പാലക്കാട്: സന്ദീപ് വാര്യരുടെ വിദ്വേഷ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി മുസ്ലിം ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ ചൊല്ലി എല്‍.ഡി.എഫില്‍ ഭിന്നത. മുന്നണിയുടെ പേരില്‍ വന്ന പരസ്യത്തെ തള്ളിപ്പറഞ്ഞ് സി.പിഐ രംഗത്തെത്തിയതോടെ ആണ് ഭിന്നത മറ നീക്കിയത്.
വിവാദ പരസ്യം മുന്നണി ആലോചിച്ചു നല്‍കിയതല്ലെന്ന് വ്യക്തമാക്കി എല്‍.ഡി.എഫ് ജില്ല കണ്‍വീനറും സിപിഐ ജില്ല സെക്രട്ടറിയുമായ കെ.പി. സുരേഷ് രാജാണ് രംഗത്ത് വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് പരസ്യം നല്‍കിയതെന്ന് പുറത്തായതാണ് പരസ്യം മുന്നണി തീരുമാനമല്ലന്ന് വ്യക്തമാക്കാന്‍ സി.പി.ഐയെ നിര്‍ബന്ധിതമാക്കിയത്. ഇടത് മുന്നണിയുടെ പേരില്‍ ഇത്തരം ഒരു പരസ്യം നല്‍കാന്‍ മുന്നണി തലത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല.
വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുക എന്ന് ഇടത് മുന്നണിയുടെ നയത്തിന് വിരുദ്ധമാണെന്നിരിക്കെ മുസ്ലിം മാനേജ്മന്റുകളുടെ പത്രങ്ങളില്‍ വന്ന പരസ്യത്തെ സി.പി.ഐ ഗൗരവമായിട്ടാണ് കാണുന്നത്. വേണ്ടത്ര ആലോചനയോ ചര്‍ച്ചയോ ഇല്ലാതെ സി.പി.എം ഏകപക്ഷീയമായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ തങ്ങളെയും നിയമകുരുക്കില്‍ ആക്കുമെന്നതാണ് സി.പി.ഐ എതിര്‍പ്പിന് കാരണം.
മറ്റ് രാഷ്ട്രീയ ഇടപെടലുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സി.പി.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളുടെ ചുമതലക്കാരനായി പ്രവര്‍ത്തിക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറിന്റെയും ഒപ്പമുള്ള ടീമുമാണ് പരസ്യത്തിന് പിന്നിലെന്നാണ് ആക്ഷേപം.
വോട്ടെടുപ്പിന് തലേന്ന് മുസ്ലിം സുന്നി വിഭാഗങ്ങളുടെ പത്രങ്ങളില്‍ സന്ദീപ് വാര്യരുടെ മുന്‍കാല പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പരസ്യം നല്‍കിയത്.
യു.ഡി.എഫ് വോട്ട് ബാങ്കായി കരുതിപ്പോരുന്ന മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നത ഉണ്ടാക്കുക എന്നതായിരുന്നു സി.പി.എം ലക്ഷ്യമിട്ട ഗുണം. എന്നാല്‍ മുന്നണിയിലെ ഘടകകക്ഷികള്‍ തന്നെ പരസ്യത്തെ തള്ളി പറഞ്ഞതോടെ സിപിഎം വെട്ടിലായി.
തിരഞ്ഞെടുപ്പുകാലത്ത് മുന്നണിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന നീക്കം നടത്തിയതില്‍ സിപിഐ നേതൃത്വത്തോട് സിപിഎമ്മിന് കടുത്ത ആതൃപ്തിയുണ്ട്. ഇന്നലെ മാതൃഭൂമി ടെലിവിഷന്‍ ചാനലിലാണ് സി.പി.ഐ പരസ്യം തളളിയ വിവരം ആദ്യം വാര്‍ത്ത ആകുന്നത്. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന്റെ പ്രതികരണം ഉള്‍പ്പെടുത്തിയായിരുന്നു മാതൃഭൂമി ചാനലിന്റെ വാര്‍ത്ത.
വാര്‍ത്ത വന്നതിന്റെ പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഈ എന്‍ സുരേഷ് ബാബു സിപിഐ ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് ഇത്തരമൊരു പ്രതികരണം നടത്തിയത് ഉചിതമായില്ല എന്ന് സിപിഎം നേതൃത്വം കര്‍ശനത്തില്‍ സിപിഐയെ അറിയിച്ചു.
മാതൃഭൂമി ചാനലിന്റെ റിപ്പോര്‍ട്ടര്‍ നേരിട്ടുവന്ന ബന്ധപ്പെട്ടപ്പോഴാണ് പ്രതികരണം നല്‍കാന്‍ നിര്‍ബന്ധിതനായത് എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ മറുപടി. അത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സിപിഎം നേതൃത്വം മാതൃഭൂമിയില്‍ നിന്ന് തങ്ങള്‍ക്ക് അങ്ങോട്ടു ബന്ധപ്പെട്ടതാണ് എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് മറുപടിയും നല്‍കി.
ഇതോടെ സിപിഐ ജില്ലാ നേതൃത്വത്തിന് മറുപടി ഇല്ലാതായി.പരസ്യ വിവാദത്തില്‍ എതിര്‍ നിലപാട് സ്വീകരിച്ച സിപിഐ നേതൃത്വത്തിന് വോട്ടെടുപ്പിന് ശേഷം തക്കതായ മറുപടി നല്‍കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. സിപിഐയുടെ ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം.
അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പരസ്യ വിവാദം പാലക്കാട്ടെ ഇടതുമുന്നണിയില്‍ തര്‍ക്ക വിഷയമായി തുടരും എന്നാണ് സൂചന. തിരഞ്ഞെടുപ്പുകാലത്ത് സിപിഐയെ നല്ല നിലയില്‍ പരിഗണിച്ചിട്ടും പ്രതിസന്ധി ഘട്ടത്തില്‍ തള്ളിപ്പറയുന്ന സമീപനം സ്വീകരിച്ചത് എതിരാളികളെ സഹായിക്കലാണ് എന്നാണ് സിപിഎം നിലപാട്.