കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ്ജ ഡെയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം(മില്‍മ) മാറുന്നു.
മില്‍മ എറണാകുളം യൂണിയന്‍റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്‍റ് നവംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ പത്തിന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ നാടിന് സമര്‍പ്പിക്കും.
മില്‍മയുടെ പ്രൊഡക്ട്സ് ഡെയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം അന്നേദിവസം സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും.
ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിര്‍മ്മിച്ച മില്‍മ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ താക്കോല്‍ മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് ഷായ്ക്ക് കൈമാറും.
ഇന്ത്യന്‍ ക്ഷീര വ്യവസായ രംഗത്ത് ഹരിത ഊര്‍ജജത്തോടും പാരിസ്ഥിതിക പരിപാലനത്തോടുമുള്ള ശക്തമായ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഓണ്‍ഗ്രിഡ് സൗരോര്‍ജ്ജ ഡെയറിയായി മില്‍മ തൃപ്പൂണിത്തുറ ഡെയറി മാറുന്നത്.
16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിംഗ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്‍റ് സ്കീമില്‍ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂണിയന്‍റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
വ്യത്യസ്ത രീതിയിലുള്ള സോളാര്‍ മോഡലുകള്‍ ആണ് ഈ പദ്ധതിയ്ക്കായി തയ്യാറാക്കിയിരിക്കുന്നതെന്ന് മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ ചൂണ്ടിക്കാട്ടി.
ഡെയറി കോമ്പൗണ്ടിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ളോട്ടിംഗ് സോളാര്‍ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജീകരിച്ച 102 കിലോ വാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാര്‍ പാനലുകള്‍ എന്നീ രീതിയിലാണ് സോളാര്‍ പ്ലാന്‍റ് ക്രമീകരണം.
സോളാര്‍ സാങ്കേതിക വിദ്യയിലെ ഏറ്റവും ആധുനികമായ ഈ മാതൃക പാരിസ്ഥിതിക, സാങ്കേതിക രംഗത്ത് ആകര്‍ഷകമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
മില്‍മയുടെ സരോര്‍ജ്ജ നിലയം പ്രതിവര്‍ഷം 2.9 ദശലക്ഷം യൂണിറ്റുകള്‍ (ജിഡബ്ല്യുഎച്) ഹരിതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവര്‍ഷം 1.94 കോടി രൂപ ഊര്‍ജ്ജ ചെലവ് ഇനത്തില്‍ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്ലാന്‍റ് വഴി ഓരോ വര്‍ഷവും ഏകദേശം 2,400 മെട്രിക് ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ്.
പകല്‍ സമയങ്ങളില്‍ ഡെയറിയുടെ മുഴുന്‍ ഊര്‍ജ്ജ ആവശ്യകതയും നിറവേറ്റുകയും ഡിസ്കോമിന്‍റെ കൈവശമുള്ള മിച്ച ഊര്‍ജ്ജം പീക്ക്, ഓഫ് പീക്ക് സമയങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു ഇത് മില്‍മ എറണാകുളം ഡെയറിയെ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയറിയാക്കി മാറ്റുമെന്നും എം ടി ജയന്‍ പറഞ്ഞു.
അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി , കേരള സര്‍ക്കാര്‍) ആണ് പ്രൊജക്ടിന്‍റെ സാങ്കേതിക മേല്‍ നോട്ടം വഹിച്ചത്. കെ.സി കോപര്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും, ടെസ്റ്റിംഗും, കമ്മീഷനിംഗും നിര്‍വഹിക്കുകയും ചെയ്തു.
ഊര്‍ജ്ജ മന്ത്രാലയം അംഗീകരിച്ച പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഘടകങ്ങള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാപിച്ചിരിക്കുന്നു.
സൗരോര്‍ജ്ജ നിലയത്തിന്‍റെ പ്രധാന ഘടകങ്ങളില്‍ ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്ട് എച് എച് വി മോണോ പെര്‍ക് ഹാഫ് കട്ട് മൊഡ്യൂളുകള്‍, ഓസ്ട്രിയയില്‍ നിന്നുള്ള ഫ്രോണിയസ് ഇന്‍വെര്‍ട്ടറുകള്‍ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകള്‍), മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ കാറ്റിനെ പ്രതിരോധിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്ത ഗാല്‍വനൈസ്ഡ് അയണ്‍ മൗണ്ടിംഗ് ഘടനകള്‍ എന്നിവ ഉള്‍പ്പെടുന്നു.
