തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ തിരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ കേസില്ലാതെ രക്ഷിക്കാൻ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒത്തുകളി.
തന്റെ ഫോൺ ഹാക്ക് ചെയ്താണ് വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന് കള്ളപ്പരാതി നൽകിയതിനും ഫോണുകൾ പലവട്ടം ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചതിനും ഗോപാലകൃഷ്ണനെതിരേ കേസെടുക്കാവുന്നതാണ്.
പക്ഷേ, ഗ്രൂപ്പിൽ അംഗങ്ങളായി ചേർത്ത ആരെങ്കിലും പരാതി നൽകണമെന്ന നിലപാടിലാണ് പോലീസ്. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതി നിയമോപദേശത്തിന് വിട്ടിട്ട് ഒരാഴ്ചയായിട്ടും മറുപടിയുമില്ല, നടപടിയുമില്ല എന്നതാണ് സ്ഥിതി.
ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാവില്ലെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ലെന്നും ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഉദ്ദേശം വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് പറ്റില്ലെന്ന പോലീസിന്റെ വാദം.
എന്നാൽ ഗോപാലകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുള്ള ചീഫ്സെക്രട്ടറിയുടെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാണ്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് സസ്പെൻഷൻ ഉത്തരവിലുണ്ട്. എന്നാൽ ഇത് വകുപ്പുതല നടപടിയുടെ ഭാഗം മാത്രമാണെന്നും കേസെടുക്കാൻ തക്ക കാരണമല്ലെന്നും പോലീസ് പറയുന്നു.
മുസ്ലീം ഗ്രൂപ്പിൽ തന്നെ ചേർത്തതിനെതിരേ കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള ചീഫ്സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാൽ അദീലയുടേത് പരാതിയല്ലെന്നും കേവലം നോട്ടീസ് മാത്രമാണെന്നുമാണ് പോലീസിന്റെ നിലപാട്.
വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരോ സർക്കാരോ പരാതി നൽകിയാലല്ലാതെ പുറമെ നിന്നുള്ള പരാതി പരിഗണിച്ച് കേസെടുക്കാനാവില്ലെന്നും പോലീസ് പറയുന്നു. ഗ്രൂപ്പിൽ അംഗങ്ങളായ ഐ.എ.എസുകാർ ആരും പരാതി നൽകില്ലെന്ന ഉത്തമ ബോദ്ധ്യത്തിലാണ് പോലീസിന്റെ ഈ പുതിയ നിലപാട്.
ഉദ്യോഗസ്ഥർക്കിടയിലും സമൂഹത്തിലും മതസ്പർദ്ധ വളർത്താനുദ്ദേശിച്ചാണ് വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും കേസെടുക്കണമെന്നുമാണ് കോൺഗ്രസിന്റെ പരാതി. എന്നാൽ വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരോ സർക്കാരോ പരാതി നൽകിയാലല്ലാതെ പുറമെ നിന്നുള്ള പരാതി പരിഗണിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം.
തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിനു വ്യാജപരാതി നൽകുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഗോപാലകൃഷ്ണൻ ഹാജരാക്കിയ ഫോൺ ഫോർമാറ്റ് ചെയ്തത് തെളിവു നശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്. സർക്കാരിനെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചതും കുറ്റകരമാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താനായിരുന്നു ഗോപാലകൃഷ്ണന്റെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമൂഹത്തിലെ ഐക്യത്തിന് കോട്ടംതട്ടുന്ന തരത്തിലുള്ള പെരുമാറ്റം സിവിൽസർവീസ് ചട്ടപ്രകാരം ഗുരുതരസ്വഭാവമുള്ളതാണ്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തറിഞ്ഞപ്പോൾ മുസ്ലീം ഉദ്യോഗസ്ഥർക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
ഗൂഗിളും വാട്സാപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഹാക്കിംഗ് നിഷേധിച്ചു. ഫോറൻസിക് പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല. ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തതിനാൽ ഹാക്കിംഗ് തിരിച്ചറിയാനാവുന്നില്ല.
ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്നതും ഗോപാലകൃഷ്ണന് തിരിച്ചടിയാണ്. എന്നാൽ ഇതൊന്നും പോലീസ് പരിഗണിക്കുന്നതേയില്ല.