പുതുപ്പള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബർ 31 സാന്ത്വന ദിനമായി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടേയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റേയും നേതൃത്വത്തിൽ ആചരിക്കും. ഉമ്മൻ ചാണ്ടിയുടെ 81-ാം ജന്മദിനമായ അന്ന് രാവിലെ 7 ന് പുതുപ്പള്ളി പള്ളിയിൽ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാനയും മറ്റ് കർമങ്ങളും നടക്കും.
നിയോജക മണ്ഡലത്തിലെ മുഴുവൻ അഗതിമന്ദിരങ്ങളിലും അനാഥശാലകളിലും മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ അന്നദാനവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും. മുഴുവൻ വാർഡ് കേന്ദ്രങ്ങളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തും.
ഉമ്മൻ ചാണ്ടി സ്മാരകമായി നിർമ്മിക്കുന്ന സെമി രാജ്യാന്തര നിലവാരത്തിലുള്ള നീന്തൽ പരിശീലന കുളത്തിന്റെ നിർമ്മാണം അന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് നിയോജക മണ്ഡലത്തിലെ 22 ഹയർ സെക്കന്ററി സ്കൂളുകളിലേയും തിരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികൾക്ക് വീതം വിദ്യാഭ്യാസ സ്കോളർഷിപ്പും, തിരഞ്ഞെടുക്കപ്പെടുന്ന 50 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പും നൽകും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെപിസിസി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ്, ഉമ്മൻ ചാണ്ടിയുടെ ജന്മദിന ആചരണവുമായി ബന്ധപ്പെട്ട ആലോചനാ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.
ചാണ്ടി ഉമ്മൻ എംഎൽഎ, ബ്ലോക്ക് പ്രസിഡണ്ട് കെ ബി ഗിരീശൻ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, മണ്ഡലം പ്രസിഡണ്ടുമാരായ സാം കെ. വർക്കി, പി പി പുന്നൂസ്, ജിജി നാകമറ്റം, ബിനു പാതയിൽ,ബിജു ഏബ്രഹാം പറമ്പകത്ത്, സാബു സി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.