കോട്ടയം: പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സര്‍ക്കാരിനെതിരായ വാര്‍ത്തകളും കളം നിറഞ്ഞതോടെ ബാര്‍ക്ക് റേറ്റിങ്ങില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം 24 ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയുമാണ്.
മലയാളത്തിലെ ഏറ്റവും ആദ്യത്തെ വാര്‍ത്താ ചാനലും വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഒന്നാം സ്ഥാനത്തേക്ക് ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന 24 ന്യൂസ് ഉയര്‍ന്നു വന്നത്.
രണ്ടാം സ്ഥാനത്തേയ്ക്ക് റിപ്പോര്‍ട്ടര്‍ ചാനലും എത്തിയതോടെ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
നഷ്ടപ്രതാപം വീണ്ടെടുത്തു !
കഴിഞ്ഞ 25 വര്‍ഷമായി മലയാളം വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിങില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്‍തളളിയെന്നത് 24 ന്യൂസിന് വലിയ നേട്ടമായിരുന്നു സമ്മാനിച്ചത്.
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലും പിന്നീട് ഉണ്ടായ വയനാട് ദുരന്തവുമൊക്കെയായിരുന്നു 24നെയും റിപ്പോര്‍ട്ടറെയും മുന്‍പന്തിയില്‍ എത്തിച്ചത്. പിന്നാലെ വന്ന സിനിമാ വിവാദങ്ങളിലെ റിപ്പോര്‍ട്ടിങ് ആദ്യ ആഴ്ച 24 ന്യൂസിനെ തുണച്ചെങ്കിലും ഏഷ്യാനെറ്റ് നില മെച്ചപ്പെടുത്തിയതോടെ റപ്പോര്‍ട്ടര്‍ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പിന്നീട് പി.വി. അന്‍വര്‍ എംഎല്‍എ എഡിജിപി അജിത്ത് കുമാറിനെതിരെ പുറത്തുവിട്ട വെളിപ്പെടുത്തലുകളും ആരോപണങ്ങളും പിന്നീട് മുഖ്യന്ത്രിക്കും പി ശശിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളും കൃത്യതയാര്‍ന്ന കണ്ടന്‍റ് കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിലൂടെ ഏഷ്യാനെറ്റിനെ കൈവിട്ട പ്രേക്ഷകരില്‍ കുറെയെങ്കിലും ആളുകളെ തിരികെ എത്തിക്കാനായി.
എല്ലാ വ്യാഴാഴ്ചയുമാണു ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിന്റ (Broadcast Audience Research Council – BARC) റേറ്റിങ് വിവരങ്ങള്‍ പുറത്തു വരുന്നത്.
8 പോയിന്‍റുകളുടെ ആധിപത്യം
തൊട്ടുമുന്‍പുള്ള 4 ആഴ്ചകളിലെ ശരാശരി ആണ് ഓരോ ആഴ്ചയും പുറത്തു വരുന്നത്. പുതിയ കണക്കുകള്‍ പ്രകാരം എഷ്യാനെറ്റ് ന്യൂസ് 109 ഗ്രോസ് റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനത്തും 101 പോയിന്റുമായി 24 ന്യൂസ് രണ്ടാം സ്ഥാനത്തും 93 പോയിന്റോടെ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തുമാണ്. മുത്തശി പത്രങ്ങളുടെ ചാനലുകള്‍ക്കും കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
നാലാം സ്ഥാനത്തുള്ള മനോരമ ന്യൂസിന് 53 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് 42 പോയിന്റുമാണ്. ഈ രണ്ട് ചാനലുകള്‍ക്കും ടെലിവിഷന്‍ വാര്‍ത്താരംഗത്ത് അടുത്ത കാലത്തെങ്ങും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ജനം ടി.വി ആറാം സ്ഥാനത്തും കൈരളി എഴാമതുമാണ്. എട്ടാം സ്ഥാനത്തു ന്യൂസ് 18 കേരളയും ഒന്‍പതാം സ്ഥാനത്ത് 14 പോയിന്റുമാത്രമായി ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വണ്ണുമാണ്.
അധിക പ്രേഷകര്‍ നഷ്ടമായി
മുന്‍കാലങ്ങളിലെ ശരാശരി പോയിന്‍റാണ് ഇത്തവണ മിക്ക ചാനലുകള്‍ക്കും ലഭിച്ചത്. അതായത് ഏഷ്യാനെറ്റ് അവരുടെ സ്ഥിരം പ്രേഷകരെ നിലനിര്‍ത്തിയപ്പോള്‍ 24 ന്യൂസിനും റിപ്പോര്‍ട്ടറിനും കഴിഞ്ഞ മാസങ്ങളില്‍ അവര്‍ക്ക് അധികമായി ലഭിച്ച പ്രേഷകര്‍ നഷ്ടപ്പെട്ടു എന്നുവേണം വിലയിരുത്താന്‍.
തുടര്‍ച്ചയായ നാല് ആഴ്ചകള്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ പിന്നില്‍ പോയത് ഏഷ്യാനെറ്റിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഓണക്കലാമയാതിനാല്‍ പരസ്യ വരുമാനത്തിലടക്കം കുറവു വരുമെന്ന ആശങ്കയും ഏഷ്യാനെറ്റിന് ഉണ്ടായിരുന്നു.
ഇതോടെ വിനു വി. ജോണ്‍, പിജി സുരേഷ് കുമാര്‍ അടക്കമുള്ള മുന്‍നിര അവതാരകരെ തന്നെ രാവിലെ മുതല്‍ പ്രോഗ്രാമുകളില്‍ അവതാരകരായി കൊണ്ടുവരേണ്ടി വന്നു. എന്നിട്ടും കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിലും അന്‍വര്‍ തുറന്നുവിട്ട വിവാദങ്ങളുടെ ചുവടുപിടിച്ചു ഏഷ്യാനെറ്റ് തിരിച്ചുകയറുകയായിരുന്നു.
കേരളത്തിലെ ലക്ഷക്കണക്കിനു കണക്ഷനുകള്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നും വെറും 700 / 800 വീടുകളിലെ സെറ്റ്‌ടോപ്പ് ബോക്‌സുകളില്‍ റേറ്റിംങ്ങ് പരിശോധിച്ച ഫലമാണു ബാര്‍ക്ക് റേറ്റിംങ്ങ് ആധികാരികമായി പുറത്തു വിടുന്നത്.