കണ്ണൂർ: പാർട്ടി നേതൃത്വവുമായുളള പിണക്കം മാറ്റി ഇ.പി.ജയരാജൻ വീണ്ടും പാർട്ടി പ്രവർത്തനത്തിൽ സജീവമാകുന്നു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതിന് ശേഷം പാർട്ടി പരിപാടികളിൽ നിന്നും മാറിനിൽക്കുന്ന ഇ.പി.ജയരാജൻ സ്വന്തം ജില്ലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് വീണ്ടും സജീവ പ്രവർത്തനത്തിലേക്ക് വരുന്നത്.
തിങ്കളാഴ്ച കണ്ണൂരിൽ നടക്കുന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ പുഷ്പ്പാർച്ചനയിലാണ് പിണക്കം മറന്ന് ഇ.പി.ജയരാജൻ പങ്കെടുക്കുന്നത്. കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ നടക്കുന്ന ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിപ്പ് നൽകിക്കഴിഞ്ഞു.
ഓഗസ്റ്റ് 31ന് നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വെച്ച് മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന് ശേഷം ഇ.പി.ജയരാജൻ പാർട്ടി വേദികളിൽ നിന്ന് മനപൂർവ്വം മാറിനിൽക്കുകയായിരുന്നു. തനിക്കെതിരെ നടപടിയെടുത്ത നേതൃത്വത്തോടുള്ള നീരസമായിരുന്നു വിട്ടുനിൽക്കലിന് പിന്നിലെ കാരണം.
പിണങ്ങി നിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സംഭവിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അകാല നിര്യാണമാണ് ഇ.പി.ജയരാജനെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിച്ചത്. വ്യക്തിപരമായി ഏറെ അടുപ്പമുളള യെച്ചൂരിയെ കാണാൻ ഡൽഹിക്ക് പുറപ്പെട്ട ജയരാജൻ പെട്ടെന്ന് എത്തുന്നതിനായി ശപഥം മറന്ന് ഇൻഡിഗോ വിമാനത്തിലാണ് യാത്രതിരിച്ചത്.
യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയിൽ മേലാൽ കയറില്ലെന്ന ശപഥം മറന്ന ഇ.പി, യെച്ചൂരിയുടെ മരണം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തിൽ പാർട്ടി നേതൃത്വത്തോടുളള പിണക്കവും മറന്നു. അതാണ് പാർട്ടി പരിപാടിയിൽ സജീവമാകാനുളള കാരണം.
ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതും പാർട്ടിയിൽ സജീവമാകാൻ പ്രേരണയായി. പിണക്കവും നീരസവും മാറ്റിവെച്ച് പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി അന്നേ സൂചനയുണ്ടായിരുന്നു.
മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് പിടികൊടുക്കാതിരുന്ന രീതിയും ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അവസാനിപ്പിച്ചിരുന്നു. തിരുവോണ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങൾക്ക് തത്സമയ അഭിമുഖം കൊടുത്ത ഇ.പി. അന്നുതന്നെ പാർട്ടിയോട് പിണക്കം ഒന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
23 ദിവസം നീണ്ട പിണക്കവും നീരസവും അവസാനിപ്പിച്ചാണ് ഇ.പി.ജയരാജൻ വീണ്ടും പൊതു പരിപാടികളിൽ പങ്കെടുത്തുകൊണ്ട് പൊതുപരിപാടികളിൽ സജീവമാകുന്നത്. ഇതിനിടയിൽ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ്- സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് ജില്ലാ കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കാൻ കൂട്ടാക്കിയിരുന്നില്ല.
ഈ മാസം 9ന് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ പേരുണ്ടായിരുന്നെങ്കിലും ഇ.പി. എത്തിയില്ല. നോട്ടീസിൽ പേരുണ്ടായിട്ടും ഇ.പി. ജയരാജൻ എത്താതിരുന്നത് വിവാദമായിരുന്നു. ആയുർവേദ ചികിത്സയെന്ന കാരണം പറഞ്ഞാണ് ഇ.പി പരിപാടിക്കെത്താതെ മാറിനിന്നത്.
പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച ഡി.വൈ.എഫ് .ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകോപിപ്പിച്ച പി. ജയരാജനോട് വിശദീകരണം തേടാൻ തീരുമാനിച്ചതും ഇ.പി ജയരാജനെ സന്തോഷിച്ചിട്ടുണ്ട്. അതും പാർട്ടിയിൽ വീണ്ടും സജീവമാകാൻ പ്രേരണ ആയിട്ടുണ്ടെന്നാണ് സൂചന.