'സൂഫിയും സുജാതയും' എന്ന ചിത്രത്തില്‍ സൂഫിയായ് വേഷമിട്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ദേവ് മോഹന്‍. 2020-ലാണ് 'സൂഫിയും സുജാതയും' പ്രേക്ഷകരിലേക്കെത്തുന്നത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ കാണികളെ ആകര്‍ഷിക്കാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന 'പരാക്രമം' ദേവ് മോഹന്റെ എട്ടാമത്തെ സിനിമയാണ്. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നവംബര്‍ 22ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം അര്ജ്ജുന് രമേശാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
2021-ല്‍ രണ്ടാമത്തെ ചിത്രമായ 'ഹോം' ഉം 2022-ല്‍ മൂന്നാമത്തെ ചിത്രമായ 'പന്ത്രണ്ട്' ഉം ചെയ്ത ശേഷം ദേവ് മോഹന്‍ നേരെ പോയത് തെലുങ്കിലേക്കാണ്. സമന്തായോടൊപ്പം 'ശാകുന്തളം'ത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്തതോടെ മലയാളത്തിന് പുറമെ തെലുങ്കിലും ചുവടുറപ്പിച്ചു.
അദിതി റാവുവിന്റെയും സമന്തായുടെയും നായകനായ് എത്തിയ ദേവ് മോഹന്‍ സൗത്ത് ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ന് ഏറെ ആരാധകരുള്ളൊരു താരമായ് മാറിയിരിക്കുകയാണ് ദേവ് മോഹന്‍. തെലുങ്കില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ തുടരാനാണ് താരം ഇഷ്ടപ്പെടുന്നത്.
2023-ല്‍ 'വാലാട്ടി', 'പുള്ളി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 'പരാക്രമം'ത്തില്‍ ദേവ് മോഹന്റെ കഥാപാത്രത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. 18 വയസ്സുകാരനായ് പ്രത്യക്ഷപ്പെടാന്‍ വലിയ മേക്കോവര്‍ തന്നെ താരം നടത്തിയിട്ടുണ്ട്. 30കളിലെത്തിയ ഒരു നടന് 18 വയസ്സുള്ളൊരാളായ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
'സൂഫിയും സുജാതയും' പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടുന്നതോടൊപ്പം ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ദേവ് മോഹനെ തേടിയെത്തി. മികച്ച പുതു താരത്തിനുള്ള മൂന്ന് പുരസ്കാരങ്ങളാണ് ഈ ഒരൊറ്റ സിനിമയിലൂടെ ദേവ് മോഹന്‍ സ്വന്തമാക്കിയത്.