Advertisment

ചങ്ങനാശേരി  റെയില്‍വേ സ്റ്റേഷൻ വികസനം അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്. നടപ്പാക്കുന്നത് അമൃത് ഭരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള  പ്രവര്‍ത്തനങ്ങൾ. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം നിര്‍മാണം അവസാനഘട്ടത്തില്‍. എ.ഐ നിരീക്ഷണ ക്യാമറകളും ഒരുക്കും.

author-image
Neenu
New Update
e849cc42-03d1-4cae-b49c-fd76cb865769

ചങ്ങനാശേരി: ചങ്ങനാശേരിയിലെ  റെയില്‍വേ സ്റ്റേഷൻ വികസനം അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്. അമൃത്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച്കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവര്‍ത്തനമാണ് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്നത്.

Advertisment

 എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നീരീക്ഷണ ക്യാമറകളും ചങ്ങനാശേരിയില്‍ ഒരുക്കും. ഒന്നാം പ്ലാറ്റ്ഫോമില്‍ വിഐപി ലോഞ്ച്മുറി, ഓഫിസ് മുറികള്‍, വിശ്രമ കേന്ദ്രം എന്നിവ പൂര്‍ത്തിയായി. 


ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ട് മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന നടപ്പാലം നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇതിന്റെ മേല്‍ക്കൂരയുടെയും ടൈല്‍ പാകുന്നതിന്റെയും ജോലികളാണ് ഇനി പൂര്‍ത്തിയാകേണ്ടത്.


 ഒന്നാം പ്ലാറ്റ്‌ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലും ലിഫ്റ്റിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. നടപ്പാലത്തിനെ ബന്ധിപ്പിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുക.

പ്രവേശന വഴിയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മീഡിയനുകളും എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചു. ഇനി ചെടികള്‍ സ്ഥാപിച്ച് മനോഹരമാക്കും. ഇരു വശങ്ങളിലും നടപ്പാതകളും വെയ്റ്റിങ് ഏരിയയും പൂര്‍ത്തിയായി.


പുതിയ കെട്ടിടത്തോട് ചേര്‍ന്നുള്ള 3000 ചതുരശ്ര മീറ്ററില്‍ കോണ്‍ക്രീറ്റ് തറയുള്ള കൂറ്റന്‍ പാര്‍ക്കിങ് ഏരിയ പൂര്‍ത്തിയായി. പാര്‍ക്കിങ് ഏരിയയിലും സ്റ്റേഷനു മുന്‍പിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ 100 മീറ്റര്‍ നീളത്തില്‍ ഡ്രയിനേജ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.


മണ്ണിടിച്ചില്‍ തടയാന്‍ സ്റ്റേഷന് മുന്‍പില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഗ്രാനൈറ്റുകള്‍ പാകി. അലൂമിനിയം പാനല്‍ ബോര്‍ഡുകള്‍ പാകുന്ന ജോലികള്‍ നടക്കുന്നു. ട്രെയിനിന്റെ സമയ വിവരങ്ങള്‍ അറിയാന്‍ പ്ലാറ്റ്ഫോമില്‍ എല്‍ഇഡി ബോര്‍ഡുകള്‍ എന്നിവ പൂര്‍ത്തിയായി വരുന്നു.

ഒന്നാം പ്ലാറ്റ്‌ഫോമിലെ അലുമിനിയം പാനല്‍ ജോലികള്‍ മെല്ലെ പോകുന്നത് പോരായ്മയാണ്. വിഐപി ലോഞ്ച് മുറി, വിശ്രമകേന്ദ്രം എന്നിവിടങ്ങളിലെ ജോലികള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും തുറന്ന് കൊടുത്തിട്ടുമില്ല.


കനത്ത മഴയില്‍ ഗ്രാനൈറ്റില്‍ വെള്ളം കെട്ടി നിന്ന് ഒന്നാം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ വീഴുന്നതായി പരാതിയുണ്ട്. കൂടാതെ റൂഫിങ്ങിന്റെ ചില ഭാഗങ്ങളില്‍ ചോര്‍ച്ചയുണ്ടെന്നും യാത്രക്കാർ പറയുന്നു. 


കോച്ച് പൊസിഷന്‍ അറിയാന്‍ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ എല്‍ഇഡി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചില്ല. പ്രോഗ്രാമിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതിനാല്‍ എല്‍ഇഡി ബോര്‍ഡ് തെളിയാന്‍ ഇനിയും സമയം എടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

Advertisment