Advertisment

സി.പി.എമ്മിന് ' സ്വതന്ത്ര ' തലവേദന തുടരുന്നു. പി.വി.അൻവറിന് പിന്നാലെ കൊടുവളളിയിലെ മുൻ എം.എൽ.എ കാരാട്ട് റസാഖും പാ‍ർട്ടിയോട് ഇടയുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുളളവർക്ക് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ സി.പി.എം ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്ന് തുറന്നടിച്ച് കാരാട്ട് റസാഖ്. റസാഖ് ഇടഞ്ഞതോടെ സമവായ ശ്രമവുമായി കോഴിക്കോട് ജില്ലാ നേതൃത്വം

പി.വി.അൻവറിന് പിന്നാലെ കൊടുവളളിയിലെ മുൻ എം.എൽ.എ കാരാട്ട് റസാഖും സി.പി.എമ്മുമായി ഇടയുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
pinarayi vijayan karat razack
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : പി.വി.അൻവറിന് പിന്നാലെ കൊടുവളളിയിലെ മുൻ എം.എൽ.എ കാരാട്ട് റസാഖും സി.പി.എമ്മുമായി ഇടയുന്നു. മണ്ഡലത്തിലെ വികസനം പ്രശ്നങ്ങൾ ഉൾപ്പെടെ താൻ ഉന്നയിച്ച കാര്യങ്ങളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ സി.പി.എമ്മുമായുളള ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കാരാട്ട് റസാഖിൻെറ മുന്നറിയിപ്പ്.

Advertisment

വർഷങ്ങൾക്കു മുമ്പ്, മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ കത്ത് നൽകി ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ പോലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.

karat razack


അടുത്ത കാലത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ജില്ലാ സെക്രട്ടറി പി.മോഹനനെയും എളമരം കരീമിനെയും  ബന്ധപ്പെട്ട് പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തി. എന്നിട്ടും പ്രശ്നങ്ങൾ അതേപോലെ നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് കാരാട്ട് റസാഖ് സി.പി.എമ്മിനെതിരെ വിമത ശബ്ദമുയ‍ർത്തുന്നത്.


 പാർട്ടിയിൽ നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ലെങ്കിലും ഇതുവരെ മാറി ചിന്തിക്കാത്തത്, പിതൃതുല്യനായ മുഖ്യമന്ത്രിയോടുളള സ്നേഹം മാത്രം കൊണ്ടാണെന്നും റസാഖ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറയുന്നുണ്ട്.

പാർട്ടിയുമായുളള ബന്ധം വേർപ്പെടുത്തിയാൽ പി.വി. അൻവറുമായി യോജിക്കുമോയെന്ന ചോദ്യത്തിന് അൻവറിന് അദ്ദേഹത്തിൻെറ വഴി, തനിക്ക് തൻെറ വഴി എന്ന മറുപടിയാണ് നൽകുന്നത്.

pv anvar


എന്നാൽ രാഷ്ട്രീയമായത് കൊണ്ട് ഒന്നും മുൻകൂട്ടി പറയാൻ കഴിയില്ലെന്നും  എന്തും സംഭവിക്കാമെന്നും കൂടി കൂട്ടിചേർക്കുന്നുമുണ്ട്. അൻവറിൻെറ പാത സ്വീകരിക്കാൻ കഴിയില്ലെന്ന സൂചനയാണ് ഈ പ്രതികരണത്തിൽ നിന്ന് പുറത്തുവരുന്നത്.


പാർട്ടിയുമായി അകലുകയാണെന്ന വിവരം പുറത്തായതോടെ കാരാട്ട് റസാഖിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമായി സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. അൻവറിൻെറ മാതൃക പിന്തുടർന്ന് കാരാട്ട് റസാഖ് കൂടി പാർട്ടി ബന്ധം ഉപേക്ഷിക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് വേഗത്തിൽ തന്നെ ഇടപെടൽ നടത്തിയത്.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് എത്തിയവർ പുറത്തുപോകുന്നത് ആ വിഭാഗത്തിനുളളിൽ പാർട്ടിയെക്കുറിച്ച് അവിശ്വാസം പടരാൻ ഇട നൽകുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നാണ് സി.പി.എം കാരാട്ട് റസാഖിനെ അറിയിച്ചിരിക്കുന്നത്.


കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണ് കാരാട്ട് റസാഖുമായി സംസാരിച്ചത്. പ്രദേശത്തെ വികസനം മുടക്കുന്ന സമീപനത്തോട് യോജിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും കാരാട്ട് റസാഖിനോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് മുന്നോട്ടുവന്നു.


എന്നാൽ നിലപാടിൽ അയവ് വരുത്തുന്ന  ലക്ഷണമൊന്നും കാരാട്ട് റസാഖിൽ നിന്ന് ഉണ്ടായിട്ടില്ല.സി.പി.എം ജില്ലാ നേതൃത്വവുമായുളള ചർച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

2016ലാണ് കാരാട്ട് റസാഖ്  സ്വതന്ത്രനായി സി.പി.എം ക്യാമ്പിലേക്ക് എത്തുന്നത്. മുസ്ലീം ലീഗ് വിട്ട് നേരത്തെ പാർട്ടി പാളയത്തിലെത്തിയ പി.ടി.എ റഹീം ഉൾപ്പെടെയുളളവരുടെ ഇടപെടലായിരുന്നു ലീഗ് നേതാവായ കാരാട്ട് റസാഖിനെ സി.പി.എം കൂടാരത്തിലെത്തിച്ചത്.

2016ൽ കൊടുവളളിയിൽ നിന്ന് ജയിച്ച റസാഖ് സി.പി.എമ്മിൻെറ പ്രതീക്ഷ കാത്തു. മുസ്ലീം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ 573 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കാരാട്ട് റസാഖ് കൊടുവളളിയിൽ ചെങ്കൊടി പാറിച്ചത്.


എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിന് കൊടുവളളിയിൽ കാലിടറി. ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനോട് 6344 വോട്ടിന് തോറ്റു. തോൽവിക്ക് പിന്നാലെയാണ് കാരാട്ട് റസാഖും  സി.പി.എമ്മും തമ്മിലുളള ബന്ധത്തിൽ ഇടർച്ച വരുന്നത്.


cpm flag

തോൽവിക്ക് കാരണം സി.പി.എം  പ്രാദേശിക നേതൃത്വത്തിൻെറ കൈകളാണെന്ന സംശയം ആയിരുന്നു കാരണം. കൊടുവളളിയിൽ നടപ്പാക്കാൻ ശ്രമിച്ച വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കാനും സി.പി.എമ്മിൻെറ പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്നും കാരാട്ട് റസാഖിന് പാരാതിയുണ്ട്.

എം.കെ.മുനീറുമായി സി.പി.എം പ്രാദേശിക നേതാക്കൾ രഹസ്യ ചർച്ച നടത്തിയതിൻെറ ഫലമായാണ് താൻ കൊണ്ടുവന്ന കൊടുവളളി ഫ്ളൈ ഓവർ പദ്ധതി നിർത്തിവെയ്പിച്ചതെന്നാണ് കാരാട്ട് റസാഖിൻെറ പരാതി. സി.പി.എം ജില്ലാ നേതൃത്വവുമായുളള സമവായ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ പി.വി. അൻവറിൻെറ വഴി സ്വീകരിച്ച് കാരാട്ട് റസാഖും സി.പി.എം ബന്ധം വിടാനാണ് സാധ്യത.

Advertisment