Advertisment

കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസായ കെ.എ.എസില്‍ കാശിനു കൊള്ളാത്തവരെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ രൂക്ഷവിമര്‍ശനം. കെ.എ.എസ് പരാജയപ്പെട്ട പരീക്ഷണം. ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമതയില്ല. കേട്ടാല്‍ കൊള്ളാവുന്നതും ആകര്‍ഷകവുമായ തസ്തികകളിലേ ജോലിചെയ്യൂ. കെ.എ.എസുകാര്‍ക്ക് ക്ലറിക്കല്‍ ജോലികളോട് പുച്ഛമെന്നും സെക്രട്ടേറിയറ്റ് സംഘടന. സര്‍ക്കാരിന് ബാദ്ധ്യതയാവുമോ കേരളാ ഭരണ സര്‍വീസ് ?

കേട്ടാൽ കൊള്ളാവുന്നതും ആകർഷകവുമായ തസ്തികകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന താൽപര്യം കെ.എ.എസുകാർക്ക് ഭൂഷണമല്ല.

New Update
kerala administrative service

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്ന വിശേഷണത്തോടെ ആരംഭിച്ച കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഉദ്യോഗസ്ഥർക്ക് കാര്യക്ഷമതയില്ലെന്നും പരാജയമാണെന്നും സെക്രട്ടേറിയറ്റ് അസോസിയേഷന്റെ അതിരൂക്ഷ വിമർശനം.

Advertisment

ഐ.എ.എസ് ഉദ്യോഗസ്ഥരേക്കാൾ ഉയർന്ന ശമ്പളത്തിലാണ് ചില തസ്തികകളിൽ കെ.എ.എസുകാരെ നിയമിച്ചിട്ടുള്ളത്. കെ.എ.എസ് എന്നത് പരാജയപ്പെട്ട പരീക്ഷണമാണെന്നും സർക്കാർ ഇക്കാര്യം അവലോകനം ചെയ്ത് പഴയ രീതി പുന:സ്ഥാപിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

തസ്തികകളുടെ മാറ്റത്തിനും പുതിയ ഡെപ്യൂട്ടേഷൻ തസ്തികകൾ തരപ്പെടുത്തുന്നതിനും കെ.എ.എസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അതിരൂക്ഷമായ എതിർപ്പുണ്ടായത്.

ഐ.എ.എസിനേക്കാൾ ഉയർന്ന ശമ്പളം ഉറപ്പു വരുത്തിയിട്ടും സേവനത്തിന് ഗുണപ്രദമായ ഒരു സംഭാവനയും നൽകാൻ കെ.എ.എസുകാർക്ക് കഴിയുന്നില്ലെന്നാണ് വിമർശനം.

കേട്ടാൽ കൊള്ളാവുന്നതും ആകർഷകവുമായ തസ്തികകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന താൽപര്യം കെ.എ.എസുകാർക്ക് ഭൂഷണമല്ല. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതും ശരിയല്ല.

secretariate


എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥ പരിഹരിക്കാൻ മുതിരാതെ അതിൽ നിന്നും ഒളിച്ചോടി എ.ഡി.എം, ആർ.ഡി.ഒ പോലുള്ള തസ്തികകളിലാവണം തങ്ങളെ പ്രതിഷ്ഠിക്കാൻ എന്ന നിർബന്ധം കെ.എ.എസുകാർ വച്ചു പുലർത്തുന്നു. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ, പുഞ്ചകൃഷി ഓഫീസർ, കാർഡമം സെറ്റിൽമെന്റ് ഓഫീസർ തുടങ്ങിയ തസ്തികകളൊക്കെ തങ്ങൾക്കനുയോജ്യമായ തസ്തികകളല്ല എന്ന് കരുതുന്നു. 


സ്വന്തം ഇഷ്ടപ്രകാരം കെ.എസ്.ആർ.ടി.സിയിൽ ജനറൽ മാനേജർമാരായി നിയമിക്കപ്പെട്ടവർ കേവലം ആറ് മാസം പോലും ചുമതല നിർവഹിക്കാനാകാതെ പിൻമാറുന്നു. ക്ലറിക്കൽ ജോലികളോടു പുലർത്തുന്ന പുച്ഛവും അവഗണനയും ശരിയല്ലെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ തുറന്നടിച്ചു. 

ധനവകുപ്പിന്റെ നിർദേശത്തെ മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത് വിവാദമായിരുന്നു. കെഎഎസുകാർക്ക് 51,600 രൂപ അടിസ്ഥാന ശമ്പളമായി നിർണയിച്ചാൽ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്.

കനത്ത ശമ്പള സ്കെയിൽ നിശ്ചയിച്ചതിനെതിരേ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു. ജൂനിയർ ഐ.എ.എസുകാർക്ക് ഇതിലും കുറഞ്ഞ സ്കെയിലായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഐഎഎസുകാർക്ക് സ്പെഷൽ പേ അനുവദിച്ച് ശമ്പളം കൂട്ടുന്നതാണ് പരിഗണിച്ചത്.


തങ്ങളുടെ ജൂനിയർ ഓഫിസർമാരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ഭരണ രംഗത്ത് അധികാരത്തർക്കത്തിനു കാരണമാകുമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാദം. ഇതു പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് 10,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു.


saradha muralidharan

ജൂനിയർ ടൈം സ്കെയിൽ ഉദ്യോഗസ്ഥർക്ക് 25,000 രൂപയും സീനിയർ ടൈം സ്കെയിൽ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് ഉദ്യോഗസ്ഥർക്ക് 10,000 രൂപയും സ്പെഷൽ പേ ആയി നൽകണം. ആദ്യ 9 വർഷം ഇതു നൽകണം. ഓരോ വർഷവും പരിഷ്കരിക്കുകയും വേണം. 

