Advertisment

പെടലി ഒടിക്കുന്ന പാലങ്ങള്‍ എറണാകുളത്തിന് സ്വന്തം; എട്ടിന്റെ പണി നല്‍കുന്ന റോഡുകള്‍ മുഖമുദ്ര ! നോക്കി സങ്കടപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട് പാവം നാട്ടുകാരും; ഈ നാട് എന്ന് നന്നാകും ? - പരമ്പര നാലാം ഭാഗം

വൈറ്റില ഭാഗത്ത് നിന്നും  കുണ്ടന്നൂർ പാലത്തിലേക്ക് പ്രവേശിയ്ക്കുന്ന അപ്രോച്ച് റോഡും പാലവുമായി വലിയ ഉയരവ്യതാസം ഉണ്ട്. ഇതിൽ ഇടിച്ച്, ചാടിക്കയറുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ നടുവും പിടലിയും ഒടിയും.

author-image
സുഭാഷ് ടി ആര്‍
Updated On
New Update
approach road problem

വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ, തൈക്കൂടം, നെട്ടൂർ, കുമ്പളം,അരൂർ, കുണ്ടന്നൂർ - തേവര, ചമ്പക്കര, പേട്ട, ഇരുമ്പനം, നോർത്ത് തുടങ്ങി വടക്കൻ പറവൂർ ഭാഗത്തേയ്ക്കും വൈപ്പിൻ ഭാഗത്തേയ്ക്കും മറ്റും ഉള്ള  പാലങ്ങൾ നോക്കൂ ! എല്ലാ പാലങ്ങളുടെയും അപ്രോച്ച് റോഡ് പാലത്തിന്റെ നിരപ്പിൽ നിന്നും ഒരടിയിലധികമെങ്കിലും താഴ്ന്നതായിരിയ്ക്കും.

Advertisment

തന്മൂലം വാഹനങ്ങൾ പാലത്തിലേക്ക് ഇടിച്ച് കയറുന്നു. (ഇളങ്ങുളം പാലത്തിന്റെ കടവന്ത്ര ഭാഗത്ത് നിന്ന് വരുന്ന അപ്രോച്ച് റോഡ് ഇപ്പോൾ താഴാൻ തുടങ്ങിയിട്ടുണ്ട്) പരിചയമില്ലാത്ത ഡ്രൈവർമാരാണങ്കിൽ വാഹനം ഇടിച്ചു കയറിക്കഴിയുമ്പോഴേ അറിയൂ.

വൈറ്റില ഭാഗത്ത് നിന്നും  കുണ്ടന്നൂർ പാലത്തിലേക്ക് പ്രവേശിയ്ക്കുന്ന അപ്രോച്ച് റോഡും പാലവുമായി വലിയ ഉയരവ്യതാസം ഉണ്ട്. ഇതിൽ ഇടിച്ച്, ചാടിക്കയറുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ നടുവും പിടലിയും ഒടിയും. എത്രയെത്ര വാഹനങ്ങൾ ആണ് ആക്സിലുകൾ ഒടിഞ്ഞ് കേടാകുന്നത് ! ആര്  നഷ്ടപരിഹാരം നൽകും ?

കൂടാതെ, പാലങ്ങൾക്കിടയിലെ വിടവുകൾ (expansion gap) പാലം പണിയുടെ മാനദണ്ഡത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കാം. പക്ഷേ, രണ്ട് എക്സ്പാൻഷൻ ഗ്യാപ്പുകൾ തമ്മിലുള്ള ഉയരവ്യത്യാസങ്ങൾ പാലം പണിയിലെ കുറ്റകരമായ അനാസ്ഥ  തന്നെയാണ് എന്ന് പറയാതിരിക്കാൻ പറ്റത്തില്ല.


പാലങ്ങൾ തമ്മിലുള്ള ഉയരവ്യത്യാസങ്ങൾ എറണാകുളത്തെ എല്ലാ പാലങ്ങളിലും ഒരുപോലെ കാണാം. ഇത്രയും മഹത്തായ സാങ്കേതിക വിദ്യയും വൈഭവവും പഠിയ്ക്കാൻ ലോക രാഷ്ട്രങ്ങൾ കേരളത്തിലുള്ള പിഡബ്ല്യുഡി യിലേക്ക് വരാൻ സാദ്ധ്യതയുണ്ട്. പിഡബ്ല്യുഡി യിലെ സാങ്കേതിക വിദഗ്ധരെ കൂട്ടത്തോടെ ലോകനേതാക്കൾ അവരുടെ രാജ്യത്തേക്ക് കൊണ്ടുപോകാനും മതി. 


