Advertisment

ചാമ്പ്യന്‍സ് ബോട്ട് ലീഗ് അലങ്കോലപ്പെട്ട സംഭവം: കുമരകം ടൗണ്‍ ബോട്ട് ക്ലബിനെയും ക്യാപ്റ്റനെയും കുറ്റപ്പെടുത്തി സംഘാടകരായ വെസ്റ്റ് ക്ലബ്; സി.ബി.എല്‍ സംഘാടക സമിതിക്കും വീഴ്ചപറ്റിയെന്ന് ആരോപണം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Cbl

കോട്ടയം: ചാമ്പ്യന്‍സ് ബോട്ട് ലീഗും കോട്ടയം മത്സരവള്ളംകളിയും അലങ്കോലമായതില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിനെയും ക്യാപ്റ്റനെയും കുറ്റപ്പെടുത്തി സംഘാടകരായ വെസ്റ്റ് ക്ലബ് രംഗത്ത്.

Advertisment

മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമം പാലിക്കുന്നതില്‍ വീഴ്ച വന്നുവെന്നും ഇതില്‍ ക്ലബിന് ഉത്തരവാദിത്വമില്ലെന്നും സെക്രട്ടറി സുനില്‍ എബ്രഹാം അറിയിച്ചു.

ഉദ്ഘാടനവും മത്സരക്രമവും നേരത്തെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2.15ന് മാസ്ഡ്രില്ലും തുടര്‍ന്ന് ഉദ്ഘാടനസമ്മേളനവും നടക്കണം.


മൂന്നിനു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും തുടര്‍ന്നു ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സുമെന്നായിരുന്നു ധാരണ. എന്നാല്‍, പ്രോഗ്രാമിന് വിരുദ്ധമായി മാസ്ഡ്രില്‍ ആരംഭിക്കുന്നത് 3.30നാണ്.


മാസ് ഡ്രില്ലിന്റെ മുഴുവന്‍ ചുമതലയും സി.ബി.എല്‍ സംഘാടക സമിതിക്കും ബോട്ട് ക്ലബുകള്‍ക്കുമാണ്. ചെറുവള്ളങ്ങള്‍ മാസ്ഡ്രില്ലില്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. മൂന്നിനുതന്നെ ചെറുവള്ളങ്ങള്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ക്കായി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ അണിനിരക്കുകയും ചെയ്തു.

എന്നാല്‍, മാസ്ഡ്രില്‍ നടക്കുവാന്‍ കാലതാമസം വന്നതോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിക്കുന്നതു നാലിനാണ്. ഇതു മത്സരങ്ങള്‍ വൈകാന്‍ കാരണമായി.


ചുണ്ടന്‍ വള്ളങ്ങളുടെ ഒന്നാം ഹീറ്റ്‌സ് ആരംഭിച്ചു പാതി ദൂരം പിന്നിട്ടതോടെ മഴയും പെയ്തു. ഇതോടെ സ്റ്റാര്‍ട്ട് - ഫിനിഷ് ബന്ധം മുറിഞ്ഞു. പിന്നീട് തടസങ്ങള്‍ നീക്കി മത്സരങ്ങള്‍ പുനരാരംഭിക്കുകയും, ചുണ്ടന്‍ വള്ളങ്ങളുടെ ശേഷിച്ച ഹീറ്റ്‌സുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.


ഇതിനുശേഷം കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ക്യാപ്ടന്‍ ടോണി വര്‍ക്കിയുടെ നേതൃത്വത്തില്‍ വള്ളംകളിയുടെ മുഖ്യ കണ്‍ട്രോള്‍ പവലിയനില്‍ എത്തുകയും തര്‍ക്കങ്ങള്‍ ആരംഭിക്കുകയും അവിടെയുള്ള കേബിളുകള്‍ നശിപ്പിക്കുകയും ചെയ്തു.

പിന്നീട് പോലീസിന്റെ സഹായത്താല്‍ കണ്‍ട്രോള്‍ റൂമില്‍നിന്നും എല്ലാവരെയും നീക്കം ചെയ്തിട്ടാണ്, തുടര്‍ന്നുള്ള ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിച്ചത്.

ഇതിനിടയില്‍ മുഖ്യ പവലിയനില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പ്രസിഡന്റും സി.ബി.എല്‍. സംഘാടക സമിതിയും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തിവരികയായിരുന്നു.


എന്നാല്‍, അതിനൊന്നും സമയം കൊടുക്കാതെ ഫിനിഷിങ് പോയിന്റിനു സമീപം നടുഭാഗം ചുണ്ടന്‍ ആറിനു കുറുകെ ഇട്ട് മത്സരങ്ങള്‍ തടസപ്പെടുത്തുകയായിരുന്നു. ഇവര്‍ ഫിനിഷിങ് പോയിന്റിലുള്ള ട്രാക്കിങ് സംവിധാനങ്ങളും നശിപ്പിച്ചു.


കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെയും ജനവിരുദ്ധവും, വള്ളംകളിയുടെ അന്തസിനു ചേരാത്ത നടപടികള്‍ മൂലവുമാണു വള്ളംകളി ഉപേക്ഷിക്കേണ്ടിവന്നത്. ഇതിലൂടെ കോട്ടയം വെസ്റ്റ് ക്ലബിനു വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

 

 

Advertisment