Advertisment

താരവിഗ്രഹങ്ങൾ ഉടയുമോ ?  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റീസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് ഇന്ന്‌ പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടുന്നത് വിവരാവകാശ കമ്മീഷൻെറ ഇടപെടലിനെ തുടർന്ന്. റിപ്പോർട്ടിൻെറ പകർപ്പ് ലഭിക്കുക വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ഏഴ് മാധ്യമ സ്ഥാപനങ്ങൾക്ക്. റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെയും കണ്ടെത്തലുകളെയും ചുറ്റിപ്പറ്റി ആകാംക്ഷ ഉയരുന്നു

ഇന്ന് കേരളം ഞെട്ടിത്തരിക്കുമോ ? മലയാള സിനിമാരംഗത്ത് വനിതകൾക്ക് നേരെ നടക്കുന്ന തെറ്റായ പ്രവണതകളും ചൂഷണങ്ങളും പുറത്തുവരുമോ ? മലയാള സിനിമയിലെ താര വിഗ്രഹങ്ങൾ ഉടയുമോ ?

New Update
hema commission

തിരുവനന്തപുരം: ഇന്ന് കേരളം ഞെട്ടിത്തരിക്കുമോ ? മലയാള സിനിമാരംഗത്ത് വനിതകൾക്ക് നേരെ നടക്കുന്ന തെറ്റായ പ്രവണതകളും ചൂഷണങ്ങളും പുറത്തുവരുമോ ? മലയാള സിനിമയിലെ താര വിഗ്രഹങ്ങൾ ഉടയുമോ ? അതോ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നടത്തുന്ന 'സെൻസറിങ്ങിൽ' മല പോലെ വന്നത് എലി പോലെയാകുമോ?  

Advertisment

സിനിമ മേഖലയില്‍ പ്രവ‍‍ർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻെറ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെ ഉയരുന്ന ചോദ്യങ്ങളാണിത്.

ഞെട്ടിപ്പിക്കുന്ന മൊഴികളും പരമാർ‍ശങ്ങളും ഉളളതിനാൽ റിപ്പോർട്ട്  ഭാഗികമായി മാത്രമേ സർക്കാർ  പുറത്തു വിടുകയുളളു. ഇങ്ങനെ സെൻസറിങ്ങിന് വിധേയമായി പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്തോഭജനകമായ ഒന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.


 സംസ്ഥാന വിവരാവകാശ കമ്മീഷൻെറ ഇടപെടലിനെ തുടര്‍ന്നാണ് വിവാദം ഭയന്ന്  പൂഴ്ത്തിവെച്ചിരുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ  സർക്കാർ നിർബന്ധിതമായത്.


 മലയാള സിനിമയിൽ വനിതകൾക്ക് നേരെ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുളള നിർണായക വെളിപ്പെടുത്തലുളള റിപ്പോർട്ട് ലഭിക്കാൻ അപേക്ഷ നൽകിയ മാധ്യമ സ്ഥാപനങ്ങളുടെ അപ്പീലിലാണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്ന നിർണായക ഉത്തരവിട്ടത്.

വാർത്താ ചാനലുകളും പത്രസ്ഥാപനങ്ങളും അടക്കം 7 മാധ്യമ സ്ഥാപനങ്ങളാണ്  ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിൻെറ പകര്‍പ്പ് ആവശ്യപ്പെട്ട് ആദ്യം അപേക്ഷയും പിന്നീട് അപ്പീലും സമർപ്പിച്ചത്. ഇങ്ങനെ അപേക്ഷിച്ച 7 മാധ്യമ സ്ഥാപനങ്ങൾക്കാണ് ഇന്ന് ഉച്ചയോടെ കമ്മീഷൻ റിപ്പോർട്ട് ലഭിക്കുക.

എ.കെ. ബാലൻ സാംസ്കാരിക മന്ത്രിയായിരിക്കെയാണ് സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റീസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. 2019 ഡിസംബർ 31ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. അന്നു മുതൽ തുടങ്ങിയതാണ് റിപ്പോർട്ട് പുറത്തെത്തിക്കാനുളള ശ്രമങ്ങൾ.


ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ, അതിന്മേൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്ന ഹേമ കമ്മീഷൻ റിപോർട്ടിൻെറ കാര്യത്തിൽ സർക്കാർ ആ കീഴ്വഴക്കം പാലിച്ചില്ല.


