Advertisment

പോലീസ് റിപ്പോര്‍ട്ടിലെ 'ക്ലീന്‍ചിറ്റി'ല്‍ രക്ഷപ്പെട്ട് സച്ചിന്‍ ദേവും ആര്യാ രാജേന്ദ്രനും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു വാതില്‍ തുറന്നു കൊടുത്തതിന് ശേഷമാണ് സച്ചിന്‍ ബസിനുള്ളില്‍ കയറിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍; കേസില്‍ ഇനി അവശേഷിക്കുന്നത് ജോലി തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള ഏതാനും കുറ്റങ്ങള്‍ മാത്രം; നിരീക്ഷണ ഹര്‍ജിയില്‍ വിധി 30ന്‌

കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്ന എല്‍.എച്ച്. യദുവിനെ ആര്യാ രാജേന്ദ്രനും സംഘവും വഴിയില്‍ തടഞ്ഞ കേസില്‍ ആദ്യഘട്ട അന്വേഷണത്തില്‍ സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചു കടന്നു എന്ന കുറ്റവും യദുവിനെ അസഭ്യം പറഞ്ഞ കുറ്റവും നിലനില്‍ക്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

New Update
arya sachin devv.jpg

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്ന എല്‍.എച്ച്. യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും വഴിയില്‍ തടഞ്ഞ കേസില്‍ ആദ്യഘട്ട അന്വേഷണത്തില്‍ സച്ചിന്‍ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ചു കടന്നു എന്ന കുറ്റവും യദുവിനെ അസഭ്യം പറഞ്ഞ കുറ്റവും നിലനില്‍ക്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. 

Advertisment

കേസ് അന്വേഷണം പോലീസ് നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് യദു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശ പ്രകാരം കന്റോണ്‍മെന്റ് പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. നിരീക്ഷണ ഹര്‍ജിയില്‍ കോടതി ഈ മാസം 30 ന് വിധി പറയും.

ഹൈഡ്രോളിക് സംവിധാനമുളളതും ഡ്രൈവറുടെ നിയന്ത്രണത്തിലുളളതുമായ ഡോര്‍ യദു തുറന്ന് കൊടുത്ത ശേഷമാണ് സച്ചിന്‍ ദേവ് ബസിനുളളില്‍ കയറി വിവരം അന്വേഷിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


 അക്കാരണം കൊണ്ട് തന്നെ സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചു കടന്നു എന്ന് പറയാനാകില്ലെന്നാണ് പോലീസ് ഭാഷ്യം. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് ദൃക്‌സാക്ഷികളെയും ബസില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും കണ്ട് നേരിട്ട് മൊഴി എടുത്തതില്‍ ആര്യ രാജേന്ദ്രനും സംഘവും യദുവിനെ അസഭ്യം പറഞ്ഞതായി കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് എടുത്ത കേസില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തിയതും, അന്യായമായി തടഞ്ഞ് വച്ചതും, തെളിവ് നശിപ്പിച്ച കുറ്റവുമാണ് ബാക്കിയുളളത്. അടുത്ത ഘട്ടത്തില്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യമാകും പോലീസ് പരിശോധിക്കുക.

യദു ഓടിച്ചിരുന്ന ബസ് പോകേണ്ടിയിരുന്നത് പി.എം.ജിയില്‍ നിന്ന് ബിഷപ് പെരേര ഹാളിന് മുന്നിലൂടെ ബേക്കറി ജംഗ്ഷന്‍ വഴി തമ്പാനൂരിലേക്കാണ്. സംഭവ ദിവസം യദു പോയത് അനുവദനീയമല്ലാത്ത പി.എം.ജി- നിയമസഭാ മന്ദിരം-പാളയം-വി.ജെ.റ്റി വഴി തമ്പാനൂരിലേക്കാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


 മാത്രമല്ല ബസിനുളളിലെ സി. സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായാലേ യദു പറയുന്ന വസ്തുതയുടെ നിജ സിഥിതി അറിയാനാകൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.


ബസിനുളളിലെ സി.സി.ടി.വി യുടെ ഡി.വി.ആര്‍ യൂണിറ്റിലുളള മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതിന് തമ്പാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷിക്കുന്നുണ്ട്.  സംഭവ ദിവസം  പ്രതികളോടൊപ്പം ഉണ്ടായിരുന്നതും പേര് തിരിച്ചറിയാതിരുന്നതുമായ  ആള്‍ കന്യാകുമാരി കൊല്ലങ്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന എസ്. ആര്‍. രാജീവാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതായി പോലീസ് അവകാശപ്പെടുന്നു.


 പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമുളള തെളിവ് ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.


കോടതി നിരീക്ഷണത്തിലുളള അന്വേഷണം വേണമെന്ന യദുവിന്റെ ആവശ്യം മാധ്യമ ശ്രദ്ധ നേടാന്‍ മാത്രമാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രോസിക്യൂട്ടര്‍ കല്ലംപളളി മനു കോടതിയെ അറിയിച്ചു. ഇതുവരെയുളള പോലീസ് അന്വേഷണത്തില്‍ തൃപ്തിയുളളതായി യദുവിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

Advertisment