Advertisment

കേന്ദ്രത്തിൽ നിന്ന് 'തട്ട്' കിട്ടിയിട്ടും സർക്കാരിനെ ന്യായീകരിക്കാൻ ബദ്ധപ്പെട്ട് വീണ്ടും ചീഫ് സെക്രട്ടറി ഡോ. വി. വേണു; വിദേശ സഹകരണത്തിന് കെ. വാസുകിയെ നിയമിച്ചതിൽ കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയിട്ടേയില്ല എന്ന്‌ ചീഫ് സെക്രട്ടറിയുടെ ന്യായീകരണം; കേന്ദ്ര ലിസ്റ്റും, സ്റ്റേറ്റ് ലിസ്റ്റും, കണ്‍കറന്റ് ലിസ്റ്റുമൊക്കെ അത്യാവശ്യം അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെന്നും പരിഹാസം

വിദേശകാര്യ വക്താവ്  രൺധീർ ജയ്സ്വാളിൻെറ പ്രതികരണം കൃത്യമായി ഗ്രഹിക്കാതെ ആണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണമെന്ന്‌ ഇതിൽ നിന്ന് വ്യക്തമാണ്

New Update
V. Venu

തിരുവനന്തപുരം : വിദേശരാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വാസുകിക്ക് നൽകിയതിൽ കേന്ദ്രത്തിൽ നിന്ന് നല്ല തട്ട് കിട്ടിയിട്ടും വീണിടത്ത് കിടത്ത് ഉരുണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു. നിയമനത്തെപ്പറ്റി വന്ന വാ‍ർത്തയെ പ്രതിരോധിക്കാൻ രാഷ്ട്രീയ നേതാക്കൾ പോലും തോറ്റുപോകുന്ന ഭാഷ ഉപയോഗിച്ച ചീഫ് സെക്രട്ടറി വി.വേണു, ഇത്തവണയും നിലംപറ്റെ വീണുരുണ്ടാണ് സർക്കാരിനെ കാക്കാൻ ഇറങ്ങിയിരിക്കുന്നത്.

Advertisment

കെ. വാസുകിയുടെ നിയമനത്തിൽ വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടേയില്ല എന്നാണ് ചീഫ് സെക്രട്ടറിയുടെ ഏറ്റവും പുതിയ ന്യായീകരണം. സംസ്ഥാനസർക്കാർ ഭരണഘടന മറികടക്കരുതെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. എന്നാൽ വിരമിക്കാൻ ഒരുമാസം മാത്രം ബാക്കിനിൽക്കെ സർക്കാരിനെ ന്യായീകരിക്കാൻ വെമ്പൽ കൊണ്ടുനടക്കുന്ന ചീഫ് സെക്രട്ടറിയ്ക്ക് ഇത് കുറ്റപ്പെടുത്തലായി തോന്നിയിട്ടില്ല.


സർക്കാർ ഉത്തരവ് തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ന്യായവാദം. വിദേശകാര്യ വക്താവ്  രൺധീർ ജയ്സ്വാളിൻെറ പ്രതികരണം കൃത്യമായി ഗ്രഹിക്കാതെ ആണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണമെന്ന്‌ ഇതിൽ നിന്ന് വ്യക്തമാണ്.


ഫെഡറൽ സ്റ്റേറ്റിൻെറ തെറ്റായ ഇടപെടലിനെപറ്റി പറയാവുന്ന ഏറ്റവും ശക്തമായ ഭാഷയിലാണ് വിദേശകാര്യ വക്താവ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. '' സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുത്. ഭരണഘടനപ്രകാരം വിദേശകാര്യം യൂണിയൻ ലിസ്റ്റിൽപ്പെട്ടതാണ്  സംസ്ഥാനങ്ങൾ  അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുത്. വിദേശകാര്യം കേന്ദ്ര പട്ടികയിൽ പെട്ടതെന്ന് മനസിലാക്കണം'' വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഈ പ്രതികരണത്തിൽ വിദേശരാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ കെ. വാസുകിയെ നിയമിച്ചതിലുളള കേന്ദ്ര സർക്കാരിൻെറ അതൃപ്തി സുവ്യക്തമാണ്. എന്നിട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണു സർക്കാരിനെ പ്രതിരോധിക്കാനും ന്യായീകരിക്കാനും ഈ രീതിയിൽ ബദ്ധപ്പെടുന്നത്.

''വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ല. കെ. വാസുകിയെ വിദേശസഹകരണത്തിനുളള ഉദ്യോഗസ്ഥയായി നിയമിച്ചത് പിൻവലിക്കണം എന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ ഉത്തരവ് തെറ്റാണെന്ന് പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ അധികാര പരിധി അറിയുന്നവരാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ. കേന്ദ്ര ലിസ്റ്റ് ഏതാണ് സ്റ്റേറ്റ് ലിസ്റ്റ് ഏതാണ് കൺകറന്റ് ലിസ്റ്റ് എന്നൊക്കെ അത്യാവശ്യം അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥർ'' ഇതാണ് വിദേശകാര്യ വക്താവിൻെറ പ്രതികരണത്തോടുളള ചീഫ് സെക്രട്ടറിയുടെ മറുപടി.

