Advertisment

എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത നീക്കങ്ങള്‍ പൊളിയുന്നു ! 8 ഡീക്കന്മാരും വിമതരെ തള്ളി സിനഡ് കുര്‍ബ്ബാനയെ അനുസരിച്ച് സത്യവാങ്മൂലം ഒപ്പിട്ടു. നടപടി ഭയന്ന് പരസ്യ പ്രതികരണം ഒഴിവാക്കി ഉള്‍വലിഞ്ഞ് വിമത നേതാക്കള്‍. പുതിയ കുരിയ ഇനി അതിരൂപത ഭരിക്കും. സ്വതന്ത്ര രൂപതാ ആവശ്യം ഒരിക്കലും നടക്കാത്ത സ്വപ്നം. പ്രത്യക്ഷ സമരങ്ങളും പൊളിഞ്ഞു !

മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി വന്നതിനു ശേഷവും സഭാ പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വത്തിക്കാന്‍ നേരിട്ട് പരിഹാര നടപടികളില്‍ ഇടപെട്ടിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
syro malabar1.jpg
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ സഭാ വിരുദ്ധ നിലപാടുകള്‍ പരാജയത്തിലേയ്ക്ക്. സഭാ ആസ്ഥാനത്തെ പ്രത്യക്ഷ സമര പരിപാടികള്‍ പരാജയപ്പെടുകയും ജനാഭുമുഖ കുര്‍ബാനയെ അനുകൂലിച്ച് പൗരോഹിത്യം സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്ന വൈദിക പഠനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ സിനഡ് കുര്‍ബാന മാത്രമേ അര്‍പ്പിക്കൂ എന്ന് സത്യവാങ്മൂലം നല്‍കുകയും ചെയ്തതോടെ വിമത നീക്കങ്ങള്‍ തകര്‍ന്ന മട്ടാണ്.

Advertisment

വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വൈദികരായ കുര്യാക്കോസ് മുണ്ടാടന്‍, സെബാസ്റ്റ്യന്‍ തളിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സഭാ വിരുദ്ധ പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കാനും നിര്‍ബന്ധിതരായി. ഇവര്‍ക്കെതിരെ നടപടി ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനിടെ പരസ്യ പ്രസ്താവന നടത്തിയാല്‍ ഉടന്‍ നടപടി എന്ന നിലപാടിലാണ് വത്തിക്കാന്‍.


കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ ഇടപെട്ട് നിയമിച്ച പുതിയ കുരിയയിലെ വൈദികര്‍ക്കെതിരെ പഴയ വ്യാജ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് ഇവരെ മാറ്റണം എന്ന ആവശ്യമാണ് വിമതരുടെ ഏറ്റവും പുതിയ നിലപാട്. ഇതം 100 ശതമാനവും സഭാ നേതൃത്വം തള്ളിയിട്ടുണ്ട്. കാരണം വത്തിക്കാന്‍ നടത്തിയ നിയമനങ്ങളില്‍ ഇടപെടാന്‍ സഭാ നേതൃത്വം തയ്യാറല്ല.

fr. kuriakose mundadan fr. sebastian thaliyil

എറണാകുളം - അങ്കമാലി അതിരൂപതാ കാര്യങ്ങളില്‍ ഇടപെടുന്നതിന് സീറോ മലബാര്‍ സഭാ നേതൃത്വത്തിന് വിലക്കുമുണ്ട്. മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി വന്നതിനു ശേഷവും സഭാ പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വത്തിക്കാന്‍ നേരിട്ട് പരിഹാര നടപടികളില്‍ ഇടപെട്ടിരിക്കുന്നത്.


അതിരൂപതയെ മാര്‍പാപ്പയുടെ കീഴില്‍ സ്വതന്ത്ര രൂപതയായി അംഗീകരിക്കണമെന്നതായിരുന്നു വിമതരുടെ പ്രധാന ആവശ്യം. അതിരൂപതയിലെ വിമത നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുള്ള മാര്‍പാപ്പ ഈ ആവശ്യം മുഖവിലയ്ക്കുപോലും എടുത്തിട്ടില്ല. അതിനാല്‍ തന്നെ സ്വതന്ത്ര രൂപതയെന്ന വിമതരുടെ ആവശ്യം നടക്കാത്ത സ്വപ്നമായി മാറും.


പൗരോഹിത്യം സ്വീകരിക്കാനൊരുങ്ങുന്ന അതിരൂപതയിലെ 8 ഡീക്കന്മാരുടെ പ്രശ്നം ഏറ്റെടുത്ത് സഭാ ആസ്ഥാനത്ത് സമരം ഇരുന്ന് കാര്യം കാണാനിറങ്ങിയ വിമതന്മാരുടെ മുഖത്തേറ്റ പ്രഹരമായിരുന്നു ഡീക്കന്മാരുടെ മലക്കം മറിച്ചില്‍.

പൗരോഹിത്യം സ്വീകരിക്കണമെങ്കില്‍ ഇനി സിനഡ് കുര്‍ബാന മാത്രമേ അര്‍പ്പിക്കൂ എന്ന് സത്യവാങ്മൂലം ഒപ്പിട്ട് നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ 8 ഡീക്കന്മാരും മാര്‍ ബോസ്കോ പുത്തൂരിനെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞ് സത്യവാങ്മൂലവും ഒപ്പിട്ട് നല്‍കി മടങ്ങി. 


അതുവരെ വിമതരെ അനുസരിച്ച് നിന്ന ഡീക്കന്മാര്‍ മാര്‍ പുത്തൂരിന്‍റെ അന്ത്യശാസനത്തോടെ അനുസരണയുള്ളവരായി. സഭ നിര്‍ദേശിച്ച തീയതിക്കകം സത്യവാങ്മൂലം നല്‍കാത്തവര്‍ക്ക് പൗരോഹിത്യം നല്‍കേണ്ടതില്ലെന്നായിരുന്നു വത്തിക്കാന്‍റെ നിര്‍ദേശം.


ഇനി വിമത വൈദികര്‍ക്കെതിരായ അച്ചടക്ക നടപടിയാണ് ബാക്കി. നിലവില്‍ രണ്ട് വൈദികര്‍ സഭയ്ക്ക് പുറത്തേയ്ക്ക് ആണെന്ന അഭ്യൂഹം ശക്തമാണ്. ബസ്ലിക്ക പള്ളിയില്‍ സമര കുര്‍ബ്ബാന അര്‍പ്പിച്ച വൈദികര്‍ക്കെതിരെയും നടപടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സഭ നിലപാട് കടുപ്പിച്ചതോടെ സഭാ നേതൃത്വത്തിനെതിരെ കര്‍ശന നിലപാടുമായി മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്ന കുര്യാക്കോസ് മുണ്ടാടന്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ പരസ്യ പ്രതികരണത്തിന് മടിക്കുകയാണ്. ഇതോടെ വര്‍ഷങ്ങളായി നടന്നുവന്ന അതിരൂപതയിലെ വിമത നീക്കം പരിസമാപ്തിയിലേയ്ക്ക് നീങ്ങുകയാണ്.  

Advertisment