കോതമംഗലം: കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ ആറുകിലോമീറ്റർ ഉള്ളിലായി അറക്കമുത്തിയിൽ ആണ് ഇവരെ കണ്ടെത്തിയതെന്ന് മലയാറ്റൂർ ഡി.എഫ്.ഒ മാധ്യമങ്ങളെ അറിയിച്ചു. വനത്തിൽനിന്ന് ആറുകിലോമീറ്റർ നടന്നുവേണം തിരിച്ചുവരാൻ.
കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക് പോയത്.
കാണാതായ മായയുമായി ഇന്നലെ വൈകീട്ട് നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. തുടർന്ന് ഫോൺ ബന്ധം നിലച്ചു. നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണിത്. പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോവുകയായിരുന്നു. ഇന്നലെ ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ചത്.