പാലക്കാട്: പരസ്പരം കണ്ടിട്ടും ഇടത് സ്ഥാനാർഥി ഡോ. പി. സരിന് കൈ കൊടുക്കാതെ ഷാഫി പറമ്പിൽ എംപിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും. ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിരുന്നു സംഭവം.
ഹസ്തദാനം നൽകാൻ സരിൻ കൈനീട്ടിയെങ്കിലും ഇരുവരും ഗൗനിച്ചില്ല. എന്നാല്‍ സരിനെ അവഗണിച്ച രാഹുലും ഷാഫിയും മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് കൈ കൊടുത്തു.
'രാഹുലേ' എന്ന് വിളിച്ചാണ് സരിന്‍ എത്തിയത്. തന്നെ ഗൗനിക്കാതെ രാഹുല്‍ മാറിയപ്പോള്‍ മോശമാണ് രാഹുലേ, അയ്യയ്യയ്യേ എന്നും പറഞ്ഞു. അതേസമയം, സരിനെ പരിഹസിച്ച് യുഡിഎഫ് കേന്ദ്രങ്ങളും, രാഹുലിന്റെയും ഷാഫിയുടെയും പ്രവൃത്തിയെയും വിമര്‍ശിച്ച് എല്‍ഡിഎഫ് കേന്ദ്രങ്ങളും 'കൈ' വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാക്കി.
സരിനെ പരിഹസിച്ച് വി.ടി. ബല്‍റാം പങ്കുവച്ച കുറിപ്പ്
ഇക്കഴിഞ്ഞ ദിവസം റിവ്യൂവർ ആദർശ് സംവിധായകൻ ജോജുവിനോട് പറഞ്ഞ തഗ്ഗ് ഡയലോഗിന് ശേഷം ഇന്നിതാ മറ്റൊന്ന്.
"ഷാഫീ.. ഷാഫീ.. ഞാനിപ്പുറത്ത് ഉണ്ട്."
ഷാഫി: "ആ എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാവണം"
എജ്ജാതി ടൈമിംഗ്
യുഡിഎഫിനെ വിമര്‍ശിച്ച് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്
മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?
എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.
പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.
എനിക്കെതിരെ ആദ്യം മത്സരിച്ചത് സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല.
വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്.
തൃത്താലയിൽ വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.
എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് വിഷ് ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും.