Advertisment

ബ്രഹ്‌മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസ് അധികാരികള്‍ക്കുള്ള 'മുന്നറിയിപ്പ്‌'. അധികാരമുപയോഗിച്ചുള്ള എടുത്തുചാട്ടങ്ങൾ ഭാവിയില്‍ നിയമക്കുരുക്കിലാക്കും. കെഎസ്ഇബിയുടെ ഫ്രഞ്ച് കരാർ പാരമ്പര്യ ഊർജപദ്ധതികൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം മറയാക്കി. സർക്കാർ അനുമതിയില്ലാത്ത കരാറിന് അനുമതി നൽകിയത് സി.വി പത്മരാജനെ പ്രതിയാക്കി. വി.എസ് നയിച്ച ഒരു പോരാട്ടം കൂടി വിജയത്തിലെത്തുമ്പോൾ

നീണ്ട 31വർഷത്തിനു ശേഷം ഉയിർത്തെഴുന്നേറ്റ് ബ്രഹ്‌മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസ്

New Update
vs achuthanandan cv padmarajan

തിരുവനന്തപുരം: ഇപ്പോഴുള്ള രാഷ്ട്രീയ ധൈര്യത്തിന്റെ ബലത്തിൽ വഴിവിട്ട് കാര്യങ്ങൾ ചെയ്യുകയും ഇത്തരം കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്ന മന്ത്രിമാർ ജാഗ്രതൈ...! നീണ്ട 31 വർഷങ്ങൾക്ക് ശേഷം ബ്രഹ്‌മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി. വി.പത്മരാജൻ അടക്കം 12 പ്രതികൾ വിചാരണ നേരിടണമെന്ന് വിജിലൻസ് കോടതി വിധിച്ചിരിക്കുകയാണ്.

Advertisment

 നിയമവും ചട്ടവും മറികടന്ന്, അത് സദുദ്ദേശത്തിലാണെങ്കിൽ പോലും എടുക്കുന്ന തീരുമാനങ്ങൾക്ക് പിന്നീട് പതിറ്റാണ്ടുകളോളം നിയമനടപടികൾ നേരിടേണ്ടി വരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രഹ്മപുരം കേസ്.

പ്രതികളുടെ വിടുതൽ ഹർജി തള്ളിയ പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. വി. രാജകുമാരയാണ് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. പ്രതികൾക്ക് അഴിമതിയിൽ പങ്കുണ്ടോയെന്ന കാര്യം വിചാരണയിലൂടെ തീരുമാനിക്കാമെന്ന് കോടതി വിലയിരുത്തി.


 അഴിമതിയിൽ പങ്കില്ലെന്ന വാദം പൂർണമായി അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയുണ്ടെന്നാണ് കേസ്.


1991ലെ കെ. കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു സി. വി. പത്മരാജൻ. 1993 ഡിസംബർ 14നാണ് ഫ്രഞ്ച് കമ്പനിയായ എസ്. ഇ. എം. ടി പീൽസ്റ്റിക്കുമായി കരാർ ഉണ്ടാക്കുകയും നാല് ഡീസൽ ജനറേറ്ററുകൾ ഉയർന്ന വിലയ്ക്ക് കമ്പനിയിൽ നിന്ന് വാങ്ങുകയും ചെയ്തു. ഈ ഇടപാടിൽ സംസ്ഥാന ഖജനാവിന് നാലരക്കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ.

പത്മരാജന് പുറമെ കെ.എസ്.ഇ.ബി മുൻ ചെയർമാന്മാരായ ആർ. നാരായണൻ, വൈ.ആർ. മൂർത്തി, മെമ്പർ (അക്കൗണ്ട്‌സ്) ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർമാരായ ചന്ദ്രശേഖരൻ, സി.ജെ. ബെർട്രോം നെറ്റോ, മെമ്പർ (സിവിൽ) എസ്. ജനാർദ്ദനപിളള, എൻ.കെ. പരമേശ്വരൻ നായർ, മുൻ സെക്രട്ടറി ജി. കൃഷ്ണകുമാർ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ ഏജന്റും മുംബൈ സ്വദേശിയുമായ ദേബാശിഷ് മജുംദാർ എന്നിവരാണ് പ്രതികൾ.1999ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റർ ചെയ്തത്.


പാരമ്പര്യ ഊർജപദ്ധതികൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം മറയാക്കി കെഎസ്ഇബി ചെയർമാനായിരുന്ന ആർ നാരായണൻ, സർക്കാർ അനുമതിയില്ലാതെ ഫ്രാൻസിലെത്തിയാണ് കരാർ ഒപ്പിട്ടത്.


 സർക്കാർ അനുമതിയില്ലാത്ത കരാറിന് പിന്നീട് സി വി പത്മരാജൻ അനുമതി നൽകുകയായിരുന്നു. ബ്രഹ്മപുരം താപവൈദ്യുത നിലയവുമായി ബന്ധപ്പെട്ട് 71 കോടി രൂപയുടെ അഴിമതി നടന്നു എന്ന ആരോപണം ആദ്യമായി നിയമസഭയില്‍ ഉന്നയിച്ചത് 1995ല്‍ വി.എസ് അച്യുതാനന്ദനായിരുന്നു.

സഭയ്ക്ക് പുറത്തും വിഎസ് ആരോപണം ആവര്‍ത്തിച്ചു. സി.വി. പത്മരാജന്‍ മാനനഷ്ടക്കേസ് കൊടുത്തെങ്കിലും കോടതി അത് ചെലവ് സഹിതം തള്ളുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസാണ് ബ്രഹ്മപുരം അഴിമതിക്കേസ്‌.


 1991ലെ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റിലേക്ക് ഫ്രഞ്ച് കമ്പനിയായ എസ്ഇഎംടി പീല്‍സ്റ്റിക്കില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് നാല് ഡീസല്‍ ജനറേറ്ററുകള്‍ വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്. പാരമ്പര്യ ഊര്‍ജപദ്ധതികള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മറയാക്കിയായിരുന്നു കെഎസ്ഇബി കരാറുണ്ടാക്കിയത്.


 1993 ഡിസംബര്‍ 14ന് ഒപ്പിട്ട കരാര്‍മൂലം ഖജനാവിന് അഞ്ചുകോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഈ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ 1.39 കോടി രൂപയുടെ അഴിമതിയും തുടരന്വേഷണത്തില്‍ കണ്ടെത്തി. 1.39 കോടി രൂപയുടെ അഴിമതിയില്‍ നേരത്തേ ഉദ്യോഗസ്ഥരെ പ്രതികളാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റര്‍ചെയ്തത്. 2008ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോടതിയുടെ അധികാരപരിധിക്കു പുറത്തുനടന്ന സംഭവങ്ങളാണ് കേസിനാധാരമെന്ന് ചൂണ്ടിക്കാട്ടി സി വി പത്മരാജനും നാരായണനും ഹൈക്കോടതിയെ സമീപിച്ചു.

 തുടര്‍ന്ന് ഹൈക്കോടതി തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. വിദേശ കമ്പനിയുള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന ആവശ്യത്തിനും വിജിലന്‍സ് ഏറെക്കാലം കാത്തിരുന്നു. തുടര്‍ന്ന് 2013ല്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.

Advertisment