കോട്ടയം: ഓണക്കാലത്ത് കാർ വിപണി സജീവമായെങ്കിലും ഇലക്ട്രിക് കാറുകൾ വാങ്ങാൻ പലരും മടിക്കുന്നു. ആവശ്യത്തിന് ചാർജിങ് പോയിൻ്റുകൾ ഇല്ലാത്തതും മോശം സർവീസിങ്ങുമാണ് ഇലക്ട്രിക് കാറുകൾക്ക് തിരിച്ചടിയാവുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയ എല്ലാവരുടെയും പരാതി സർവീസിനെക്കുറിച്ചാണ്. വാറണ്ടി കാലയളവിൽ സൗജന്യമായാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതെങ്കിലും ഇതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് മിക്ക ഉപയോക്താക്കളെയും അലട്ടുന്നത്. ചെറിയ അറ്റകുറ്റപ്പണികൾക്ക് പോലും കമ്പനിയുടെ സർവീസ് സെന്ററിൽ നിന്നും ആളെത്തണം.
വിദഗ്‌ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവും കൃത്യമായ സർവീസിനെ ബാധിക്കുന്നുണ്ട്. ഇവി ഉടമകൾക്കിടയിൽ പ്രവർത്തിക്കുന്ന പല കൂട്ടായ്‌മകളുടെയും രൂപീകരണത്തിലേക്കും നയിച്ചത് ശരിയായ സർവീസ് ലഭിക്കുന്നതിലെ കാലതാമസമാണ്. ദിവസങ്ങളോളം കാത്തിരുന്നിട്ടും സർവീസിന് സ്ലോട്ട് ലഭിക്കാത്തതോടെ സ്വന്തമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ചിലർ പറയുന്നു.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വർധിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിൽപ്പന ദിവസംപ്രതി കൂടുന്നുണ്ടെങ്കിലും വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും വാഹന ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതോടൊപ്പം കേടായ ചാര്‍ജിങ് സ്റ്റേഷനുകള്‍ നന്നാക്കുന്നതും പലയിടത്തും മുടങ്ങിക്കിടപ്പാണ്.
ഡി.സി. ചാര്‍ജിങ് സ്റ്റേഷനുകളാണ് പ്രചാരത്തിലുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍. 15 മുതല്‍ 50 കിലോവാട്ട് വരെയുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. 50 കിലോവാട്ട് ചാര്‍ജിങ് സ്റ്റേഷന് 50 കിലോവാട്ട് ശേഷിയുള്ള വാഹനം ഒരുമണിക്കൂര്‍കൊണ്ട് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഈ രീതിയിലാണ് ചാര്‍ജിങ് സ്റ്റേഷന്റെ ഉപയോഗക്ഷമത കണക്കാക്കുന്നത്. പക്ഷേ നിലവിലുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം ഒട്ടും പര്യാപ്തമല്ല.
ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണംകൂട്ടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രോത്സാഹനവും നിയമനിര്‍മാണവും ആവശ്യമാണെന്ന് വൈദ്യുത വാഹന വില്‍പ്പനക്കാരും വാഹന ഉടമകളും പറയുന്നു.
ദേശീയതലത്തില്‍ ഹൈവേകളില്‍ എണ്ണായിരത്തോളം പുതിയ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ ഐ.ഒ.സി., ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 750 കോടി രൂപ സബ്‌സിഡി ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം രാജ്യസഭയില്‍ അറിയിച്ചിരുന്നു.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും വൈദ്യുത ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ വന്നാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവും. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോള്‍ നിശ്ചിത എണ്ണം വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കണമെന്ന് കര്‍ണാടക, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനകം നിയമംകൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലും ഇതു നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.