വൈറ്റിലയിൽ നിന്ന് പാലാരിവട്ടം ഭാഗത്തേയ്ക്ക് പോകുന്ന പാലത്തിലെ എക്സ്പാൻഷൻ ഗ്യാപ്പിൽ ചാടാത്തവരുണ്ടായിരുന്നോ ? ഇതിലെ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ കാര്യം പോകട്ടെ എന്ന് വയ്ക്കാം. മന്ത്രിമാർ,  ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കളക്ടർ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയ അധികാരസ്ഥാനങ്ങളിൽ ഉള്ളവരും ഇത് കാണാതെ പോകുന്നതാണ് അമ്പരപ്പിയ്ക്കുന്നത്.

എന്ത് കൊണ്ട് ഈ കരാറുകാർക്ക് എതിരെ നടപടി എടുക്കാൻ മടിയ്ക്കുന്നത് ? കാലങ്ങൾക്ക് ശേഷം ഇപ്പോൾ പാലത്തിന്റെ മുകൾഭാഗം ടാറിംഗ് നടത്തിയിട്ടുണ്ട്.


പാലങ്ങളുടെയും റോഡുകളുടെയും ഉപരിതലത്തിലെ ടാറിംഗ് ഇളകി വൻ ഗർത്തങ്ങൾ രൂപപ്പെടണമെന്നതാണ് കരാറുകാർ ആഗ്രഹിയ്ക്കുന്നത് എന്ന് തോന്നും ഈ തകരുന്ന റോഡുകളും പാലങ്ങളും കാണുമ്പോൾ. വലിയ ട്രാഫിക് ബ്ലോക്കിനും അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്ന നിർമ്മാണസമയത്തെ  കുറ്റകരമായ അനാസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ ?


ടാറിംഗിന് ഉപയോഗിയ്ക്കുന്ന ബിറ്റുമിൻ, മിക്സറിൽ കാണാനേയില്ല. ചരലും മിറ്റിലും പിന്നെ കുറെ പാറപ്പൊടിയും റോഡിൽ ഇളകി തെറിച്ച് പറന്ന് നടക്കും. പാവം പ്രബുദ്ധർ ! ഇതൊക്കെ ഇങ്ങനെയാണ്, വേറെ എന്ത് ചെയ്യാൻ പറ്റും എന്ന സ്ഥിരം ക്ലീഷേ പറഞ്ഞ് സ്ഥലം വിടും ഇക്കൂട്ടർ.

ഗ്രാമീണറോഡുകളും പാലങ്ങളും 

മുളന്തുരുത്തി പഞ്ചായത്തിലെ മറ്റത്താൻകടവ് പാലത്തിലെ അപ്രോച്ച് റോഡിൽ നിന്നും പാലത്തിലേക്ക് നടന്ന് പോലും കയറാൻ പറ്റത്തില്ല. കുത്തനെയുള്ള കയറ്റം ആണ് മുളന്തുരുത്തി ഭാഗത്ത് നിന്നും വരുമ്പോൾ കാണുക.

പാലവും ആയിട്ട്  അപ്രോച്ച് റോഡിന് ഒന്നര അടിയോളം ഉയരം വ്യത്യാസം ഉണ്ട്. വലിയ ഗട്ടറുകൾ അപ്രോച്ച്  റോഡിൽ വാ പിളർന്ന് കിടക്കുന്നു. ഇതിലൂടെ ചരക്കുമായി വരുന്ന വാഹനങ്ങൾ എത്ര പ്രയാസപ്പെട്ടാണ് പാലത്തിൽ പ്രവേശിയ്ക്കുന്നത് എന്ന് കണ്ടറിയണം.  

pocket roads ekm

തന്നെയുമല്ല, പാലം കടന്നാൽ തൃപ്പൂണിത്തുറ - വൈയ്ക്കം റോഡിലേക്ക് കടക്കുന്ന ഭാഗത്ത് വീതിയുമില്ല. 
പറവൂർ, പൂന്തോട്ടം, പെരുമ്പളം വൈയ്ക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് മുളന്തുരുത്തി, ആമ്പല്ലൂർ, പിറവം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴിയാണ് ഇത്. റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിന് ആരും കാതോർക്കുന്നേയില്ല.

kerala pwd

പെരുമ്പിള്ളി -  മറ്റത്താൻകടവ് റോഡ് നാളുകളായി തകർന്ന് കിടക്കുകയാണ്. ടാറിംഗ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ റോഡ് പൊളിയാൻ തുടങ്ങിയിരുന്നു. പൊതുജനങ്ങളുടെ വളരെ നാളത്തെ ആവലാതികൾക്ക് ശേഷമായിരുന്നു റീ ടാറിംഗ് നടത്തിയത്.

