പാലക്കാട് : ആത്മകഥയിലെ സ്ഥാനാർത്ഥിക്ക് എതിരായ പരാമർശം പുറത്തുവന്നത് മൂലമുള്ള കോട്ടം തീർക്കാൻ ഇ പി ജയരാജനെ നേരിട്ട് മണ്ഡലത്തിൽ എത്തിച്ച് പ്രചാരണം നടത്താനുള്ള സി.പി.എം നീക്കം പൊളിഞ്ഞു.
രാഷ്ട്രീയ എതിരാളികളോ ശത്രുക്കളോ അല്ല, പ്രകൃതി തന്നെ എതിരായതാണ് ഇ പി ജയരാജനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം തടസ്സപ്പെടാൻ കാരണം. ഇരച്ചു പെയ്ത മഴയിൽ യോഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കനത്ത മഴയെ തുടർന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്ത് സംഘടിപ്പിച്ച പ്രചരണ പൊതുയോഗം തടസ്സപ്പെട്ടു. പ്രസംഗം തുടങ്ങി മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും ശക്തമായ മഴ തുടങ്ങി.
മഴത്തുള്ളികൾ വീണു തുടങ്ങിയപ്പോൾ തന്നെ സദസിൽ ഉണ്ടായിരുന്നവർ എഴുന്നേറ്റ് മാറാൻ തുടങ്ങി. മഴ ഉറച്ചതോടെ ഇ.പി ജയരാജനെ കേൾക്കാൻ എത്തിയവർ പൂർണമായും പോയി. മഴ ഇപ്പോൾ തീരും എന്ന് പറഞ്ഞ് കേൾക്കാൻ എത്തിയവരെ പിന്തിരിപ്പിക്കാൻ ഇ.പി. ജയരാജൻ തന്നെ ശ്രമിച്ചെങ്കിലും പ്രകൃതി കനിഞ്ഞില്ല.
പിന്നെയും കുറച്ച് നേരം വേദിയിലും പിന്നെ കുറച്ചുനേരം കാറിലും ഇ.പി ജയരാജൻ കാത്തിരുന്നെങ്കിലും മഴ ശമിച്ചില്ല. മഴ ഉടനെയെങ്ങും തോരില്ലന്ന് ഉറപ്പായതോടെ ഇ.പി പ്രസംഗം പൂർത്തിയാക്കാൻ ആകാതെ മടങ്ങിപ്പോയി.
സ്വയം സൃഷ്ടിച്ചതെന്ന് നേതാക്കളും പാർട്ടി പ്രവർത്തകരും സമൂഹവും വിശ്വസിക്കുന്ന ആത്മകഥാ വിവാദം തിരിച്ചടിക്കാതിരിക്കാനാണ് ഇ.പി ജയരാജൻ തിടുക്കത്തിൽ പാലക്കാടേക്ക് എത്തിയത്.
നേരത്തെ നിശ്ചയിച്ച പ്രചരണ പരിപാടികളിൽ ഒന്നും ഇ.പി ജയരാജൻ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ വിവാദം തിരിച്ചടിക്കും എന്ന ആശങ്കയിൽ പെട്ടെന്ന് തന്നെ ഇ.പി. ജയരാജന് വേണ്ടി വൈകുന്നേരം പൊതു യോഗം സംഘടിപ്പിച്ചത്.
ഇന്നുരാവിലെ കണ്ണൂരിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകാനിരുന്ന ഇ.പി ജയരാജനും അതെല്ലാം മാറ്റിവെച്ച് ഉച്ചക്ക് മുമ്പ് തന്നെ പാലക്കാട് എത്തി.
ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ഡോ. പി. സരിനെ ഉത്തമനായ സ്ഥാനാർഥി എന്ന് വിശേഷിപ്പിച്ച് ആത്മകഥാ വിവാദത്തിന് പ്രായശ്ചിത്തം തുടങ്ങി.
വിദ്യാസമ്പന്നനും ബുദ്ധിമാനുമായ സരിന് കോൺഗ്രസിലെ നയങ്ങളോട് യോജിക്കാൻ കഴിയാതെ വന്നപ്പോഴാണ് പാർട്ടി വിട്ടതെന്നും ഇ പി പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈകുന്നേരം അഞ്ചുമണിക്ക് നിശ്ചയിച്ച പൊതുയോഗം ആറു മണിയോടെയാണ് തുടങ്ങിയത്. സ്ഥാനാർത്ഥിയെ ഉത്തമനെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഇ പി പൊതുയോഗത്തിലും പ്രസംഗം തുടങ്ങിയത്.
സരിൻ്റെ യോഗ്യതകൾ വിശദീകരിച്ചു പ്രസംഗം തുടരുമ്പോഴാണ് അപ്രതീക്ഷിതമായി മഴ ആർത്തു പെയ്തത്. ഇ പിയുടെ പ്രസംഗത്തിന്റെ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥി സരിനെ കൂടി സ്റ്റേജിൽ എത്തിച്ച് പരിപാടി ഗംഭീരമാക്കാൻ ആയിരുന്നു പദ്ധതി.
എന്നാൽ തകർത്തു പെയ്ത മഴ എല്ലാ പ്രതീക്ഷയും ഒഴുക്കി കളഞ്ഞു. മഴ തോറും എന്ന പ്രതീക്ഷയിൽ ഇ പി ജയരാജൻ കുറച്ചുനേരം കാത്തിരുന്നെങ്കിലും മഴ ശമിച്ചില്ല. ഇതോടെ വിവാദത്തിന് മറുപടി നൽകാനുള്ള സിപിഎം നീക്കം പരാജയപ്പെടുകയായിരുന്നു.