിസ്ട്രി,
പതോളജി, ഹെര്‍മറ്റോളജി, മൈക്രോബയോളജി, സീറോളജി എന്നിവയില്‍ ക്ലനിക്കല്‍ സേനവങ്ങളും ലഭ്യമാണ്.
കൂടാതെ ലബോറട്ടറി മെഡിസിന്‍ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി.ഡി രക്ത ശേഖരണ സൗകര്യം(ഫ്‌ളെബോടോമി യൂണിറ്റ്) ഉണ്ട്. ഡി.എന്‍.എ പരിശോധന ഉള്‍പ്പടെ മൊളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടക്കുന്നു.
രാജ്യാന്തര നിലവാരത്തിലുള്ള ലാബ് സൗകര്യങ്ങള്‍
റേഡിയോളജി ഡിപ്പര്‍ട്ട്‌മെന്റില്‍ 128 സ്ലൈഡ് സിടി, 3ടെസ്ല എം.ആര്‍.ഐ,ഡിജിറ്റല്‍ എക്‌സറേ, ബി.എം.ഡി. സ്‌കാനര്‍, സെനോഗ്രാഫ് ക്രിസ്റ്റല്‍ ഡിജിറ്റല്‍ മാമോഗ്രാം, 3ഡി,4ഡി അള്‍ട്രാ സൗണ്ട് മെഷീനുകള്‍ എന്നിങ്ങനെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെഡിക്കല്‍ ഉപകരണങ്ങും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ആശപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ എം.ആര്‍.ഐ സിസ്റ്റം ഉയര്‍ന്ന നിലവാരത്തില്‍ സ്‌പെക്ട്രം ഇമേജിങ് പഠനങ്ങള്‍ നടത്താന്‍ കഴിവുള്ളതാണ്.
മോഡേണ്‍ മെഡിസിനൊപ്പം ആയുര്‍വേദ, ഹോമിയോ, നാചുറോപതി ചികിത്സകളും മാര്‍സ്ലീവാ മെഡിസിറ്റി എന്ന വലിയ കുടയുടെ തണലിലുണ്ട്.
ഒരു ബിഷപ്പിന്‍റെ ഇച്ഛാശക്തി
സാധാരണ വമ്പന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളാണ് ഇത്തരം രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികളൊക്കെ സ്ഥാപിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഏത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പിന്നില്‍ പാലായുടെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് എന്ന ഒറ്റ വ്യക്തിയുടെ ഇച്ഛാശക്തിയാണ്.
പാലായില്‍ നിന്നുകൊണ്ട് ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. പക്ഷേ അതിലൊന്നും തളരാതെ എത്ര വലിയ മാനേജ്മെന്‍റ് വിദഗ്ദ്ധനെയും ഐഎഎസ് ഓഫീസര്‍മാരേപ്പോലും കടത്തിവെട്ടുന്ന ഇച്ഛാശക്തിയാണ് മാര്‍ കല്ലറങ്ങാട് പ്രകടിപ്പിച്ചത്. അത് പാലായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാകും.