കോട്ടയം: വെടിക്കെട്ടു ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഓരോ തവണയും ചൂണ്ടിക്കാട്ടപ്പെടുന്ന ഒന്നാണു സുരക്ഷാ വീഴ്ച. സംസ്ഥാനത്ത് മൂന്നു പതിറ്റാണ്ടിനിടെ ആയിരത്തിനു മുകളില്‍ വെടിക്കെട്ടപകടങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുള്‍. ഈ അപകടങ്ങളില്‍ 850ന് മുകളില്‍ ആളുകള്‍ക്കു ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണു കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടായത്. വെടിക്കെട്ടപകടങ്ങള്‍ കൂടുതലും സംഭവിച്ചത് തെക്കന്‍ ജില്ലകളിലാണ്.അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും സുരക്ഷയുടെ കാര്യത്തില്‍ ഗുരുതര പിഴവുകളാണ് വരുത്തിയിട്ടുള്ളത്.
അനുമതി ലഭിക്കും മുമ്പേ വെടിമരുന്ന് ശേഖരിച്ചു തുടങ്ങുന്നതാണ് മിക്കയിടത്തും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. അടുത്തുള്ള ക്ഷേത്ത്രില്‍ പൊട്ടിച്ചതിൻ്റെ രണ്ടിരട്ടിയെങ്കിലും തങ്ങള്‍ക്കു പൊട്ടിക്കണെമെന്ന വാശിയോടെ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. നാടിന്റെ അഭിമാന പ്രശ്‌നമായാണ് ഇവര്‍ വെടിക്കെട്ടിനെ കാണുന്നതുപോലും.
കേരള ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നതാണ്.
പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉല്‍സവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു.
നൂറിലധികം വീടുകള്‍ തകര്‍ന്നു. 2016 ഏപ്രില്‍ പത്തിനു പുലര്‍ച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം നടക്കുന്നത്. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നീ കരാറുകാര്‍ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാന്‍ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു.
പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം അപ്പാടെ തകര്‍ന്നു. ഇതിന്റെ കോണ്‍ക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേര്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട മിക്കവരുടെയും ശരീരങ്ങള്‍ ഛിന്നഭിന്നമായി.
ദുരന്തത്തിനു പിന്നാലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതു വന്നിട്ടും നിയമങ്ങൾ കർക്കശമാക്കിയിട്ടും സംസ്ഥാനത്ത് വെടിക്കെട്ടപടകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സംസ്ഥാനത്തെ പ്രധാന വെടിക്കെട്ട് ദുരന്തങ്ങള്‍
1952 ശബരിമലയില്‍ ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനം. മരണം 68
1978 തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം. മരണം എട്ട്
1984 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20.
1987 തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
1987 തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരണം 27
1987 മരടില്‍ വെടിക്കെട്ടിനായി കരിമരുന്ന് ശേഖരിച്ചുവച്ച വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു മരണം അഞ്ച്
1988 തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് മരണം 10
1989 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ അപകടം. മരണം 12
1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. മരണം 26
1997 ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. മരണം ആറ്
1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി. മരണം 13
1999 പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
2015 തൃപ്പൂണിത്തുറ പുതിയകാവ് വെടിക്കെട്ട് അപകടം മരണം ഒന്ന്
2016 കൊല്ലം പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. മരണം 110
2020 നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഇടയില്‍ ഉണ്ടായ അപകടം പരുക്ക് 17 പേര്‍ക്ക്.
2016 ജനുവരി മരടില്‍ വെടിക്കെട്ടു പുരയ്ക്കു തീപിടിച്ച് മരണം ഒന്ന്.
2023 കൊച്ചി വരാപ്പുഴയി ജനവാസകേന്ദ്രത്തില്‍ സ്‌ഫോടനം മരണം ഒന്ന്
2024 തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്ര താലപ്പൊലിയുടെ ഭാഗമായി വെടിക്കെട്ടിനുള്ള പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ സ്‌ഫോടനം മരണം രണ്ട്.
2024 നീലേശ്വരം അപകടം പരുക്ക് 154 പേര്‍ക്ക്.