Advertisment

വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റം തുടരുന്നു. ഒന്നാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്ന റിപ്പോർട്ടർ ടിവി വീണ്ടും രണ്ടാം സ്ഥാനത്ത് തന്നെ. പോയിന്റ് കുത്തനെ ഇടിഞ്ഞ ട്വൻ്റി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്ത്. നാലും അഞ്ചും സ്ഥാനത്ത് മനോരമ ന്യൂസും മാതൃഭൂമി ന്യൂസും. ഇക്കുറിയും ചലനമുണ്ടാക്കാതെ മീഡിയ വൺ

New Update
asianet reporter 24 channel

കോട്ടയം: മലയാളത്തിലെ വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നേറ്റം തുടരുന്നു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് സെൻറർ (ബാർക് - BARC) പുറത്തുവിട്ട 46-ാം ആഴ്ചയിലെ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി.

Advertisment

കേരള യൂണിവേഴ്സ് വിഭാഗത്തിൽ 90.67 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടർന്നത്. തൊട്ടു മുൻപുള്ള ആഴ്ചയേക്കാൾ രണ്ട് പോയിന്റോളം കുറഞ്ഞിട്ടുണ്ട്. 45-ാം ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസിന് 92.16 പോയിൻ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ നാലാഴ്ചയായി ഏഷ്യാനെറ്റ് ന്യൂസിൻ്റെ റേറ്റിംഗ് പടിപടിയായി കുറയുന്നുണ്ട്.


ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്ന റിപ്പോർട്ടർ ടിവി 46 -ാം ആഴ്ചയിലെ റേറ്റിംഗിലും രണ്ടാം സ്ഥാനത്ത് തന്നെയാണ്. 75.13 പോയിൻറ് നേടിയാണ് റിപ്പോർട്ടർ രണ്ടാം സ്ഥാനം നിലനിർത്തിയത്.


ഏഷ്യാനെറ്റ് ന്യൂസിനെ പോലെ തന്നെ റിപ്പോർട്ടറിനും തൊട്ട് മുൻപുള്ള ആഴ്ചയിലേക്കാൾ രണ്ട് പോയിന്റിലേറെ കുറഞ്ഞിട്ടുണ്ട്. 45-ാം ആഴ്ചയിൽ റിപ്പോർട്ടർ 77.50 പോയിൻ്റാണ് ഉണ്ടായിരുന്നത്.

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന റിപ്പോർട്ടറും ഏഷ്യാനെറ്റ് ന്യൂസുമായി 15 പോയിൻറ് വ്യത്യാസമുണ്ട്. മുൻ ആഴ്ചയിലും ഇതേ പോയിൻറ് വ്യത്യാസമാണ് ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിൽ ഉണ്ടായിരുന്നത്.


ട്വൻ്റി ഫോർ ന്യൂസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 55.25 പോയിന്റാണ് ട്വൻ്റി ഫോർ നേടിയത്. മുന്നാഴ്ചയേക്കാൾ ആറു പോയിന്റിടിഞ്ഞാണ് ട്വൻറി ഫോർ 55 പോയിന്റിലേക്ക് എത്തിയത്. 45-ാം ആഴ്ചയിൽ 61.26 പോയിന്റാണ് ട്വൻ്റി ഫോറിന് ഉണ്ടായിരുന്നത്.


രണ്ടുമാസം മുൻമ്പ് വരെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ട്വൻ്റി ഫോർ, റിപ്പോർട്ടറിന്റെ കുതിപ്പിലാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാം സ്ഥാനക്കാരായ മനോരമ ന്യൂസുമായി 14 പോയിൻറ് വ്യത്യാസം ഉള്ളത് മാത്രമാണ് ട്വൻ്റി ഫോറിന് ആശ്വാസകരമായ ഏക കാര്യം.

പോയിൻറ് നിലയിലെ ഇടിവ് പരിഹരിക്കാൻ കാര്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ട്വൻ്റി ഫോറിൻ്റെ മൂന്നാം സ്ഥാനവും ഭീഷണിയിലാകും. നാലാം സ്ഥാനത്തുള്ള മനോരമ ന്യൂസിനും തൊട്ടുമുൻപുള്ള ആഴ്ചയിലേക്കാൾ രണ്ട് പോയിൻറിലേറെ കുറഞ്ഞിട്ടുണ്ട്. 45-ാം ആഴ്ച 45.33 പോയിൻറ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് 46-ാം ആഴ്ച 41.99 പോയിന്റാണ് ലഭിച്ചത്.


മാതൃഭൂമി ന്യൂസ് ആണ് അഞ്ചാം സ്ഥാനത്ത്. 33.01 പോയിൻറു ഉള്ള മാതൃഭൂമിക്കും തൊട്ടു മുൻപുള്ള ആഴ്ചയേക്കാൾ 2 പോയിൻറ് കുറഞ്ഞിട്ടുണ്ട്.


22.77 പോയിന്റുമായി ജനം ടിവി ആറാം സ്ഥാനത്തും 21. 22 പോയിന്റുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തും ഉണ്ട്. ന്യൂസ് 18 കേരളവും മീഡിയ വണ്ണും യഥാക്രമം എട്ടും ഒൻപതും സ്ഥാനത്തും എത്തി.

യൂണിവേഴ്സൽ വിഭാഗത്തിൽ വാർത്താ ചാനലുകളുടെ റേറ്റിംഗ് 100 പോയിന്റിന് താഴെയായിട്ട് മാസങ്ങളായി. പ്രേക്ഷകരെ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ പിടിച്ചിരുത്തുന്ന സംഭവങ്ങളും വാർത്തകളും ഇല്ലാതായതോടെയാണ് റേറ്റിംഗ് പോയിൻറ് നൂറിന് താഴേക്ക് വന്നത്.


കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ മുതൽ വാർത്താ ചാനലുകളുടെ റേറ്റിംഗ് കുത്തനെ ഉയർന്നിരുന്നു.


ഷിരൂറിന് പിന്നാലെ വയനാട് ഉരുൾപൊട്ടൽ ദുരന്തം കൂടി സംഭവിച്ചതോടെ വാർത്ത ചാനൽ പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ ഈ സംഭവങ്ങൾ സമാപിച്ചതോടെ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നു.

അതാണ് ഇപ്പോഴത്തെ റേറ്റിംഗ് പോയിൻറ് കാരണം. 46 ആഴ്ചയിലെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് മുതൽ മീഡിയ വൺ വരെയുള്ള എല്ലാ ന്യൂസ് ചാനലുകളുടെയും റേറ്റിംഗ് പോയിൻറ് കുറഞ്ഞിട്ടുണ്ട്.

 

Advertisment