Advertisment

വൈദ്യുതി കണക്ഷന് ഇനി വേഗം കൂടും. അപേക്ഷിച്ച് കണക്ഷൻ നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഇലക്ട്രിസിറ്റി സപ്ളൈകോ‍ഡ് ഭേദഗതി ചെയ്തു. വൈദ്യുതി കണക്ഷൻ സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിൽ. കണക്ഷൻ, റീ കണക്ഷൻ, താരിഫ് മാറ്റം എന്നിവയ്ക്കെല്ലാം ഓൺലൈൻ അപേക്ഷ നൽകാം

വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവർക്ക് ആശ്വാസ വാർത്ത. കണക്ഷന് അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനകം കണക്ഷൻ നൽകണം

New Update
bulb 1

തിരുവനന്തപുരം: വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവർക്ക് ആശ്വാസ വാർത്ത. കണക്ഷന് അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനകം കണക്ഷൻ നൽകണം. ഈ വ്യവസ്ഥകൾ അടങ്ങുന്ന കേരള ഇലക്ട്രിസിറ്റി സപ്ളൈ കോഡ് ഭേദഗതി ചെയ്തു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് സപ്ളൈകോ‍ഡിൽ ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചത്.

Advertisment

കൺസ്യൂമർ റൂൾസിന്റെയും സംസ്ഥാന സർക്കാർ നി‍ർദേശത്തിൻെറയും  ഉപഭോക്താക്കളിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.

ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനൊപ്പം ലൈസൻസി നൽകേണ്ട എല്ലാവിധ സേവനങ്ങളും ഓൺലൈൻ വഴി നിർബന്ധമാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഭേദഗതി കോഡിൽ നിഷ്കർഷിച്ചിട്ടുണ്ട്.

ഇതുമൂലം ലൈസൻസിയുടെ ഓഫീസിൽ പോകാതെ തന്നെ ഉപഭോക്താവിന്  പുതിയ സർവീസ് , കണക്ഷൻ, റീകണക്ഷൻ , നിലവിലുളള കണക്ഷൻെറ പരിഷ്കരണം, താരിഫ് മാറ്റം, കണക്ടഡ് ലോഡ്/ കോൺട്രാക്റ്റ് ഡിമാൻഡ് എന്നിവയിലുളള മാറ്റങ്ങൾ മുതലായ സേവനങ്ങൾ ഓൺലൈനായി ചെയ്യാം. തന്മൂലം അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാവും.

അപേക്ഷകളുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ലൈസൻസിയുടെ ഉയർന്ന ഉദ്യോഗസ്ഥനെയും, കൺസ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഉപഭോക്താവ് അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകവും,  ദുര്‍ഘടപ്രദേശങ്ങളിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷൻ നൽകണമെന്ന് കരടിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

അപേക്ഷ നൽകി ഒരാഴ്ച മുതൽ നാല്പത്തഞ്ച് ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ എത്തി  പരിശോധന നടത്തി, വൈദ്യുതി പോസ്റ്റിൻെറയും സർവീസ് ലൈനിൻെറയും മറ്റ് ഉപകരണങ്ങളുടെയും ആവശ്യകതയനുസരിച്ച്  ലൈസൻസിയുടെ ഉദ്യോഗസ്ഥൻ കണക്കാക്കി നിശ്ചയിക്കുന്ന തുക അപേക്ഷകരെ അറിയിക്കുന്നതാണ് നിലവിലെ രീതി.

ഇത് കാലതാമസത്തിന് ഒപ്പം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഇത് കണക്കിലെടുത്ത് കണക്റ്റഡ് ലോഡ്/ ഡിമാന്റ് ലോഡ് (കിലോവാട്ട്/ കെ.വി.എ) അടിസ്ഥാനത്തിൽ അപേക്ഷകൻ അടക്കുന്നതിനുള്ള തുക നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുവാനായി ഈ വ്യവസായങ്ങൾക്ക് വീടിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുവാനുള്ള ചട്ടങ്ങൾ 2020-ൽ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോർ അല്ലെങ്കിൽ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങൾക്ക് പുതിയ കണക്ഷൻ എടുക്കേണ്ടതില്ല. 

പകരം വീട്ടിലെ വൈദ്യുതി കണക്ഷൻ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. ഇതിനുള്ള ചട്ടങ്ങൾ ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

20 കിലോവാട്ടിന് മുകളിലുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണ അനുമതി ലഭിച്ചാൽ ഉടനെ തന്നെ പ്രസ്തുത സംരംഭകന്റെ കണക്റ്റഡ് ലോഡിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലൈസൻസിയോട് ആവശ്യമായ വൈദ്യുതി സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടി അപേക്ഷിച്ചു അംഗീകാരം നേടാവുന്നതാണ്.

തന്മൂലം ലൈസൻസിക്ക് പ്രസ്തുത സംരംഭത്തിന് വൈദ്യുതി നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സാകര്യങ്ങൾ മുൻകൂട്ടി വികസിപ്പിക്കാവുന്നതാണ്. ഈ ചട്ടം നിലവിൽ വരുന്നത് മൂലം സ്ഥാപനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കാലതാമസില്ലാതെ തന്നെ വൈദ്യുതി കണക്ഷൻ നൽകാനാവും.

Advertisment