Advertisment

അൻവറിന്റെ ഫോൺ ചോർത്തൽ അന്വേഷിച്ചാൽ പോലീസ് അനധികൃതമായി ഫോൺ ചോർത്തുന്നതും പുറത്തുവരും. ഗവർണർ ആവശ്യപ്പെട്ടിട്ടും ഫോൺചോർത്തലിൽ അന്വേഷണമില്ല. ഗവർണർക്ക് മറുപടിയുമില്ല. അൻവറിന്റേത് വെറും ആരോപണം മാത്രമെന്നും വീരവാദം മുഴക്കുകയാണെന്നും പോലീസ്. വാട്സ്ആപ്പിലെ വിളികൾ മറ്റൊരു ഫോണിൽ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടെന്നും അനുമാനം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
P9CVb9br0HhzU7hdiAzMBZBB6algeMMPWbZRumin
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഉന്നത പോലീസുദ്യോഗസ്ഥരുടേത് അടക്കം ഫോണുകൾ താൻ ചോർത്തിയെന്ന് പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞ പി.വി.അൻവർ എം.എൽ.എയ്ക്കെതിരേ അന്വേഷണമോ കേസോ ഇല്ല. സംസ്ഥാന ഗവർണർ ആവശ്യപ്പെട്ടിട്ടും അൻവറിന്റെ ഫോൺ ചോർത്തലിൽ യാതൊരു അന്വേഷണവും പോലീസ് നടത്തുന്നില്ല.

Advertisment

ഫോൺചോർത്തൽ അതീവ ഗുരുതരമാണെന്നും കൈക്കൊണ്ട നടപടികൾ ഉടനടി അറിയിക്കാനുമാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇതിന് യാതൊരു മറുപടിയും നൽകാത്ത സർക്കാർ, ഫോൺ ചോർത്തൽ വിവാദം അവഗണിക്കുകയാണ്. അൻവർ വെളിപ്പെടുത്തിയ ഫോൺ ചോർത്തലിൽ അന്വേഷണം നടത്തിയാൽ പോലീസ് നടത്തുന്ന അനധികൃത ഫോൺ ചോർത്തലുകളും വെളിച്ചത്താവുമോ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ ഭയപ്പെടുന്നത്.


ഫോൺ ചോർത്താൻ അൻവറിന് സാങ്കേതിക സഹായമടക്കം എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും യാതൊരു അന്വേഷണവുമില്ല. 5വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനധികൃത ഫോൺചോർത്തൽ.


അൻവറിന്റേത് വെറും ആരോപണം മാത്രമെന്ന നിലപാടിലാണ് സർക്കാരും പോലീസും. ഫോൺ ചോർത്തിയെന്ന അൻവറിന്റെ വാദം പോലീസ് ഗൗരവമായെടുക്കുന്നില്ല. അൻവർ വാട്‌സാപ്പ് കോൾ റെക്കോഡ് ചെയ്ത് ഉപയോഗിച്ചത് മാത്രമാണെന്ന നിഗമനത്തിലാണ് പോലീസ്.

എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനുനേരേ ഫോൺചോർത്തൽ ആരോപണം ഉന്നയിച്ച അൻവർ, താനും ചില ഫോണുകൾ ചോർത്തി നടത്തിയെന്നതയെന്ന തരത്തിലാണ് പത്രസമ്മേളനത്തിൽ പറഞ്ഞത്. പോലീസിലെ ചിലരുടെ സഹായത്തോടെയാണ് ചോർത്തലെന്നായിരുന്നു വാദം.


ഫോൺ ചോർത്തലിന്റെ ശിക്ഷയേറ്റുവാങ്ങാൻ തയ്യാറാണെന്നും അൻവർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ തനിക്കു വന്ന ഫോൺവിളികൾ റെക്കോർഡ് ചെയ്തതിനപ്പുറം അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.


പോലീസിന്റെ ഫോൺചോർത്തൽ സംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടോ എന്നു പോലും അന്വേഷിക്കാത്തതാണ് ദുരൂഹം. ഫോൺ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഗവർണർ, മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞെങ്കിലും ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പരിധിയിൽ ഫോൺചോർത്തലില്ല. മാത്രമല്ല, അൻവർ ഫോൺവിളികൾ റിക്കോർഡ് ചെയ്ത് പുറത്തുവിടുന്നതിനെതിരെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്.


ഇത് പൊതു പ്രവർത്തകർക്ക് ചേരുന്നതല്ലെന്നും പറഞ്ഞു. വാട്സ് ആപ്പ് വിളികൾ മറ്റൊരു ഫോണിൽ റെക്കാർഡ് ചെയ്ത് പുറത്തുവിടുന്നതാവാമെന്നാണ് പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്.


അനുമതിയില്ലാതെ ആരുടെയും ഫോൺ ചോർത്തുന്നില്ലെന്ന വാദമാണ് സർക്കാരിന്റേത്. ചില സന്ദർഭങ്ങളിൽ ഔദ്യോഗികമായി ഫോൺ ചോർത്താനാകും. രാജ്യദ്രോഹപ്രവർത്തനം, കള്ളനോട്ടുകേസുകൾ തുടങ്ങിയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഫോൺചോർത്താം.

ചീഫ് സെക്രട്ടറി, നിയമ, പൊതുഭരണസെക്രട്ടറിമാർ അടങ്ങിയ ഉന്നതസമിതിയാണ് ഇതിന് അനുമതി നൽകുന്നത്. ഐ.ജി.മാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് ഫോൺ ചോർത്താൻ ആഭ്യന്തരസെക്രട്ടറിയോട് അനുമതി തേടാനാകും. രണ്ടുമാസത്തേക്ക് മാത്രമാകും അനുമതി നൽകുക. ആവശ്യമെന്നുകണ്ടാൽ ഒരുമാസത്തേക്കുകൂടി നീട്ടും.


ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെ പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്. ‌വിവര ശേഖരണത്തിനായി മാദ്ധ്യമപ്രവർത്തകരുടെ ഫോണും ചോർത്തുന്നുണ്ട്.


 

Advertisment