കണ്ണൂർ: ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ല കലക്ടർ അരുൺ കെ. വിജയനാണ് വരണാധികാരി. ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരിയെ സ്ഥാനാർഥിയായി സി.പി.എം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി പേരാവൂർ ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ എം. ജുബിലി ചാക്കോ മത്സരിക്കും.
മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പി.പി. ദിവ്യ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ല പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 17 അംഗങ്ങളും യു.ഡി.എഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. അതുകൊണ്ടുതന്നെ സി.പി.എമ്മിലെ അഡ്വ. കെ.കെ. രത്ന കുമാരി പുതിയ പ്രസിഡന്റാകും.