പരമ്പര മൂന്നാം ഭാഗം വായിക്കാം:   https://www.sathyamonline.com/news/news-keralam/article-7308486

ഇപ്പോൾ ഈ റോഡിലൂടെ നടന്ന് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ റോഡ് റീടാർ ചെയ്ത കരാറുകാരനെ തന്നെ വീണ്ടും ഈ പണികൾ ഏൽപിയ്ക്കണമെന്നാണ് നാട്ടുകാർ തമാശയായി പറയുന്നത്.

road collapsed ekm-2

കേരളത്തിലെ ഒട്ടുമിക്ക പാലങ്ങളും അപ്രോച്ച് റോഡുകളും, റോഡുകളും എല്ലാം ഏതാണ്ട് ഇതുപോലെ തന്നെയാണ് എന്ന് പറയേണ്ടി വരുന്നതിലും, കേരളത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ വകുപ്പ് പൊതുമരാമത്ത് വകുപ്പ് ആണ് എന്ന് ചൂണ്ടിക്കാണിയ്ക്കുന്നതിലും പരിഭവിച്ചിട്ട് കാര്യമില്ല.  


തലയോലപ്പറമ്പ്, വെട്ടിക്കാട്ട് മുക്കിലെ പാലത്തിന്റെയും എക്സ്പാൻഷൻ ഗ്യാപ്പ്  ടാറും മിറ്റിലും മിശ്രിതം നിറച്ച് വരമ്പ് പോലെ ഉയർന്ന് നിൽക്കുന്നത് ആർക്കും കാണാൻ സാധിക്കും. ഈ വക പ്രവൃത്തികൾ ചെയ്യുമ്പോൾ ഉത്തരവാദിത്വം ഉള്ള ഉദ്യോഗസ്ഥർ എവിടെയായിരുന്നു ? അത് ശരിയായ രീതിയിൽ ചെയ്യിപ്പിയ്ക്കാൻ നിർദ്ദേശം നൽകാത്തത് കൊണ്ടല്ലേ ഈ വക തോന്ന്യാസങ്ങൾ കരാറുകാർ ചെയ്തു പോരുന്നത് !


mulamthuruthy overbridge-2

വളരെ ചുരുക്കം ചില പാലങ്ങൾ മാത്രമാണ് കേരളത്തിൽ വലിയ കുഴപ്പമില്ലാതെ  പണിതിരിയ്ക്കുന്നത്. എറണാകുളം ജില്ലയിൽ തന്നെയുള്ള മുളന്തുരുത്തിയിൽ, ചെങ്ങോലപ്പാടം ലെവൽക്രോസിൽ മേൽപ്പാലം പണിത് ഗതാഗതക്കുരുക്ക് ഒഴിവാക്കണം എന്ന ജനങ്ങളുടെ പതിറ്റാണ്ടുകളായ ആവശ്യം സഫലമാകുവാൻ പോവുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ ആണ്. ഏതാനും മാസങ്ങൾക്ക് ഉള്ളിൽ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കും. 

mulamthuruthy overbridge-3


ഈ പാലം പണിയുടെ കാര്യം രസകരമാണ്. പാലം പണിയാൻ അനുമതി കിട്ടി, റെയിൽ പാളത്തിന് മുകളിൽ പാലം ആദ്യമേ തന്നെ പണിതീർത്തു.  ചെങ്ങോലപ്പാടം വഴി സഞ്ചരിച്ചിട്ടുള്ളവർ, തൂണിൽ ഉയർന്ന് നിൽക്കുന്ന മേൽപ്പാലം കൗതുകത്തോടെ നോക്കി ആറുവർഷമാണ് അതുവഴി പോയിരുന്നത്. അപ്രോച്ച് റോഡിന് അനുമതി കിട്ടാതെ പാലം തൂണുകളിൽ ഉയർന്ന് നിന്നു.


mulamthuruthy overbridge-5

ആറ് വർഷത്തിന് ശേഷമാണ് പാലത്തിന്റെ അപ്രോച്ച് റോഡിന് അനുമതി കിട്ടിയത്. പാലത്തിന്റെ അലൈൻമെന്റ്, ചെങ്ങോലപ്പാടത്ത് കണ്ടമുള്ള പലരുടെയും രാഷ്ട്രീയ സ്വാധീനവും താത്പര്യവും അതനുസരിച്ച്, നേരെ പോകേണ്ടിയിരുന്ന പാലവും അപ്രോച്ച് റോഡും കുറച്ച് വളച്ച്, നീട്ടി. ലെവൽക്രോസിന് തൊട്ട് അടുത്ത് കൂടി മേൽപ്പാലം പോകുന്നതിന് തടസ്സമില്ലാതിരുന്നിട്ടും അവർ അവരുടെ ഇംഗിതത്തിന് പാലം വളയ്ക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്. 

