Advertisment

ദീപാവലി ആഘോഷങ്ങള്‍ക്കു ദിവസങ്ങള്‍ മാത്രം. ട്രെയിനില്‍ പടക്കം എത്തിച്ചാല്‍ പണിപാളും. പിടിച്ചാല്‍ ജയില്‍വാസം ഉറപ്പ്

ദീപാവലി ആഘോഷങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി

New Update
dwli crckrs

കോട്ടയം: ദീപാവലി ആഘോഷങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. കേരളത്തിലേക്കു തമിഴ്‌നാട്ടില്‍ നിന്നുള്ള പടക്കങ്ങള്‍ എത്താന്‍ തുടങ്ങി. എന്നാല്‍, ചില വിരുതന്മാര്‍ ട്രെയിന്‍ പടക്കങ്ങള്‍ കൊണ്ടുവരാന്‍ നോക്കാറുണ്ട്. ഇത്തരക്കാര്‍ക്കു മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കുകയാണു റെയില്‍വേ. പിടികൂടിയാല്‍ ഉള്ളില്‍ കിടക്കേണ്ടി വരും.

Advertisment

റെയില്‍വേ നിയമപ്രകാരം പടക്കങ്ങള്‍ ട്രെയിനില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 67 പ്രകാരം  പടക്കങ്ങള്‍ ഉള്‍പ്പടെയുള്ള അപകടമുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ട്രെയിനില്‍ കയറ്റുന്നത് നിരോധിച്ചിട്ടുണ്ട്.


 ഗ്യാസ് ഉള്‍പ്പടെയുള്ള ഇന്ധനം, മറ്റു രാസവസ്തുക്കള്‍, മണ്ണെണ്ണ നിറച്ച സ്റ്റൗ, പടക്കങ്ങള്‍, സിഗരറ്റ് തുടങ്ങി തീ അതിവേഗം കത്തിപ്പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ട്രെയിനില്‍ കയറ്റാന്‍ പാടില്ല. പിടിക്കപ്പെട്ടാന്‍ റെയില്‍വേ ആക്ട് സെക്ഷന്‍ 164,165 വകുപ്പുകള്‍ ചുമത്തി ജയിലടക്കുകയും പിഴയീടാക്കുകയും ചെയ്യും.


ട്രെയിനുകളില്‍ പടക്കം കൊണ്ടുപോകുന്നതു തടയാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധനകള്‍ ശക്തമാക്കും. ദീപാവലി ആഘോഷങ്ങള്‍ക്കു പടക്കം ഒരു പ്രധാന ഘടകമായതു കൊണ്ടു മറ്റു സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പടക്കം കൊണ്ടുവരാന്‍ സാദ്ധ്യതയുള്ളതിനാല്‍ കടുത്ത ജാഗ്രതയിലാണു റെയില്‍വേ പോലീസ്.

തമിഴ്‌നാട്ടിലാണു പടക്കകമ്പനികള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ദീപാവലി പ്രമാണിച്ചു കേരളത്തിലേക്കു പടക്കം കൊണ്ടുവരാന്‍ സാധ്യത കൂടുതലാണ്. മുന്‍പു ട്രെയിന്‍ മാര്‍ഗം കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും പടക്കം സപ്ലെ ചെയ്തിരുന്നു.


 പോയ വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് റെയില്‍വേ പോലീസ് എടുത്തിരുന്നില്ല.  ട്രെയിനില്‍ നടന്ന പെട്രോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.പി.എഫ് നിലപാട് കര്‍ശനമാക്കിയത്.


ഇക്കുറി അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു സംസ്ഥാനത്തു നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത്‌ രാത്രി എട്ടു മുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 മാക്കി  നിയന്ത്രിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദേശം.

Advertisment