Advertisment

പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനുമോൾ തന്നെ. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് പുതിയ പരീക്ഷണം ലക്ഷ്യമിട്ട്. വനിത നേതാവെന്നതും മുസ്ലിം വിഭാഗത്തിൽ നിന്നുളള പ്രതിനിധിയെന്നതും ബിനുമോൾക്ക് അനുകൂലമായി

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബിനുമോൾ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി

New Update
k binumol 1

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബിനുമോൾ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള പ്രതിനിധി എന്നതും വനിത എന്നതുമാണ് ബിനുമോളെ സ്ഥാനാർത്ഥിയായി പരിഗണിക്കാനുളള പ്രധാന കാരണം.

Advertisment

വലത് മുന്നണി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തുന്നവരും ഹിന്ദു സമുദായത്തിൽ നിന്നുളളവരായതിനാൽ ന്യൂനപക്ഷ കാർഡ് ഇറക്കി ഭാഗ്യപരീക്ഷണം നടത്താനാണ് സി.പി.എമ്മിൻെറ പദ്ധതി.


മുസ്ലിം വോട്ടർമാർ നിർണായക വോട്ട് ബാങ്കായിട്ടുളള മണ്ഡലമാണ് പാലക്കാട്. രണ്ട് പുരുഷ സ്ഥാനാർത്ഥികൾക്കിടയിൽ ഒരു വനിതാ സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ സ്ത്രീ വോട്ടർമാരുടെ പിന്തുണ അവർക്ക്  ലഭിക്കുമെന്ന പ്രതീക്ഷയും സി.പി.എമ്മിൻെറ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.


 സി.പി.എം ജില്ലാ കമ്മറ്റി അംഗമായ ബിനുമോൾ, ജില്ലയിലെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളാണ്. ചിറ്റൂർ ഗവ. കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ബിനുമോൾ, എസ്.എഫ്.ഐയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം, ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമിതി അംഗം എന്നീ പദവികളിലിരുന്ന ശേഷമാണ് സി.പി.എം ജില്ലാ നേതൃത്വത്തിലേക്ക് എത്തിയത്.

ആകർഷകമായ പെരുമാറ്റം കൊണ്ട് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരമുളള നേതാവാണ് ബിനുമോൾ. സി.പി.എമ്മിൻെറ ഉന്നത നേതാക്കളിൽ ഒരാളായിരുന്ന ഇ.കെ.ഇമ്പിച്ചിബാവയുടെ കുടുംബത്തിൽ നിന്നുളളയാളാണ് ബിനുമോൾ.


 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട പാലക്കാട് മണ്ഡലത്തിൽ പുതിയ പരീക്ഷണം ഫലം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് സി.പി.എം.


 1996ൽ ടി.കെ.നൗഷാദിലൂടെയാണ് സി.പി.എം പാലക്കാട് മണ്ഡലത്തിൽ ചെങ്കൊടി നാട്ടിയത്. പിന്നീട് വി.എസ് തരംഗത്തിൽ 2006ൽ ട്രേഡ് യൂണിയൻ നേതാവ് കെ.കെ. ദിവാകരനും  പാലക്കാട് നിന്ന് സി.പി.എം ബാനറിൽ ജയിച്ചു.1996ലെ നൗഷാദിൻെറ ജയത്തിൽ നിന്ന് ആത്മവിശ്വാസം ഉൾക്കൊണ്ടാണ് ഇത്തവണ സ്വതന്ത്ര പരീക്ഷണം ഉപേക്ഷിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള വനിതാ സ്ഥാനാർത്ഥിയെ അണിനിരത്തി പരീക്ഷണത്തിന് മുതിരുന്നത്.

ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച രണ്ടുപേരും ന്യൂനപക്ഷ സമുദായത്തിൽ നിന്നുളളവരായിരുന്നു. രണ്ട് പേരുകൾ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ചക്ക് വന്നപ്പോൾ ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണ ബിനുമോൾക്കായിരുന്നു.


ബിനുമോളെ സ്ഥാനാർത്ഥിയാക്കണെമന്ന നിർദ്ദേശം വൈകാതെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വം കൂടി സമ്മതം മൂളിയതോടെയാണ് ബിനുമോൾ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായത്.


ജില്ലാ പഞ്ചായത്തംഗമായി രണ്ടാം ടേമിലുളള കെ. ബിനുമോൾക്ക് പ്രാദേശിയ ഭരണകൂടങ്ങളുടെ ഭരണ സാരഥ്യത്തിലിരുന്ന് നല്ല അനുഭവ പരിചയമുണ്ട്. കുഴൽമന്ദം ബ്ലോക്ക്‌ പഞ്ചായത്തംഗമായാണ് ബിനുമോൾ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.

2015ൽ കൊടുന്തിരപ്പിളളിയിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചു. അക്കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷയായും പ്രവർത്തിച്ചു. ഇപ്പോൾ ജില്ലാ പഞ്ചായത്തിൽ മലമ്പുഴ ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്.


വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ സ്ഥാനാർത്ഥിയായി വരുന്നതും വനിതയാകും. സംസ്ഥാന മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ഇ.എസ് ബിജിമോളാകും വയനാട്ടിലെ സി.പി.ഐ സ്ഥാനാർത്ഥി.


വയനാട്ടിൽ രണ്ടാമതൊരു ഊഴത്തിന് ഇല്ലെന്ന് ആനിരാജ വ്യക്തമാക്കിയതോടെയാണ് സ്ഥാനാർത്ഥിയെ കണ്ടെത്താനുളള അന്വേഷണം ബിജിമോളിൽ എത്തി നിന്നത്. സി.പി.ഐ ദേശിയ കൗൺസിൽ അംഗമായ പി. വസന്തത്തിൻെറ പേരും പരിഗണനയിലുണ്ട്. എന്നാൽ ബിജിമോൾ തന്നെ സ്ഥാനാർത്ഥി ആകാനാണ് സാധ്യത.

Advertisment