കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍.
ആസാം സ്വദേശിനെയും നിലവില്‍ മുക്കം കുമാരനല്ലൂര്‍ മുരിങ്ങപുറായി മസ്ജിദിന് സമീപം താമസവുമായ 19 കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ഡിജില്‍ കെ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രാഗേഷ് പി ആര്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രാഗേഷ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
രാത്രി 11.10ന് രാഗേഷിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും രാഗേഷ് പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് ഡിജില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.