നടിയെ ആക്രമിച്ച സംഭവവും അതുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതും അടക്കമുളള സംഭവങ്ങളാണ് ഹേമ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിക്കുന്നതിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് അടക്കമുളള സംഘടനകൾ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിൽ സമ്മർ‍ദ്ദം ചെലുത്തിയിരുന്നു. എന്നിട്ടും സർക്കാർ വഴങ്ങിയില്ല.

നിയമസഭയിൽ എം.എൽ.എമാർ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് രഹസ്യമാക്കി തന്നെ വെയ്ക്കാനായിരുന്നു സർക്കാരിൻെറ തീരുമാനം. പങ്കാളിത്ത പെൻഷൻ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ  കാര്യത്തിലും സർ‍ക്കാർ ഇതേ സമീപനം സ്വീകരിച്ചിരുന്നു.

 ഒടുവിൽ മാധ്യമ സ്ഥാപനങ്ങളുടെ അപ്പീലിൽ വിവരാവകാശ കമ്മീഷൻ അംഗം അബ്ദുൽ ഹക്കീമാണ് റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാരിനോട് ഉത്തരവിട്ടത്. റിപ്പോർട്ട് പുറത്തു വിടുമ്പോഴും ആളുകളുടെ സ്വകാര്യതയിലേക്ക് വെളിച്ചം വീശുന്നതും രഹസ്യാത്മകമായ ഭാഗങ്ങളും എഡിറ്റ് ചെയ്തശേഷമാകും കൈമാറുക.

മൊഴികൾ ഉൾപ്പെടെ 5000 പേജ് വരുന്ന റിപ്പോർട്ടിൻെറ അവസാന 300 പേജുകളിലാണ് കമ്മീഷൻെറ നിഗമനങ്ങളും കണ്ടെത്തലുകളും ഉളളത്. ഈ 300 പേജിൽ , 96ാം ഖണ്ഡികയും 165 മുതൽ 196 വരെയുളള ഖണ്ഡികയും ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക. വിവരാവകാശ കമ്മീഷനും ഈ നിർദ്ദേശം നൽകിയിരുന്നു.


 പ്രധാന ഭാഗങ്ങളെല്ലാം നീക്കി നൽകുന്ന റിപ്പോർട്ട് അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച പോലെ സ്ഫോടനാത്മകമാകാൻ ഇടയില്ല.


നടിയെ ആക്രമിച്ച സംഭവത്തോടെ രൂപം കൊണ്ട മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് മുഖ്യമന്ത്രിയേയും സാംസ്കാരിക മന്ത്രിയേയും കണ്ട് നിവേദനം നൽകിയതിൻെറ അടിസ്ഥാനത്തിലാണ് 2018ൽ സർക്കാർ ജസ്റ്റീസ് ഹേമ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചത്.

ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് ഹേമയെ കൂടാതെ പഴയകാല നടി ശാരദ,  ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരും കമ്മീഷനിൽ അംഗങ്ങളായിരുന്നു. വിവിധ സ്ഥലങ്ങളിൽവെച്ച് മൊഴിയെടുപ്പും തെളിവ് ശേഖരണവും എല്ലാം നടത്തിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചത്.

ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടാണ് നാല് വർഷത്തിലേറെയായി സർക്കാർ കോൾഡ് സ്റ്റോറേജിൽ വെച്ചത്. ഇതര ജുഡീഷ്യൽ കമ്മീഷനുകളെ പോലെ തന്നെ ഹേമ കമ്മീഷൻെറ പേരിലും സർക്കാർ ഖജനാവിൽ നിന്ന് നല്ലൊരു സംഖ്യ ചെലവായി.

1.65 കോടി രൂപയാണ് ഹേമ കമ്മീഷന് വേണ്ടി ചെലവിട്ടതെന്നാണ് സർക്കാർ തന്നെ നൽകുന്ന കണക്ക്. ഇപ്പോൾ വിവരാവകാശ കമ്മീഷൻെറ ഇടപെടലിലൂടെ റിപ്പോർട്ട്പുറത്തുവിട്ടില്ലായിരുന്നു എങ്കിൽ ഇത്രയും പണം പാഴായേനെ.

Advertisment