Advertisment

കോടികള്‍ പറന്നിറങ്ങുന്ന സ്വര്‍ണം. കണ്ണൂരും കരിപ്പൂരും കേന്ദ്രങ്ങള്‍. കടത്താന്‍ പുതു പുത്തന്‍ മാര്‍ഗങ്ങള്‍. ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താനും മടിയില്ല. ഇത് സിനിമയെ വെല്ലും തിരക്കഥകള്‍

മലയാളിക്ക് എന്നും സ്വര്‍ണത്തോട് കടുത്ത ഭ്രമമാണ്

New Update
gold1

representational image

കോട്ടയം: മലയാളിക്ക് എന്നും സ്വര്‍ണത്തോട് കടുത്ത ഭ്രമമാണ്. ആഭരണമായും അസറ്റായും സ്വര്‍ണത്തെ കരുതുന്നവര്‍ ഏറെ. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണത്തിനു വില വര്‍ധിച്ചതോടെ രാജ്യത്തെ സ്വര്‍ണക്കടത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണു കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

Advertisment

 മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 65% വര്‍ധനവാണു സ്വര്‍ണക്കടത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ചെറുതല്ലാത്ത പങ്ക് കേരളത്തിനുമുണ്ട്. കേരളാ പോലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 188 സ്വര്‍ണക്കടത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 147.79 കിലോ സ്വര്‍ണം പിടിച്ചെടുത്തു.


2020 മുതല്‍ 337 ഹവാല കേസുകളിലായി 122.55 കോടി രൂപ കണ്ടുകെട്ടി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വിമാനത്താവളത്തില്‍ 200 കോടിയോളം രൂപയുടെ 298 കിലോഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്.


 ഇതില്‍ 270 കിലോ സര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 28 കിലോ സര്‍ണം അധികമായി പോലീസ് പിടിച്ചെടുത്തു. 98 കേസുകളിലായി 80 കിലോ സ്വര്‍ണം പിടികൂടിയ 2022ലാണ് ഏറ്റവും വലിയ സ്വര്‍ണക്കടത്തു പിടികൂടിയത്.

കുറയാത്ത സ്വര്‍ണക്കടത്ത്

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിലും ബാഗുകളിലും ശരീരഭാഗങ്ങളിലും ഒളിപ്പിച്ചുള്ള സ്വര്‍ണ കടത്തു കേരളത്തില്‍ സജീവമാണ്. കേരളത്തില്‍ സ്വര്‍ണക്കടത്തു മറ്റെങ്ങുമില്ലാത്ത തരത്തില്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും സ്വര്‍ണക്കടത്തിന് മാത്രം കുറവില്ല. പലപ്പോഴും സ്വര്‍ണക്കടത്തു സംഘങ്ങള്‍ ഏറ്റുമുട്ടുന്നതും സിനിമാ സ്റ്റൈലില്‍ ആളെ തട്ടികൊണ്ടുപോയി മര്‍ദിക്കുന്നതും വേണ്ടി വന്നാല്‍ കൊലപ്പെടുത്തുന്നതും വരെ കേരളത്തില്‍ സര്‍വ സാധാരണമായി മാറിക്കഴിഞ്ഞു.

അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും പല കേസുകളും ഇന്നും തെളിയാതെ കിടക്കുന്നുണ്ട്. സ്വര്‍ണക്കടത്തിന്റെ വന്‍ റാക്കറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


 സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന വന്‍ കൊള്ളലാഭം ലക്ഷ്യമിട്ടാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഡിപ്ലോമാറ്റിക്കു ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് ആരോപണം കേരളത്തില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് അഴിച്ചു വിട്ടിരുന്നു.


തൊണ്ണൂറുകള്‍ മുതല്‍ സജീവമായ സ്വര്‍ണക്കടത്ത്

ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്വര്‍ണം മുഴുവന്‍ അറബ് രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്നവയാണ്. കോളാര്‍ ഗോഡ് ഫീല്‍ഡ്(കെ.ജി.എഫ്) പോലുള്ള ഖനികള്‍ ഇന്ത്യയ്ക്കു ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് കാലഘട്ടത്തില്‍ തന്നെ ഇവ  അടച്ചു പൂട്ടാറായവയായിരുന്നു.

