കോട്ടയം: വരുമാനത്തില്‍ നേട്ടം ഉണ്ടാക്കിയിട്ടും കോട്ടയത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചു റെയില്‍വേ. പുതിയ കണണക്കുകള്‍ പ്രകാരം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും വരുമാനവും യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 21.11 കോടിയുടെ വരുമാനം കോട്ടയം സ്റ്റേഷനു വര്‍ധിച്ചത്. തിരുവനന്തപുരം ഡിവിഷനില്‍ ഏറ്റവും വരുമാനമുള്ള ആറാമത്തെ സ്റ്റേഷനായി കോട്ടയം മാറി. നേരത്തേ എട്ടാം സ്ഥാനത്തായിരുന്നു. ആലുവ, നാഗര്‍കോവില്‍ ജങ്ഷന്‍ സ്റ്റേഷനുകളെ മറികടന്നാണു കോട്ടയം മികവറിയിച്ചത്. നോണ്‍ സബേര്‍ബന്‍ ഗ്രൂപ്പ് (എന്‍.എസ്.ജി) 3 വിഭാഗത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ ഏറ്റവും വരുമാനമുള്ള സ്റ്റേഷനായി കോട്ടയം.
എന്നാല്‍, പുതിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും കോട്ടയത്തെ റെയില്‍വേ സ്‌റ്റേഷനുകള്‍ അവഗണനയിലാണ്. കോട്ടയത്തെ ടെര്‍മിനല്‍ സ്റ്റേഷനാക്കി മാറ്റി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യത്തോടു റെയില്‍വേ മുഖംതിരിച്ചു നില്‍ക്കുന്നു.
ഇരട്ടപ്പാത യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ ട്രെയിനുകള്‍ കോട്ടയം വഴി ഓടുമെന്ന പ്രതീക്ഷ ഇനിയും യാഥാര്‍ഥ്യമായില്ല. കോട്ടയത്തുനിന്ന് കൊല്ലം എറണാകുളം ഭാഗങ്ങളിലേക്ക് കൂടുതല്‍ പാസഞ്ചര്‍/ മെമു ട്രെയിനുകളാണ് യാത്രക്കാരുടെ ആവശ്യം. ഇതു നടപ്പായാല്‍ നിരവധി പേര്‍ക്കാണു ഗുണം ചെയ്യുക. റെയില്‍വേയുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. പക്ഷേ, ആവശ്യം അംഗീകരിക്കാന്‍ റെയില്‍വേ തയാറല്ല.
നിലവില്‍ എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ബംഗളൂരു ഇന്റര്‍സിറ്റി, പാലക്കാട്-എറണാകുളം മെമു, പുണെ എക്സ്പ്രസ് എന്നിവ കോട്ടയം വരെ നീട്ടാമെങ്കിലും റെയില്‍വേ അനുഭാവപൂര്‍ണമായ നടപടി സ്വീകരിച്ചിട്ടില്ല.
ആഴ്ചയില്‍ രണ്ടുദിവസമുള്ള കൊച്ചുവേളി-മുംബൈ ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ദിവസേന സര്‍വീസ് നടത്തുക. തിരുവന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് കോട്ടയം വഴി രാത്രി സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍.നിലവില്‍ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് നടത്തുന്ന തിരുവന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് പ്രതിദിനമാക്കുക തുടങ്ങി കോട്ടയത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. പക്ഷേ ഒന്നും പരിഗണിക്കില്ലെന്നു മാത്രം.
യാത്രക്കാരുടെ വര്‍ധനയ്ക്ക് ഒപ്പം ശബരിമല സീസണില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ കൂടുതല്‍ കോട്ടയത്തുനിന്നു കൈകാര്യം ചെയ്തതു ഗുണമായിരുന്നു. ചെന്നൈയില്‍നിന്നുള്ള വന്ദേഭാരത് സ്‌പെഷല്‍ ഉള്‍പ്പെടെ 30 ശബരിമല ട്രെയിനുകളാണു കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെ കോട്ടയം സ്റ്റേഷന്‍ കൈകാര്യം ചെയ്തത്. ശബരിമല സീസണ്‍ കഴിഞ്ഞാലും ഈ ട്രെയിനുകള്‍ തുടരണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും റെയില്‍വേ കനിഞ്ഞില്ല.
ഹാള്‍ട്ട് സ്റ്റേഷനുകള്‍ അടക്കം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും വരുമാനവും യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചതു കണക്കിലെടുത്തു ഇനിയെങ്കിലും കൂടുതല്‍ സൗകര്യങ്ങളും ട്രെയിനുകളും അനുവദിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.