തടസ്സമില്ലാത്ത നീരിക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള സ്കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
എറണാകുളം മില്‍മ സൗരോര്‍ജ്ജ് പ്ലാന്‍റ് ഒറ്റ നോട്ടത്തില്‍
മൊത്തം ശേഷി
- രണ്ട് മെഗാവാട്ട്, ഗ്രൗണ്ട് (1.89 മെഗാവാട്ട്)
- എലിവേറ്റഡ് സോളാര്‍ (10.26 കിലോവാട്ട്)
- ഫ്ളോട്ടിംഗ് സോളാര്‍ (8.1 കിലോവാട്ട്)
പ്രൊജക്ട് ഏരിയ : 4.7 ഏക്കര്‍
- പ്രതിവര്‍ഷംമൊത്തം ഉല്‍പ്പാദനം : 2.9 ദശലക്ഷം യൂണിറ്റ്
- കണക്കാക്കുന്ന സേവിംങ്സ് : പ്രതിവര്‍ഷം 1.94 കോടി രൂപ
- കാര്‍ബഡൈ ഓക്സൈഡ് : ഒരു ലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമായ 2,400 മെട്രിക് ടണ്‍
- ആകെ സോളാര്‍ പാനലുകള്‍ : 3704
- ഇന്‍സ്റ്റാള്‍ ചെയ്ത മൊത്തം ഇന്‍വെട്ടര്‍: 16 (100 കിലോവാട്ട് വീതം)
- ധനസഹായം: കേന്ദ്ര സര്‍ക്കാരിന്‍റെ ഡയറി പ്രോസസിംഗ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്‍റ് ഫണ്ട് (16 കോടി രൂപ)
- മേഖലായൂണിയന്‍ - 6.8 കോടി രൂപ
- മൊത്തം നിക്ഷേപം : 16 കോടി രൂപ
മില്‍മ ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയുടെ നവീകരണം
നാല് കോടി രൂപ മുതല്‍ മുടക്കി മില്‍മ എറണാകുളം യൂണിയന് കീഴിലുള്ള ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയില്‍ വന്‍ നവീകരണം നടപ്പാക്കുന്നു. പുതിയ എക്സ്ട്രൂഷന്‍ മെഷീനും കോള്‍ഡ് സ്റ്റോറേജ് സൗകര്യവും ഉള്‍പ്പെടെയാണിത്.
പ്രൊഡക്ട്സ് ഡെയറി പ്ലാന്‍റ് നവീകരണത്തിനായി വേണ്ട 3.75 കോടി രൂപയില്‍ രണ്ട് കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, 1.75 കോടി രൂപ നൂനത ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിക്കും.
ഉയര്‍ന്ന നിലവാരമുള്ള പാലുല്‍പ്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റാന്‍ മില്‍മ എറണാകുളം യൂണിയനെ പ്രാപ്തമാക്കുകയും പാലിന്‍റെ ആവശ്യകത വര്‍ദ്ധിപ്പിച്ച് പ്രാദേശികക്ഷീര കര്‍ഷകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മില്‍മ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്
കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്പ്മെന്‍റ് പദ്ധതി പ്രകാരം കേന്ദ്രവിഹിതമായി അനുവദിച്ച എട്ട് കോടി രൂപ വിനിയോഗിച്ച് എറണാകുളം ഇടപ്പള്ളി മില്‍മയുടെ കീഴില്‍ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി സ്ഥാപിച്ചു.
മില്‍മ ഫെഡറേഷന്‍ എറണാകുളം ഇടപ്പള്ളിയിലെ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ പ്രവര്‍ത്തനം ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ എന്‍ഡിഡിബി കാഫ് ലിമിറ്റഡിന് കൈമാറും. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്കുതകുന്നതാണ് സെന്‍ട്രല്‍ ലാബ്.
എന്‍സിഎല്ലിന്‍റെ നവീകരിച്ച ഇടപ്പള്ളി ലബോറട്ടറി ആനന്ദില്‍ വികസിപ്പിച്ചെടുത്ത നൂതന പരിശോധനാ രീതികളാണ് നടപ്പാക്കുന്നത്. മികച്ച ഗുണനിലവാരവും കൃത്യമായ പരിശോധന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലാബിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
പാലിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ വ്യാപകമായി മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ കെസിസിഎംഎംഎഫും, കാഫ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തം ഏറെ നിര്‍ണായകമാണ്.
പാലും പാലുല്‍പ്പന്നങ്ങള്‍ക്കുമപ്പുറം സുഗന്ധവ്യജ്ഞനങ്ങളും, മറ്റ് ഭക്ഷ്യ വസ്തുക്കളും കാര്‍ഷിക വസ്തുക്കളും ഉള്‍പ്പെടുത്തി പരിശോധനാ ശേഷി വര്‍ധിപ്പിക്കാനും ഇടപ്പള്ളി ലബോറട്ടി ലക്ഷ്യമിടുന്നുണ്ട്.