1990 ല്‍ ഗോള്‍ഡ് കണ്ട്രോള്‍ ആക്ട് പിന്‍വലിച്ചതിനു പിന്നാലെ സ്വകാര്യ വ്യക്തികള്‍ക്ക് ഏതു രൂപത്തിലും സ്വര്‍ണം രാജ്യത്ത് എത്തിക്കാന്‍ സാധിക്കുമെന്നായി. എങ്കിലും ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി അടക്കം നല്ലൊരു തുക ഈടാക്കിയിരുന്നു.


 പില്‍ക്കാലത്തു സ്വര്‍ണത്തിന്‍ മേലുള്ള കസ്റ്റംസ് ഡ്യൂട്ടി 10 ഗ്രാമിന് 450 രൂപ എന്ന നിരക്കില്‍ നിജപ്പെടുത്തി. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന സ്വര്‍ണം യഥേഷ്ടം ഇവിടെ ക്രയവിക്രയം ചെയ്യാന്‍ കഴിയുമായിരുന്നു.


2013 ല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് ഡ്യൂട്ടി അടക്കമുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ഇതോടെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് ആഭ്യന്തര മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ പണം ചെലവാകുമെന്ന സ്ഥിതിയായി.

ഇതോടെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ സജീവമായി. പിന്നീട് ഇന്ത്യയിലെ സ്വര്‍ണ വിപണി കുതിച്ചു കയറുകയായിരുന്നു. നാള്‍ക്കുനാള്‍ വില വര്‍ധിക്കുന്നതിനൊപ്പം സ്വര്‍ണക്കടത്തു സംഘങ്ങള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാന്‍ തുടങ്ങി.

സ്വര്‍ണം പറന്നിറങ്ങുന്ന കണ്ണൂരും കരിപ്പൂരൂം

രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണം കടത്തുന്ന വിമാനത്താവങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയല്‍ കണ്ണൂരും കരിപ്പൂരുമുണ്ടാകും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കണ്ണൂരും കരിപ്പൂരും നടക്കുന്നതിന്റെ നാലിലൊന്നു പോലും മറ്റു എയര്‍പ്പോര്‍ട്ടില്‍ നടക്കുന്നില്ല. 

വിദേശ രാജ്യങ്ങളില്‍ നിന്നു കുറഞ്ഞ നിരക്കില്‍ വാങ്ങുന്ന സ്വര്‍ണം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു നാട്ടില്‍ എത്തിച്ചാല്‍ ഇടനിലക്കാര്‍ക്കും കടത്തല്‍ സംഘത്തിനും വന്‍ ലാഭം ഉറപ്പാണ്. പല ദിവസങ്ങളിലും 2 കിലോയ്ക്ക് അടുത്ത് സ്വര്‍ണമാണ് യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന യാത്രക്കാരില്‍ നിന്നും പിടിക്കപ്പെടുന്നത്.

ഇതുകൊണ്ടൊക്കെ തന്നെ രാജ്യത്ത് ഏറ്റവും അധികം സ്വര്‍ണക്കടത്തു നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. 2018 ഡിസംബര്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.


 ഉദ്ഘാടനം കഴിഞ്ഞു 17ാം ദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യമായി സ്വര്‍ണം പിടികൂടിയത്. അന്ന് 2.292 കിലോ സ്വര്‍ണം പിടികൂടി. ഉദ്ഘാടനം കഴിഞ്ഞു നാലു വര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും പിടികൂടിയ സ്വര്‍ണം 235 കിലോ പിന്നിട്ടിരുന്നു.



സ്വര്‍ണം പൂശിയ വസ്ത്രങ്ങള്‍

ഓരോ തവണ സ്വര്‍ണം പിടിക്കുമ്പോഴും അടുത്ത തവണ പിടിക്കപ്പെടാതിരിക്കാന്‍ സംഘങ്ങള്‍ പല വഴിതേടും. അന്താരാഷ്ട്ര യാത്രക്കാരുടെ ബാഗുകള്‍ അവര്‍ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ വിശദമായ പരിശോധനയക്കു വിധേയമാക്കുന്നുണ്ട്.

