Advertisment

17 വര്‍ഷം നീണ്ട കാത്തിരിപ്പ്; തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനാകാതെ ഒരു പിതാവും മകനും ! ഇത് സിനിമാക്കഥകളെ വെല്ലും വിധം ട്വിസ്റ്റുകള്‍ നിറഞ്ഞ അവിശ്വസനീയ ജീവിതകഥ; കോഴിക്കോട് സംഭവിച്ചത്‌

ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കുട്ടിയുടെ പിതാവും കടിയങ്ങാട് സ്വദേശിയായ മാതാവും വിവാഹിതരായത്. എന്നാല്‍ കുഞ്ഞ് ജനിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതി മരിച്ചു. യുവതിയുടെ ബന്ധുക്കള്‍ കുട്ടിയെ പിതാവില്‍ നിന്നും അകറ്റി കൂടെ കൊണ്ടുപോയി.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
father and son

കോഴിക്കോട്: 17 വര്‍ഷം മുമ്പ് തന്നില്‍ നിന്നും അടര്‍ത്തിയ മാറ്റിയ സ്വന്തം കുഞ്ഞ് തന്റെ അടുത്തിരുന്നിട്ടും ആ പിതാവിന് മനസിലാക്കാന്‍ സാധിച്ചില്ല. തൊട്ടടുത്ത് ഇരിക്കുന്നത് തന്റെ പിതാവാണെന്ന് ആ പതിനേഴുകാരനും മനസിലായില്ല. ഒടുവില്‍ സിനിമാക്കഥകളെ വെല്ലുന്ന ക്ലൈമാക്‌സില്‍ ആ പിതാവും മകനും പരസ്പരം തിരിച്ചറിഞ്ഞു.  കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസിലാണ് ഈ അപൂര്‍വ നിമിഷം അരങ്ങേറിയത്.

Advertisment

ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കുട്ടിയുടെ പിതാവും കടിയങ്ങാട് സ്വദേശിയായ മാതാവും വിവാഹിതരായത്. എന്നാല്‍ കുഞ്ഞ് ജനിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതി മരിച്ചു. യുവതിയുടെ ബന്ധുക്കള്‍ കുട്ടിയെ പിതാവില്‍ നിന്നും അകറ്റി കൂടെ കൊണ്ടുപോയി.

കുഞ്ഞിന് രണ്ട് വയസുള്ളപ്പോള്‍ അമ്മയുടെ ബന്ധുക്കള്‍ സിഡബ്ല്യുസിയുടെ ബോയ്‌സ് ഹോമിലാക്കി. അമ്മ മരിച്ചെന്നും പിതാവ് നാടുവിട്ടു പോയെന്നുമായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പാരമ്പര്യ സ്വത്തിലുള്ള കുട്ടിയുടെ അവകാശം മനസിലാക്കിയ ഇവര്‍ ഏഴ് വര്‍ഷത്തിന് ശേഷം കുട്ടിയെ തിരിച്ചുകൊണ്ടുപോയി. എന്നാല്‍ കുട്ടിയെ നോക്കാനുള്ള കഴിവില്ലെന്നും പറഞ്ഞ് 14-ാം വയസില്‍ വീണ്ടും ബോയ്‌സ് ഹോമിലെത്തിച്ചു.

ഇതിനിടെ കുട്ടിയെക്കുറിച്ച് സിഡബ്ല്യുസി അധികൃതര്‍ രഹസ്യമായി അന്വേഷണം തുടങ്ങി. കുട്ടി കോടികളുടെ സ്വത്തിന് അവകാശിയാണെന്നും കണ്ടെത്തി. ഇതിനിടെ ബന്ധുക്കള്‍ സിഡബ്ല്യുസിയിലെത്തി. എന്നാല്‍ ഇത്തവണ അധികൃതര്‍ ഒരു നിബന്ധന വച്ചു. മറ്റ് ബന്ധുക്കള്‍ ആരെങ്കിലും എത്തിയാല്‍ കുട്ടിയെ വിട്ടുകൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ നിബന്ധനയില്‍ അവര്‍ കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

കുട്ടിയുടെ പിതാവിനെക്കുറിച്ച് പൊലീസും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ മുക്കത്ത് താമസിക്കുന്ന ഒരു കോണ്‍ട്രാക്ടറാണ് കുട്ടിയുടെ പിതാവെന്ന് പൊലീസിന് സൂചന ലഭിച്ചു. കുട്ടിയുടെ പിതാവില്‍ നിന്ന് മുഴുവന്‍ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇദ്ദേഹത്തെ അറിയിച്ചില്ല. തന്റെ മകനെ 17 കൊല്ലം മുമ്പ് ഭാര്യവീട്ടുകാര്‍ കൊണ്ടുപോയെന്നും, കണ്ടെത്തി തരാമോയെന്നും പിതാവ് പൊലീസിനോട് ചോദിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കുട്ടിയുടെ പിതാവിനെ സിഡബ്ല്യുസി അധികൃതര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഇതേ സമയത്ത് ബന്ധുവീട് വിട്ടിറങ്ങിയ കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ പൊലീസ് സിഡബ്ല്യുസി ഓഫീസിലെത്തിച്ചു. 

ഓഫീസില്‍ തൊട്ടടുത്ത ഇരിപ്പിടങ്ങളിലായി ആ മകനും പിതാവും ഇരുന്നു. താന്‍ വര്‍ഷങ്ങളായി തിരയുന്ന തന്റെ കുഞ്ഞാണ് തൊട്ടടുത്ത് ഇരിക്കുന്നതെന്ന് ആ പിതാവ് തിരിച്ചറിഞ്ഞില്ല. തന്റെ പിതാവാണ് അടുത്തിരിക്കുന്നതെന്ന് 17കാരനും മനസിലായില്ല. പിന്നീട് സിഡബ്ല്യുസി അധികൃതര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ആ പിതാവ് സ്വന്തം ചോരയെ തിരിച്ചറിഞ്ഞു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിന്റെയും മകന്റെയും അപൂര്‍വ കൂടിച്ചേരലിന് ആ നിമിഷം സാക്ഷിയായി. 

 

Advertisment