Advertisment

വിദേശ സഹകരണത്തിന് സെക്രട്ടറിയെ നിയോഗിച്ച് പുലിവാല് പിടിച്ച കേരളത്തിന് അയൽ സംസ്ഥാനങ്ങളിൽ ഏകോപനത്തിന് സംവിധാനമില്ല; ഷിരൂരിലെ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ ഒറ്റ ഐ.എ.എസുകാരനെയുെം അയച്ചില്ല; കാസർകോട് കളക്ടറെയോ എസ്.പിയെയോ പോലും അയയ്ക്കാൻ തോന്നിയില്ല; നടക്കുന്നത് ബാംഗ്ലൂരിലേക്ക് ഫോൺവിളിയും കത്തെഴുത്തും മാത്രം; ലക്ഷക്കണക്കിന് മലയാളികളുള്ള അന്യ സംസ്ഥാനങ്ങളുമായി ഏകോപനത്തിന് സ്ഥിരം സംവിധാനം അത്യാവശ്യം

കർണാടക സർക്കാരിന് മുഖ്യമന്ത്രി നിരന്തരം കത്തയയ്ക്കുകയും ചീഫ്സെക്രട്ടറി അവിടുത്തെ ചീഫ്സെക്രട്ടറിയെയുെം റവന്യൂ സെക്രട്ടറിയെയും ഫോൺ വിളിക്കുന്നതും മാത്രമാണ് നടക്കുന്നത്. 

New Update
cm Untitledra

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായും എംബസികളുമായുമുള്ള സഹകരണം ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥയായ കെ.വാസുകിയെ നിയമിച്ചതിന് കേരളത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിമർശിച്ചതോടെ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനത്തിന് കേരളത്തിന് സംവിധാനമില്ലാത്തത് ചർച്ചാവിഷയമാവുന്നു.

Advertisment

ഷിരൂരിൽ അർജുനെയും ലോറിയും കണ്ടെത്താനുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാനും ആവശ്യമായ സഹായം നൽകാനും ഒറ്റ സിവിൽ സർവീസ് ഉദ്യോഗസ്ഥനെപ്പോലും സർക്കാർ കർണാടകത്തിലേക്ക് അയച്ചില്ല. എന്തിന് കാസർകോട്ട് എസ്.പിയെയോ കളക്ടറെയോ പോലും അവിടേക്ക് അയയ്ക്കാനായില്ല.

ചീഫ് സെക്രട്ടറി നേരിട്ടോ റവന്യൂ സെക്രട്ടറിയെയോ അവിടേക്ക് അയയ്ക്കണമായിരുന്നെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കേരളത്തിലെ ദുരന്തനിവാരണ അതോറിട്ടിയുടെ വിദഗ്ദ്ധരെപ്പോലും ഷിരൂരിലേക്ക് അയയ്ക്കാനായില്ല.

കർണാടക സർക്കാരിന് മുഖ്യമന്ത്രി നിരന്തരം കത്തയയ്ക്കുകയും ചീഫ്സെക്രട്ടറി അവിടുത്തെ ചീഫ്സെക്രട്ടറിയെയുെം റവന്യൂ സെക്രട്ടറിയെയും ഫോൺ വിളിക്കുന്നതും മാത്രമാണ് നടക്കുന്നത്. 

arjun Untitledfre

തിരച്ചിൽ 11ദിവസമായപ്പോഴാണ് ആദ്യമായി മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തിയത്. ഇന്ന് റിയാസും ശശീന്ദ്രനും എത്തി. കേരള സർക്കാർ വളരെ നേരത്തേ ഇടപെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കണമായിരുന്നു. അഖിലേന്ത്യാ ഉദ്യോഗസ്ഥരായ സിവിൽസർവീസുകാരെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള കേരളത്തിന്റെ പ്രതിനിധികളായി അവിടേക്ക് അയയ്ക്കാൻ സർക്കാരിന് യാതൊരു നിയമതടസവുമില്ല.

ലക്ഷക്കണക്കിന് മലയാളികളാണ് അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്നത്. ബാംഗ്ലൂരിൽ മാത്രം 9ലക്ഷത്തിലേറെ മലയാളികളുണ്ട്. സമാനമായി മറ്റ് സംസ്ഥാനങ്ങളിലും മലയാളികൾ തിങ്ങിപ്പാർക്കുന്നു. ഈ സംസ്ഥാനങ്ങളുമായി അടിയന്തര ഘട്ടത്തിലെ ഏകോപനത്തിന് സംവിധാനമുണ്ടാക്കാതെ വിദേശ രാജ്യങ്ങളുമായും എംബസികളുമായും സഹകരണത്തിന് സെക്രട്ടറിയെ നിയോഗിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്.

സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്നും സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ഭരണഘടനാപരമായ അധികാരത്തിന് പുറത്തുള്ള കാര്യങ്ങളിൽ കടന്നുകയറരുതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ കഴിഞ്ഞദിവസം പരസ്യമായി വിമർശിച്ചിരുന്നു.  

വിദേശരാജ്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്നാണ് വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി നേരിട്ടിടപെടരുതെന്നാണ് പെരുമാറ്റച്ചട്ടം.

എല്ലാമാസവും രണ്ടുംമൂന്നും വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തുന്നുണ്ടെന്നും അവരുടെ താത്പര്യപ്രകാരം വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ സഹകരണത്തിന് ഉടമ്പടിയുണ്ടാക്കുകയും വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടർനടപടികളെടുക്കുകയുമാണ് വാസുകിയുടെ മുഖ്യചുമതലയെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ ഇത് തെറ്റാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടികയിലെ പത്താം ഇനം പ്രകാരം വിദേശകാര്യവും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രത്തിന്റെ മാത്രം അധികാരത്തിലാണ്. വിദേശകാര്യം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലോ സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമുള്ള സ്റ്റേറ്റ് ലിസ്റ്റിലോ വരുന്ന വിഷയമല്ല.

കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല. താത്‌കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന സർക്കാരിന് ബന്ധംപാടില്ലെന്നാണ് കേന്ദ്രചട്ടം. സാമ്പത്തികസഹായം സ്വീകരിക്കുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിവേണം.

ഇത് പാലിക്കാതെ സംസ്ഥാനത്തിന് കരാറുകളുണ്ടാക്കാനാവില്ല.  വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97 വിഷയങ്ങൾ കേന്ദ്രസർക്കാരിന് മാത്രം അധികാരമുള്ളതാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.

k vasuki ias

വിദേശ രാജ്യങ്ങളുമായുള്ള ഏത് ഇടപാടിനും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയുണ്ടാവണം. എന്നാൽ അന്യസംസ്ഥാനങ്ങളുമായുള്ള ഏകോപനത്തിന് ഇതൊന്നും തടസമല്ല. എന്നാൽ രാജ്യത്തിനകത്തെ ഏകോപനത്തിനോ സഹകരണത്തിനോ ഉദ്യോഗസ്ഥർക്കും സർക്കാരിനും താത്പര്യമില്ല.

വിദേശത്ത് പറന്നെത്തിയുള്ള ഏകോപനവും സഹകരണവുമാണ് പഥ്യം. കുവൈറ്റിൽ തീപിടുത്തമുണ്ടായപ്പോൾ മന്ത്രി വീണാ ജോർജ്ജിനെയും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയും കുവൈറ്റിലേക്ക് അയയ്ക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നില്ല.

കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷം വീണാജോർജ്ജിന് മടങ്ങേണ്ടി വന്നു.

Advertisment