കെഎഎസുകാരുമായുള്ള ശമ്പളത്തിലെ വ്യത്യാസം 13 മുതൽ 18 വരെ വർഷം തുടരാൻ സാധ്യതയുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന വീട്ടുവാടക റീഇംപേഴ്സ്മെന്റ് തുകയായ 20,000 രൂപ ആകെ ശമ്പളത്തിൽ ഉൾപ്പെടുത്തി കെഎഎസുകാരുടെ ശമ്പളവുമായി താരതമ്യം ചെയ്യരുത്.

സർക്കാർ താമസ സൗകര്യം നൽകാത്ത വളരെ കുറച്ച് ഉദ്യോഗസ്ഥർക്കു മാത്രമാണ് ഈ തുക ലഭിക്കുന്നത്. കെഎഎസ് ഉദ്യോഗസ്ഥരെപോലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ കഴിയാറില്ലെന്നും ഐ.എ.എസുകാർ ചൂണ്ടിക്കാട്ടി.

അതിനിടെ,  ഐ.എ.എസുകാരുടെ തസ്തികകളിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് കത്തുനൽകിയിട്ടുണ്ട്. നിലവിൽ അപ്രധാന തസ്തികളിലാണ് നിയമിച്ചിരിക്കുന്നതെന്നും പ്രധാന തസ്തികളിൽ തങ്ങളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.


104 കെ.എ.എസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുള്ളത്. ഇവരെ നിയമിക്കാൻ പ്രധാന തസ്തികകൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഒഴിവുള്ള ചില അപ്രധാന തസ്തികകളിൽ നിയമിച്ചിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവു പരിഹരിക്കാൻ കെ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനമാറ്റം വഴി സാധിക്കുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്.


അതേ സമയം, പരിചയസമ്പത്ത് കുറവായ കെ.എ.എസ് ഉദ്യോഗസ്ഥർ പ്രധാന തസ്തികയിൽ ഇരുന്നാൽ ഭരണരംഗത്ത് തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയും സർക്കാരിനുണ്ട്.

ഒന്നര വർഷത്തിലേറെ മികച്ച പരിശീലനം നൽകി വിവിധ വകുപ്പുകളിൽ സർക്കാർ നിയമിച്ച കെ.എ.എസ് ഉദ്യോഗസ്ഥർക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. നേരിട്ട് നിയമനം നേടിയ ഇവർക്ക് സ്വന്തമായി തീരുമാനമെടുത്ത് നടപ്പിൽ വരുത്താനുള്ള കാര്യക്ഷമതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

കെ.എസ്.ആർ.ടി.സിയിൽ എക്‌സിക്യൂട്ടീവ് ഡയരക്ടർ തസ്തിക നിർത്തലാക്കി പകരം നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ സർക്കാർ നിയമിച്ചെങ്കിലും മോശം പ്രകടനം കാരണം ഉദ്യോഗസ്ഥരെ തിരിച്ചയച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 231 ഐ.എ.എസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 126 പേർ മാത്രമാണുള്ളത്. 105 ഐ.എ.എസുകാരുടെ കുറവാണുള്ളത്.


ഭുരിഭാഗം ഐ.എ.എസുകാരും മൂന്നും നാലും വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതുമൂലം ഫയൽ നീക്കം മന്ദഗതിയിലാണ്. ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം ഫയലുകൾ ഓരോ വകുപ്പ് സെക്രട്ടറിമാരുടെയും ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്.


Untitledtangkas

ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായ ഡോ.എ.ജയതിലകിന് നികുതി വകുപ്പിന്റെയും ചുമതല നൽകിയിട്ടുണ്ട്. ധന സെക്രട്ടറിമാർക്കു മറ്റു വകുപ്പുകളുടെ ചുമതല നൽകാറില്ലെങ്കിലും ആൾക്ഷാമം കാരണമാണ് നികുതി വകുപ്പിന്റെ ചുമതലയും നൽകിയത്. 

കെ.ആർ ജ്യോതിലാലിന് പൊതുഭരണം, വനം, ഊർജം, ഗതാഗതം എന്നീ നാലു സുപ്രധാന വകുപ്പുകളുടെ ചുമതലയുണ്ട്. അഞ്ചു വകുപ്പുകൾ ഒരേസമയം കൈകാര്യം ചെയ്തിരുന്ന എ. കൗശികൻ ഫയൽ നോക്കാൻ സമയം കിട്ടുന്നില്ലെന്നു പരാതിപ്പെട്ടതോടെ മൃഗസംരക്ഷണ വകുപ്പ് ഒഴിവാക്കി.

പുനീത്കുമാറിന് നാലു വകുപ്പുകളും ബിജു പ്രഭാകറിനും ടിങ്കു ബിസ്വാളിനും മൂന്നു വകുപ്പുകൾ വീതവുമുണ്ട്. അധിക ചുമതലകൾ കാരണം മന്ത്രിമാർ വിളിക്കുന്ന യോഗത്തിനുപോലും പലർക്കും എത്താൻ കഴിയുന്നില്ല.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ മിഷനുകൾ, മറ്റുപ്രോജക്ടുകൾ എന്നിവിടങ്ങളിൽ കെ.എ.എസ്. ഓഫീസർമാരെ നിയമിക്കാൻ തസ്തിക കണ്ടെത്തി അറിയിക്കാൻ എല്ലാ വകുപ്പുകൾക്കും നേരത്തേ സർക്കുലർ നൽകിയിരുന്നു. എന്നാൽ, മിക്കവകുപ്പുകളും അനങ്ങിയിരുന്നില്ല.

Advertisment