ആലപ്പുഴ: കർഷക സമരങ്ങളുടെ ഓർമകൾ തുടിക്കുന്ന കുട്ടനാട്ടിൽ സി.പി.എമ്മിന് സി.പി.ഐയുടെ സർജിക്കൽ സ്ട്രൈക്ക്. നാളെ ഏരിയ സമ്മേളനം നടക്കാനിരിക്കെയാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കം 18 സി.പി.എം അംഗങ്ങളെ പാർട്ടിയിൽ ചേർത്ത് കൊണ്ട് സി.പി.ഐ ഞെട്ടിച്ചത്.
മുൻപ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിൻെറ നേതൃത്വത്തിലാണ് പ്രവർത്തകരെ സ്വീകരിച്ചത്. വർഷങ്ങളായി കുട്ടനാട്ടിലെ സി.പി.എമ്മിൽ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നമാണ് ഇന്ന് പൊട്ടിത്തെറിയിലേക്ക് എത്തിയത്.
രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേന്ദ്രകുമാറിൻെറ നേതൃത്വത്തിൽ സി.പി.എമ്മിനകത്ത് നടന്നുകൊണ്ടിരുന്ന വിമത നീക്കത്തിൻെറ ഭാഗമായി കഴിഞ്ഞ വർഷം 297 പേർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു.
ഏരിയ സമ്മേളന തലേന്ന് 18 പേർ പാര്‍ട്ടിവിട്ട് സി.പി.ഐയിൽ ചേർന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയായി. മുന്നണിയിലെ ഘടകകക്ഷിയും സഹോദര പാർട്ടിയും ആയതിനാൽ ഒന്നും പറയാൻ കഴിയാത്ത വിഷമ സന്ധിയിലാണ് സി.പി.എം നേതൃത്വം.
ഏരിയ സമ്മേളനത്തിൻെറ ഉദ്ഘാടന വേദിയിൽ വെച്ച് പാർട്ടി നേതൃത്വം മറുപടി നൽകുമെന്നാണ് സി.പി.എം നേതാക്കൾ നൽകുന്ന വിവരം. സി.പി.എം വിഭാഗീയതയാണ് ഒരു കാലത്ത് സി.പി.എമ്മിൻെറ ശക്തിദുർഗമായിരുന്ന കുട്ടനാട്ടിലെ സി.പി.എമ്മിൽ പ്രശ്നങ്ങൾക്കും അംഗങ്ങൾ പാർട്ടി വിട്ടു പോകുന്നതിനും ഇടയാക്കിയത്.
ജില്ലാ നേതൃത്വവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാനും പലതവണ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ല. സുസമ്മതനും ആക്ഷേപരഹിതനുമായ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിൻെറ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളുടെ ജനറൽ ബോഡി വിളിച്ചശേഷമാണ് അൽപ്പമെങ്കിലും ശമനം ഉണ്ടായത്.
എന്നാൽ ഈ യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുകയായിരുന്നു. വിഭാഗീയമായി പ്രവർത്തിക്കുന്ന ഏരിയാ നേതൃത്വത്തിനെതിരെ മാതൃകാപരമായ നടപടി വേണമെന്നായിരുന്നു വിമതരുടെ ആവശ്യം.
എന്നാൽ ജില്ലാ നേതൃത്വം ആവശ്യം അവഗണിച്ചു. ഇതാണ് ഏരിയാ സമ്മേളന തലേന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കമുളളവരെ സി.പി.ഐയിൽ ചേരാൻ നിർബന്ധിതമാക്കിയതെന്നാണ് പറയപ്പെടുന്നത്. ഏരിയാ-ജില്ലാ സമ്മേളനങ്ങളിൽ കുട്ടനാട്ടിലെ പാർട്ടിയിൽ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ വലിയ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.
സി.പി.എം വിട്ട് പാർട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കുന്നതിനായി വലിയ പരിപാടിയാണ് സി.പി.ഐ കുട്ടനാട്ടിൽ സംഘടിപ്പിച്ചത്. നേരിന്റെ പാതയിലേക്ക് കടന്നുവന്ന സഖാക്കൾക്ക് സ്വാഗതം എന്നതായിരുന്നു സ്വീകരണ പരിപാടിയിൽ കെട്ടിയ ബാനറിലെ വാചകം.
പാർട്ടിയിലേക്ക് വന്നവരെ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് തന്നെ അംഗത്വം നൽകി സ്വീകരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും വെളിയനാട് പഞ്ചായത്ത് പ്രസിഡന്റുമായ ഓമന പൊന്നപ്പൻ, സി.പി.എമ്മിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട മുൻ ലോക്കൽ കമ്മിറ്റി അംഗം എ.ജെ. കുഞ്ഞുമോൻ, എസ്.എഫ്.ഐ കുട്ടനാട് ഏരിയ മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ മനു മോഹൻ ഉൾപ്പെടെ ആകെ 18 പാർട്ടി മെമ്പർമാരാണ് പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നത്.
സി.പി.എമ്മിൻെറ പ്രദേശത്തെ പ്രമുഖ നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ രാജേന്ദ്രകുമാറാണ് പാർട്ടി കൂടാരത്തിൽ നിന്ന് ആളുകളെ അടർത്തി സി.പി.ഐയിൽ എത്തിക്കുന്ന പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്.
സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട രാജേന്ദ്ര കുമാർ കഴിഞ്ഞ ജൂണിൽ സി.പി.എമ്മിൽ ചേർന്നിരുന്നു. രാജേന്ദ്ര കുമാറിൻെറ താൽപര്യ പ്രകാരം കുട്ടനാട് മണ്ഡലം കമ്മിറ്റി വിഭജിച്ച് കുട്ടനാട്, തകഴി മണ്ഡലം കമ്മിറ്റികളാക്കിയിരുന്നു. നിലവിൽ സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറിയാണ് രാജേന്ദ്രകുമാർ. സ്വാധീനമേഖലയായ കുട്ടനാട്ടിൽ സി.പി.ഐ ശക്തിയാർജിക്കുന്നത് സി.പി.എമ്മിന് ക്ഷീണമാണ്.