വിദേശകാര്യ വക്താവിൻെറ പ്രതികരണം ഒന്നുകിൽ കൃത്യമായി മനസിലാക്കിയിട്ടില്ല, അല്ലെങ്കിൽ നേരത്തെ ഇതേപ്പറ്റി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിൽ വന്ന വാർത്തയോട് പ്രതികരിച്ചത് പോലെ ഏതോ കേന്ദ്രങ്ങളിൽ നിന്ന് എഴുതിക്കൊടുത്തത് പറഞ്ഞതാകണം. ഒരു സംസ്ഥാനം നടത്തിയ നിയമനത്തെപ്പറ്റി വിദേശകാര്യ സെക്രട്ടറി പത്ര സമ്മേളനത്തിൽ പ്രതികരിക്കുന്നത് തന്നെ അപൂർവ സംഭവമാണ്.

ആ പ്രതികരണത്തിലൂടെ നൽകിയ സന്ദേശവും അതിലൂടെ പ്രകടിപ്പിച്ച അതൃപ്തിയും വിദേശകാര്യ വക്താവിൻെറ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. കേന്ദ്ര സർ‍വീസിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുളള ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി വി. വേണുവിന് ഇതേപ്പറ്റി കൃത്യമായി അറിവുളളതുമാണ്.

ആദ്യം ഉദ്യോഗസ്ഥൻെറ മാന്യതയും മര്യാദയും വിട്ട് ആദ്യം മാധ്യമങ്ങളെ ഭർത്സിക്കാൻ തയാറായ ചീഫ് സെക്രട്ടറി, ഇപ്പോൾ വിദേശകാര്യ വക്താവിൻെറ പ്രതികരണം വന്നശേഷവും ന്യായീകരണവുമായി ഇറങ്ങിയത് യാദൃശ്ചികം അല്ലെന്ന് വ്യക്തമാണ്.


എഴുതുന്നത് വാസ്തവമല്ല എന്ന് പൂർണ അറിവോടുകൂടി ഒരു പത്ര പ്രവ‍ർത്തകൻ കരുതിക്കൂട്ടി ഒരു കള്ളവാർത്ത ചമച്ചു ഉണ്ടാക്കുന്നതിന്റെ ഉദാഹരണമാണിതെന്നായിരുന്നു വാസുകിയുടെ നിയമനത്തെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയോടുളള ചീഫ് സെക്രട്ടറി വി.വേണുവിൻെറ ഫേസ് ബുക്കിലൂടെയുളള പ്രതികരണം.


 ഒരു സർക്കാർ വിരുദ്ധ വാർത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാർത്തകൾ പിറക്കുന്നതെന്നും ചീഫ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സമീപകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ വാർത്ത. ഒരു സർക്കാർ വിരുദ്ധ വാർത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാർത്തകൾ പിറക്കുന്നത്. ഒരു വാർത്ത വന്നാൽ അതിന്റെ സ്രോതസ്സ് എന്ത് എന്ന് അന്വേഷിക്കാതെ, വസ്തുതയുണ്ടോ എന്ന് പരിശോധിക്കാതെ, സർക്കാർ വിരുദ്ധ അഭിപ്രായവുമായി ഓടിയിറങ്ങാൻ താല്പര്യമുള്ളവർ ഈ കള്ള വാർത്തയോട് പ്രതികരിക്കുന്നതും കണ്ടു. കേരളം മറ്റൊരു രാജ്യമായി മാറുകയാണോ എന്നു വരെ ചിലർ അത്ഭുതപ്പെട്ടുവെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണു പരിഹസിച്ചിരുന്നു.

വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാനും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ പെടുന്ന വിഷയങ്ങളിൽ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങൾ സർക്കാർ ചെയ്തത്. ഇതാണ് ഒരു പത്രപ്രവർത്തകന്റെ തെറ്റിദ്ധാരണാ ജനകമായ ഒരു വാർത്തയിൽ നിന്നും സംസ്ഥാനം ചർച്ചചെയ്യുന്ന ഒരു വിഷയമായി മാറിയത്.

പൊതുസമൂഹത്തിന് ചർച്ച ചെയ്യാൻ പ്രധാനപ്പെട്ട ധാരാളം പ്രശ്നങ്ങളുണ്ട്, ഇതുപോലെ പടച്ചുണ്ടാക്കുന്ന കള്ള വാർത്തകൾ നമ്മുടെ സമയം നഷ്ടപ്പെടുത്തരുതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചിരുന്നു.

ഭരണ നേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ പ്രതികരിക്കുന്നതിനേക്കാൾ തീവ്രമായ ഭാഷയിലാണ് ചീഫ് സെക്രട്ടറി വി.വേണു, സ‍ർക്കാരിന് വേണ്ടി രംഗത്തിറങ്ങിയത്. ഓഗസ്റ്റ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.വേണു,പുതിയ നിയമനം ലക്ഷ്യം വെച്ചാണ് സർക്കാരിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് ആക്ഷേപമുണ്ട്.

വി.വേണു ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോൾ ഭാര്യയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനാണ് പകരക്കാരിയായി വരുന്നത്. ഇതും സർക്കാരിനെ പ്രതിരോധിക്കാൻ അമിതോൽസാഹം കാട്ടിയതെന്നും ആക്ഷേപമുണ്ട്.

Advertisment