Advertisment

ഹൃദയം 14കാരിക്ക്; ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡാലിയ ടീച്ചര്‍ യാത്രയായി

ജൂലായ് 19ന് വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡാലിയ ടീച്ചറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

New Update
daliya teacher

തിരുവനന്തപുരം: ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡാലിയ ടീച്ചര്‍ യാത്രയായി. കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചർ (47) മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു.

Advertisment

ജൂലായ് 19ന് വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡാലിയ ടീച്ചറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ജലസേചന വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായ ഭര്‍ത്താവ് ജെ ശ്രീകുമാറും മക്കളായ ശ്രീദേവന്‍, ശ്രീദത്തന്‍ എന്നിവരും ചേര്‍ന്ന് അവയവദാനത്തിന് സമ്മതിച്ചു.

ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11.30നാണ് അവയവം ശ്രീചിത്രയില്‍ എത്തിച്ചത്. ആഭ്യന്തര വകുപ്പ് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ഹൃദയം ശ്രീചിത്രയിലെത്തിച്ചത്.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസത്രക്രിയയ്ക്കാണ് ഇത്‌. സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. 

വളരെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് ആദരവറിയിച്ചു.  ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും ഡാലിയ ടീച്ചര്‍ ചികിത്സയിലിരുന്ന ആശുപത്രിയിലെ രോഗികള്‍ക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

 സർക്കാരിന്റെ അവയവദാന പദ്ധതിയായ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആന്‍ഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) വഴിയാണ് അവയവ വിന്യാസം നടത്തിയത്. കേരളത്തില്‍ മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കെ-സോട്ടോ നേതൃത്വത്തിലാണ് നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താനുള്ള നടപടികളും നടന്നത്.

 

 

Advertisment