Advertisment

വയനാടിന്റെ അങ്കത്തട്ടിലേക്ക് സിപിഐ കളത്തിലിറക്കുന്നതും വനിതാ സ്ഥാനാര്‍ത്ഥിയെ; പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടി പരിഗണിക്കുന്നത് ഇ.എസ്. ബിജിമോളെയെന്ന് സൂചന; ചര്‍ച്ചകളില്‍ പി. വസന്തത്തിന്റെ പേരുണ്ടെങ്കിലും ബിജിമോള്‍ക്ക് തന്നെ പ്രഥമ പരിഗണന; പ്രിയങ്ക ഗാന്ധിക്കെതിരെ പീരുമേട്ടിലെ പോരാട്ടവീര്യം പുറത്തെടുക്കാന്‍ ബിജിമോളെത്തും ?

വയനാട്‌ ലോക്‌സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

New Update
es bijimol

കല്‍പറ്റ: വയനാട്‌ ലോക്‌സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. സംസ്ഥാന മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ബിജിമോള്‍ പീരുമേട് മുന്‍ എംഎല്‍എ കൂടിയാണ്.

Advertisment

വയനാട്ടിൽ രണ്ടാമതൊരു ഊഴത്തിന് ഇല്ലെന്ന് ആനിരാജ വ്യക്തമാക്കിയതോടെയാണ് സ്ഥാനാർത്ഥിയെ കണ്ടെത്താനുളള അന്വേഷണം ബിജി മോളിൽ എത്തി നിന്നത്.സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ പി. വസന്തത്തിൻെറ പേരും പരിഗണനയിലുണ്ട്.

എന്നാൽ ബിജിമോൾ തന്നെ സ്ഥാനാർത്ഥി ആകാനാണ് സാധ്യത. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജിമോളെ കളത്തിലിറക്കി മികച്ച പോരാട്ടം നടത്താനാകുമെന്നാണ്‌ സിപിഐയുടെ പ്രതീക്ഷ.

2006 മുതല്‍ 2021 വരെ തുടര്‍ച്ചയായി മൂന്ന് തവണ പീരുമേട്ടിലെ എംഎല്‍എയായിരുന്നു ബിജിമോള്‍. 2006ലും, 2011ലും കോണ്‍ഗ്രസിലെ ഇ.എം. അഗസ്തിയെയും, 2016ല്‍ സിറിയക് തോമസിനെയും പരാജയപ്പെടുത്തിയാണ് ബിജിമോള്‍ നിയമസഭയിലെത്തിയത്.

എന്നാല്‍ വയനാടിന്റെ രാഷ്ട്രീയപശ്ചാത്തലം വ്യത്യസ്തമാണെന്നതാണ് സിപിഐ നേരിടുന്ന വെല്ലുവിളി. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തില്‍ സഹോദരി പ്രിയങ്ക എത്തുമ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി 647,445 വോട്ടാണ് നേടിയത്. 59.69 ശതമാനം വോട്ട് നേടിയാണ് രാഹുല്‍ മണ്ഡലത്തില്‍ വിജയിച്ചത്. രണ്ടാമതെത്തിയ ആനി രാജയ്ക്ക് നേടാനായത് 26.09 ശതമാനം വോട്ട് മാത്രം (283,023 വോട്ടുകള്‍). ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ 141,045 വോട്ടുകള്‍ നേടിയിരുന്നു.

    

Advertisment