Advertisment

പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ ദൃശ്യമായില്ല. വയനാട്ടിലെ പോളിങ് ശതമാനത്തില്‍ വന്‍ ഇടിവ്. റെക്കോഡ് ഭൂരിപക്ഷമെന്ന യുഡിഎഫ് സ്വപ്‌നം പൊലിയുമോ ? പോള്‍ ചെയ്യപ്പെടാത്തത് ഇടതുവോട്ടുകളെന്ന് യുഡിഎഫ്, അല്ലെന്ന് എല്‍ഡിഎഫ്. വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോഴും പോളിങിലെ കുറവ് മുന്നണികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കാന്‍ പോന്നത്‌. വോട്ടര്‍മാരുടെ വിമുഖത പ്രകടം

ഉപതിരഞ്ഞെടുപ്പിൻെറ  വോട്ടെടുപ്പ് നടന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ പോളിങ്ങ് ശതമാനത്തിൽ വൻ ഇടിവ്

New Update
fake vote.jpg

വയനാട്: ഉപതിരഞ്ഞെടുപ്പിൻെറ  വോട്ടെടുപ്പ് നടന്ന വയനാട് ലോക്‌സഭ മണ്ഡലത്തിൽ പോളിങ്ങ് ശതമാനത്തിൽ വൻ ഇടിവ്. ആറ് മാസം മുൻപ് ലോകസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിൽ 72.69% ആയിരുന്ന പോളിങ്ങ് ഉപതിരഞ്ഞെടുപ്പിൽ 64.72% ലേക്ക് താഴ്ന്നു.

Advertisment

അന്തിമ കണക്ക് വരുമ്പോൾ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെങ്കിലും ഇപ്പോഴത്തെ കണക്കനുസരിച്ച് 7.97% ൻെറ കുറവാണുളളത്. വയനാട് മണ്ഡലത്തിലെ 1471742 വോട്ടർമാരിൽ 952543 പേർ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ പ്രചരണത്തിൽ കണ്ട ആവേശം വോട്ടെടുപ്പിൽ ദൃശ്യമായില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.


 പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ റെക്കോഡ് ഭൂരിപക്ഷം നേടാമെന്ന യു.ഡി.എഫിൻെറ പ്രതീക്ഷയിൽ പോളിങ്ങ് ശതമാനത്തിലെ കുറവ് നിരാശ പകരുന്നുണ്ട്.


പ്രിയങ്ക ഗാന്ധിയിലൂടെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ 5 ലക്ഷം വോട്ടിൻെറ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിട്ടിരുന്നത്. 2019ൽ രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരത്തിന് ഇറങ്ങിയപ്പോൾ 4.34 ലക്ഷം വോട്ടിൻെറ ഭൂരിപക്ഷമാണ് ഇതുവരെയുളള റെക്കോ‍ഡ്.

ലീഗ് ശക്തികേന്ദ്രങ്ങളായ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ പോലും പോളീങ്ങ് 70% കടന്നില്ല. ലീഗ് കുത്തക മണ്ഡലമായി കരുതിപ്പോരുന്ന ഏറനാട് മണ്ഡലത്തിൽ പോലും രാത്രി 8 വരെയുളള കണക്ക് പ്രകാരം 69.42% മാത്രമാണ് പോളിങ്ങ്.


കോൺഗ്രസ് നേതാവ് എ.പി.അനിൽ കുമാർ തുടർച്ചയായി പ്രതിനിധീകരിക്കുന്ന വണ്ടൂർ മണ്ഡലത്തിൽ 64.43 % പേർ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മലപ്പുറം ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലമായ നിലമ്പൂരിൽ 61.91% ആണ് പോളിങ്ങ്.


കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽ 66.39% പേർ വോട്ടവകാശം വിനിയോഗിച്ചു. വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിൽ 65.45%, സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 62.68% മാനന്തവാടി മണ്ഡലത്തിൽ 63.89% എന്നിങ്ങനെയാണ് പോളിങ്ങ് നടന്നത്.

പോളിങ്ങ് ശതമാനത്തിലുണ്ടായ ഗണ്യമായ കുറവ് മുന്നണികളുടെ പ്രതീക്ഷകൾ തകിടം മറിക്കാൻ പോന്നതാണ്. മണ്ഡലത്തിൽ മേൽക്കൈ അവകാശപ്പെടുന്ന യു.ഡി.എഫിന് പോളിങ്ങ് ശതമാനം കുറയുന്നത് ഭൂരിപക്ഷത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. എന്നാൽ ഇത് പുറമേയ്ക്ക് പ്രകടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയാറല്ല.


പോൾ ചെയ്യപ്പെടാത്തത് എൽ.ഡി.എഫ് വോട്ടുകൾ ആണെന്നാണ് യു.ഡി.എഫിൻെറ വാദം. വോട്ട് നഷ്ടം യു.ഡി.എഫിനാണെന്നാണ് എൽ.ഡി.എഫിൻെറ അവകാശവാദം. പോളിങ്ങ് ശതമാനത്തിലെ കുറവ് ബാധിക്കില്ലെന്നാണ് ബി.ജെ.പി സ്ഥാനാർത്ഥിയുടെയും ആത്മവിശ്വാസം.


പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ്മാസം തികയുന്നതിന് മുൻപേ വന്ന  ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർമാർക്ക്  വിമുഖത ഉണ്ടെന്ന് പ്രകടമാക്കുന്നതാണ് പോളിങ്ങ് ശതമാനത്തിലെ കുറവ്.

വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തവും പോളിങ്ങ് ശതമാനത്തെ ബാധിച്ചുവെന്നാണ് സൂചന. വോട്ടർമാരിൽ പൊതുവേ പ്രകടമായിരുന്ന നിസംഗതയും പോളിങ്ങ് ശതമാനത്തെ ബാധിച്ചു.

Advertisment