എരുമേലി: ശബരിമല സീസണ്‍ ആരംഭിച്ചിട്ടും ഇക്കുറി മുന്നൊരുക്കങ്ങള്‍ പലതും ഇപ്പോഴും പാതിമാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. കാളകെട്ടി ക്ഷേത്രത്തില്‍ നിന്നുള്ള വനപാതയിലെ റോഡ് ടാര്‍ ചെയ്തിരുന്നില്ല. ഇതോടെ ഇളകിക്കിടക്കുന്ന മെറ്റിലുകള്‍ താണ്ടി ഏറെ പ്രയാസപ്പെട്ടാനു ഭക്തരുടെ യാത്ര.. നഗ്നപാദരായാണു തീര്‍ഥാകര്‍ എത്തുന്നത്. കല്ലുകളില്‍ തട്ടി കാല്‍ മുറിയുന്നതും പതിവാണ്.
തുക കുറവെന്നു കാട്ടി കാരാറുകാര്‍ പിന്മാറിയതാണ് ടാറിങ് മുടങ്ങാന്‍ കാരണം. ശബരിമല സീസണിനു മുന്നോടിയായി റോഡ് ടാര്‍ ചെയ്യണമെന്നു ആവശ്യമുയര്‍ന്നിരുന്നെങ്കിലും നടപ്പായില്ല.
പ്രധാന ശബരിമല പാതയായ മുണ്ടക്കയം കോരുത്തോട് കുഴിമാവ് കാളകെട്ടി റോഡിലും നിരവധി പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. മണ്ഡലകാലം ആരംഭിച്ചിട്ടും ഈ പ്രധാന പാത കാടുകള്‍ വളര്‍ന്നു ദിശാ ബോര്‍ഡുകള്‍ മൂടിയ നിലയിലാണ്. ഒരുതരത്തിലുമുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ റോഡില്‍ ഇല്ല. കഴിഞ്ഞ മണ്ഡലകാലത്ത് 8 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെ 3 പേരാണ് മരിച്ചത്.
ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മിച്ചതെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ അമിത വേഗമാണ് ഭീതി നിറയ്ക്കുന്നത്. മുണ്ടക്കയത്തിനും കോരുത്തോടിനും ഇടയിലുള്ള 12 കിലോമീറ്റര്‍ ദൂരത്തിലാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.
എരുമേലിയില്‍ പേട്ട തുള്ളാതെ ശബരിമലയ്ക്കു പോകാനുള്ള എളുപ്പവഴിയാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കുമളി കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് 35ാം മൈല്‍ വഴി വണ്ടന്‍പതാലില്‍ പ്രവേശിച്ച് ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ കഴിയും.
വണ്ടന്‍പതാല്‍ സെന്റ് പോള്‍സ് സ്‌കൂള്‍ 35ാം മൈല്‍ വീതി കുറഞ്ഞ റോഡിലും അപകട സാധ്യത ഏറെയാണ്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകര്‍ കണമല വഴി ഈ റൂട്ടിലാണ് തിരിച്ചു വരിക. 35ാം മൈല്‍ വണ്ടന്‍പതാല്‍ റോഡില്‍ ഒരു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.
വണ്ടന്‍പതാല്‍ തേക്ക് കൂപ്പില്‍ കാടുകള്‍ വളര്‍ന്ന് റോഡിന് ഇരുവശവും നിറഞ്ഞു. അപകട വളവുകളില്‍ ദിശാ ബോര്‍ഡുകള്‍ കാടു കയറിയ നിലയിലാണ്. വലിയ കയറ്റവും ഇറക്കവും ഉള്ള പഴയ പനക്കച്ചിറ, കോസടി ഭാഗങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും ഏര്‍പ്പെടുത്തേണ്ടതുണ്ട്.
കോരുത്തോടിനും കുഴിമാവിനും ഇടയിലും കാളകെട്ടിക്കു സമീപവും പള്ളിപ്പടിയിലും മൂന്ന് കലുങ്കുകള്‍ അപകടാവസ്ഥയിലാണ്. അമിതവേഗം കുറയ്ക്കാന്‍ ഇടയ്ക്ക് പോലീസ് സേവനം വേണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. വേഗ നിയന്ത്രണ സംവിധാനങ്ങളും അറിയിപ്പ് ബോര്‍ഡുകളും ഇല്ല. തീര്‍ഥാടനകാലം ആരംഭിച്ചാല്‍ ഈ റൂട്ടില്‍ കാല്‍നട യാത്ര ചെയ്യാന്‍ പോലും നാട്ടുകാര്‍ക്കു ഭയമാണ്. അത്രയും വേഗത്തിലാണു വാഹനങ്ങള്‍ കടന്നുപോകുന്നത്.