ഇതിനെ മറികടന്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങില്‍ ഒളിപ്പിച്ചും സ്വര്‍ണം പൂശിയ വസ്ത്രങ്ങളും സ്വര്‍ണം ചാലിച്ച ശീതളപാനീയങ്ങളും ഒക്കം കള്ളക്കടത്തു സംഘങ്ങള്‍ പരീക്ഷിക്കാറുണ്ട്. വേണ്ടിവന്നാല്‍ ശരീരഭാഗങ്ങളിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തും.


 കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഒരു വിമാനത്തവളത്തില്‍ തലമുടിക്ക് ഇടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ സംഭവവുമുണ്ടായി. തലമുടിയുടെ നടുവിലെ ഭാഗം വടിച്ച ശേഷം മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ഒട്ടിച്ചു വെയ്ക്കും, ഇതിന്റെ മുകളില്‍ വിഗ് വച്ചു സാധാരണ രൂപത്തിലാക്കിയാണു കടത്താറ്.


പിടിക്കപ്പെട്ടാന്‍ ആകെ മൂല്യത്തിന്റെ 25 % ശതമാനം വരെ പിഴ

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 6 മാസത്തില്‍ കവിയാത്ത വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോള്‍ 10 കിലോ വരെ സ്വര്‍ണം കൈവശം വെയ്ക്കാം. എന്നാല്‍ ഈ സ്വര്‍ണം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ റെഡ് ചാനലില്‍ സ്വമേധയാ അറിയിക്കുകയും 10 ശതമാനം ഡ്യൂട്ടി അടയ്ക്കുകയും ചെയ്യണം.

ഇത്തരത്തില്‍ സ്വമേധയാ വെളിപ്പെടുത്താതെ കൊണ്ടുവരുന്ന സ്വര്‍ണത്തെ കള്ളക്കടത്തു വസ്തുവായാണു കണക്കാക്കുന്നത്. ഈ സ്വര്‍ണം പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസ് വകുപ്പിനുണ്ട്. ഈ രീതിയില്‍ അനധികൃതമായി സ്വര്‍ണം കടത്തുന്ന വ്യക്തിക്ക് ആകെ മൂല്യത്തിന്റെ 25 %ശതമാനം വരെ പിഴയായും, സ്വര്‍ണത്തിന്റ മൂല്യം ഉയരുന്നതിനനുസരിച്ചു തടവു ശിക്ഷയും ലഭിക്കും.

തൃശൂരിലെ നികുതിവെട്ടിപ്പ്

സ്വര്‍ണാഭരണ ശാലകളില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ആയിരം കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ്. വിറ്റുവരവു മറച്ചുവച്ചാണു നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്.


 സ്വര്‍ണാഭരണ ശാലകളില്‍നിന്നു പിടിച്ചെടുത്ത അഞ്ചുവര്‍ഷത്തെ രേഖകള്‍ പരിശോധിച്ചാണു വെട്ടിപ്പു കണ്ടെത്തിയത്. മാസം പത്തുകോടി വരെ വിറ്റുവരവുള്ള സ്ഥാപനത്തില്‍ രണ്ടുകോടി രൂപ മാത്രമാണു രേഖകളില്‍ കാണിച്ചിരുന്നത്. സംഭവത്തില്‍ സമഗ്ര പരിശോധനയ്ക്കായി 42 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.


സ്വര്‍ണാഭരണശാലകളില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞതു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറുമാസമായി ഈ സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലായിരുന്നു.

കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷമായി ജി.എസ്.ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരില്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയുടെ ലക്ഷ്യം.

ഇതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്കു ലഭിക്കുമെന്നാണു കണക്കാക്കുന്നത്. വെട്ടിപ്പ് പുറത്തുവന്നതോടെ സ്വര്‍ണാഭരണശാലകള്‍ക്കു പിഴയടക്കേണ്ടി വരും.

Advertisment