തൊടുപുഴ: കുന്നത്ത് ജോണിൻ്റെയും മറിയത്തിൻ്റെയും മകനായി 1938 ജൂൺ 28ന് ആരക്കുഴ ഇടവകയിയിലെ നടുക്കരയിലുള്ള അമ്മ വീട്ടിൽ ഏഴ് മക്കളിൽ രണ്ടാമത്തെയാളായാണ് കുന്നത്തച്ചൻ എന്ന് വിളിക്കപ്പെടുന്ന ഫാ. മാത്യു ജെ. കുന്നത്തിൻ്റെ ജനനം.
വൈദിക ജീവിതത്തിൻ്റെ വിത്തുകൾ പാകിയത് സ്വന്തം മാതാവാണെന്ന് ഫാ. മാത്യു ജെ.കുന്നത്ത് വെളിപ്പെടുത്തുന്നു. ചെറുപ്പത്തിൽ പിതാവായ ജോണിൻ്റെ ഷർട്ട് ധരിച്ച് താൻ വൈദികൻമാരെ അനുകരിക്കുമായിരുന്നുവെന്ന് അമ്മ പറഞ്ഞതായി ഓർക്കുന്നുവെന്നും കുന്നത്തച്ചൻ പറയുന്നു.
പ്രാഥമിക വിദ്യാഭ്യാസം മുതൽ സെമിനാരി പഠനം വരെയുള്ള കാലയളവിൽ മാതാപിതാക്കളോടൊപ്പം വിവിധയിടങ്ങളിൽ മാറി മാറി താമസിക്കേണ്ടി വന്നതിനാൽ വിദ്യാലയങ്ങളും ഒപ്പം മാറ്റേണ്ടി വന്നുവെന്ന് കുന്നത്തച്ചൻ പറഞ്ഞു.
വൈദികനായി നിരവധി ഇടവകകളിൽ വികാരിയായും കുന്നത്തച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജീവിതത്തിൽ റോൾ മോഡലായി നാലോളം പേരെ കണ്ടെത്താൻ സാധിച്ചുവെന്നും, വൈദിക സേവനത്തിനിടെ നടത്തിയ അമേരിക്കൻ യാത്രയിൽ മദർ തെരേസയെ സന്ദർശിക്കാൻ ഇടയായത് വഴിത്തിരിവായെന്നും കുന്നത്തച്ചൻ വെളിപ്പെടുത്തുന്നു.
ലോകത്തെ ആദ്യ മദർ തെരേസാ പ്രതിഷ്ഠ സേവ്യേഴ്സ് ഹോമിൻ്റെ മുറ്റത്തായിരുന്നു എന്നത് ചരിത്രമാറി മാറിയെന്നും കുന്നത്തച്ചൻ ഓർക്കുന്നു. മദറിൽ നിന്ന് ഉൾക്കൊണ്ട ആശയങ്ങൾ അടിസ്ഥാനമാക്കിയുളള പ്രവർത്തനങ്ങളാണ് സേവ്യേഴ്സ് ഹോമിൽ ഇന്നും തുടരുന്നത്.
കുടുംബ വീതം വിറ്റ് കിട്ടിയ പണം കൊണ്ട് വാങ്ങിയ ഭൂമിയിൽ ഇന്നത്തെ സേവ്യേഴ്സ് ഹോം പ്രവർത്തിക്കുന്നു എന്നത് അഭിമാനം പ്രതീകമായാണ് കരുതുന്നത്.
തൊടുപുഴയ്ക്ക് പുറമേ തലയനാട് സേവ്യേഴ്സ് കെയർ ഹോമും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾ നൽകുന്ന സംഭാവനയിലും സഹകരണത്തിലുണ് സേവ്യേഴ്സ് ഹോമിൻ്റ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
പൗരോഹിത്യത്തിൻ്റെ വജ്ര ജൂബിലി ആഘോഷം നവംമ്പർ 30 ശനിയാഴ്ച ലളിതമായി നടത്തും. രാവിലെ10 ന് കൃതജ്ഞത ബലി, തുടര്‍ന്ന് 11.30 ന് പൊതുയോഗം.