Advertisment

തൃശൂരിലെ വിജയത്തിളക്കത്തിൽ കേരളത്തിലെ ബി.ജെ.പി ഘടകം; സംസ്ഥാനത്ത് എഴുതിതളളാൻ കഴിയാത്ത ശക്തിയായി പാർട്ടി വളർന്നുവെന്ന വിലയിരുത്തലിൽ നേതൃത്വം; തൃശൂരിലെ ജയം കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റത്തിൻ്റെ തുടക്കമെന്ന്‌ കെ. സുരേന്ദ്രൻ

മൂന്നാം സ്ഥാനത്തായി പോയെങ്കിലും പാലക്കാട് മണ്ഡലത്തിൽ  സി. കൃഷ്ണകുമാർ   കഴിഞ്ഞ തവണത്തേക്കാൾ  30,000 വോട്ട് വർധിപ്പിച്ചു. വയനാട്ടിൽ രാഹുൽഗാന്ധിയോട് എതിരിട്ട കെ.സുരേന്ദ്രനും വോട്ടു വിഹിതം 50,000ത്തിലധികം വോട്ടുവർധിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
suresh gopi thrissur

കോഴിക്കോട്: തൃശൂരിലെ വമ്പൻ ജയത്തോടെ കേരളത്തിൽ അക്കൗണ്ട് തുറക്കാനായതിൻെറ തിളക്കത്തിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വം. സുരേഷ് ഗോപിയിലൂടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് നിന്ന് ലോകസഭയിലേക്ക് വിജയം കുറിച്ച ബി.ജെ.പി, ആർക്കും എഴുതിത്തളളാൻ കഴിയാത്ത നിർണായക ശക്തിയായി മാറിയെന്ന് സ്വയം വിളിച്ചുപറയുകയാണ്. അവസാന ഘട്ടത്തിൽ കൈവിട്ടുപോയെങ്കിലും തിരുവനന്തപുരത്ത് തുടർച്ചയായി അഞ്ചാം തവണയും രണ്ടാം സ്ഥാനത്ത് എത്താനായത് ബി.ജെ.പിക്ക് നേട്ടമാണ്. മൂന്നാം സ്ഥാനത്തായി പോയെങ്കിലും വോട്ട് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കിയ ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട് സീറ്റുകളിലും ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാൻ ബി.ജെ.പിക്കായി.

Advertisment

2019ൽ  സംസ്ഥാനത്താകെ 3171792 വോട്ടുകൾ നേടിയ എൻ.ഡി.എയുടെ വോട്ട് വിഹിതം 15.56 ശതമാനമായിരുന്നു. ഇത്തവണ അത് 20 ശതമാനത്തിന് അപ്പുറത്തേക്ക്  കടന്നിരിക്കുകയാണ്. ദേശീയതലത്തിൽ വിജയത്തിൻെറ ശോഭ കുറഞ്ഞെങ്കിലും കേരളത്തിൽ ഉജ്വല പ്രകടനമാണ് ബി.ജെ.പി നടത്തിയത്. 74686 വോട്ടിൻെറ അത്യുഗ്രൻ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി തൃശൂരിൽ വിജയം നേടിയത്. ശക്തമായ ത്രികോണ മത്സരത്തിൽ എങ്ങനെയങ്കിലും ചാടിവീഴുകയല്ല, മറിച്ച് ആധികാരിക ജയമാണ് തൃശൂരിൽ ബി.ജെ.പി നേടിയത്.

ആദ്യമായി മത്സരിക്കാനെത്തിയതാണെങ്കിലും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മികച്ച പ്രകടനമാണ് നടത്തിയത്. അവസാന റൗണ്ടുകൾ വരെ ലീഡ് നിലനിർത്തിയ രാജീവ് ചന്ദ്രശേഖർ കേവലം 15,000 വോട്ടിനാണ് ശശി തരൂരിനോട് പരാജയപ്പെട്ടത്.

ശക്തമായ ത്രികോണമത്സരം നടന്ന ആറ്റിങ്ങലിൽ വി.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ജയം നഷ്ടമായത് 20000 ൽപരം വോട്ടകൾക്കാണ്. ആലപ്പുഴയിലും ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമാണ്  ബിജെപി നടത്തിയത്. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം കുത്തനെ വർദ്ധിപ്പിക്കുന്ന പാരമ്പര്യം ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും ആവർത്തിച്ചു. ശോഭാ സുരേന്ദ്രൻ നേടിയത് 299648 വോട്ട്. കഴിഞ്ഞ തവണ ബി.ജെ.പി നേടിയതിനേക്കാൾ 111919 വോട്ട് കൂടുതൽ പിടിച്ചു. ആലപ്പുഴയിൽ പരമാവധി രണ്ടരലക്ഷം വോട്ട് വരെ പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി മൂന്ന് ലക്ഷത്തിനടുത്ത വോട്ടുകൾ ലഭിച്ചതിൻെറ ഞെട്ടലിലാണ്.

പാർട്ടി പ്രതിക്ഷിക്കാത്ത മുന്നേറ്റമാണ് ആലപ്പുഴയിൽ സംഭവിച്ചതെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു. ഇത് കേരളത്തിലെ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റത്തിൻ്റെ തുടക്കമെന്നാണ് സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻ്റെ പ്രതികരണം.

കേരളത്തിൽ വിജയിക്കാനാകാത്ത മുന്നണിയെന്ന ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞുവെന്ന് വി. മുരളീധരനും പ്രതികരിച്ചു. മൂന്നാം സ്ഥാനത്തായി പോയെങ്കിലും പാലക്കാട് മണ്ഡലത്തിൽ  സി. കൃഷ്ണകുമാർ   കഴിഞ്ഞ തവണത്തേക്കാൾ  30,000 വോട്ട് വർധിപ്പിച്ചു. വയനാട്ടിൽ രാഹുൽഗാന്ധിയോട് എതിരിട്ട കെ.സുരേന്ദ്രനും വോട്ടു വിഹിതം 50,000ത്തിലധികം വോട്ടുവർധിപ്പിച്ചു. 141045 വോട്ടുകളാണ് സുരേന്ദ്രൻ വയനാട്ടിൽ നേടിയത്.

ആലത്തൂരിൽ ടി.എൻ സരസു കഴിഞ്ഞ തവണ നേടിയതിനേക്കാൾ അധികം പിടിച്ച ഒരു ലക്ഷം  വോട്ടുകളാണ് രമ്യ ഹരിദാസിൻ്റെ തോൽവിക്ക് കാരണമായത്. കോഴിക്കോട് എം.ടി രമേശും 20000ത്തോളം വോട്ട് വർധിപ്പിച്ചു. പത്തനംതിട്ടയിൽ 234406 വോട്ടുകൾ നേടിയെങ്കിലും അനിൽ ആൻറണിക്ക് കഴിഞ്ഞ തവണത്തെ സുരേന്ദ്രൻെറ നേട്ടം ആവർത്തിക്കാനായില്ല.

Advertisment