mulamthuruthy overbridge

മേൽപ്പാലം ഇത്രയും വളയാതെ നേരെ പോയിരുന്നു എങ്കിൽ, ചെങ്ങോലപ്പാടത്ത്നിന്ന് വേഴപ്പറമ്പിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന കുരുക്കിൽ പെടാതെ കടന്ന് പോകാമായിരുന്നു.


ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് അപ്രോച്ച് റോഡ് നിലവിലുള്ള മുളന്തുരുത്തി ഭാഗത്തുള്ള വേഴപ്പറമ്പ് റോഡിലേയ്ക്കാണ് ഇറങ്ങുന്നത്. എന്നാൽ, മേൽപ്പാലത്തിന്റെ മുളന്തുരുത്തി ഭാഗത്തെ അപ്രോച്ച് റോഡ്, ചെങ്ങോലപ്പാടത്തെ പെട്രോൾ പമ്പിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിരുന്നുവെങ്കിൽ, വേഴപ്പറമ്പിലേയ്ക്ക് പോകുന്ന റോഡിന് മുകളിലൂടെ അപ്രോച്ച് റോഡ് കടന്നുപോകുമായിരുന്നു.


വേഴപ്പറമ്പിലേക്ക് പോകുന്നതും വരുന്നതും ആയ  വാഹനങ്ങൾക്ക് അപ്രോച്ച് റോഡിനടിയിലൂടെ ഇപ്പോഴത്തേത് പോലെ പോകാനും വരാനും കഴിയുമായിരുന്നു. പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾക്കും തടസ്സങ്ങൾ കൂടാതെ പോകാം.

പാലം ഗതാഗതത്തിന് തുറന്ന് കൊടുത്താൽ, വേഴപ്പറമ്പിൽ നിന്നും വരുന്ന വാഹനങ്ങൾ പാലത്തിന്റെ ഇടത് വശത്ത് കൂടി തിരിഞ്ഞ്, കുറെ മീറ്ററുകൾ ദൂരത്ത് പോയി, പാലത്തിനടിയിലൂടെ തിരിഞ്ഞ് വരണം.

mulamthuruthy overbridge-4

ഇപ്പോൾ ചെയ്തിരിയ്ക്കുന്ന അടിപ്പാതയുടെ നിർമ്മാണത്തിൽ അപാകതകൾ ഉണ്ട്. വേഴപ്പറമ്പിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക്, പാലത്തിന്റെ ഇടത് വശത്തേക്ക് തിരിയാൻ പറ്റാത്ത വിധത്തിൽ റോഡ് ചെറുതാണ്. റോഡിന്റെ അരികിൽ ഭിത്തിയും കെട്ടിയിട്ടുണ്ട്.


ഈ അശാസ്ത്രീയമായ നിർമ്മാണം അനുസരിച്ച്, പാലം ഗതാഗതത്തിന് തുറന്നു കൊടുത്താൽ വേഴപ്പറമ്പിലേയ്ക്കുള്ള റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അൻപത് വർഷം മുന്നിൽ കാണാതെയുള്ള നിർമ്മാണ രീതികളാണ് കേരളത്തിലുടനീളം അവലംബിച്ച് വരുന്നതെന്ന് പറയാനാണ് ഇത് ഇവിടെ സൂചിപ്പിച്ചത്.


ചോറ്റാനിക്കര - തിരുവാങ്കുളം റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അടുത്തയിടെ അവിടെ ഒരു യുവാവ് ഗട്ടറിൽ വീണ് മരണമടയുകയുണ്ടായി. വാഹനങ്ങൾ ഗട്ടറിൽ ചാടാതിരിയ്ക്കാൻ വെട്ടിയ്ക്കുമ്പോൾ കൂട്ടയിടി പതിവാണ്.

എരുവേലി എൽപി സ്കൂളിന് മുന്നിലുമുണ്ട് രണ്ട് ഹംപുകൾ. ഹംപിനോട് ചേർന്ന് രൂപംകൊണ്ട വലിയ കുഴികളിൽ വാഹനങ്ങൾ ഇറങ്ങി കയറുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര പിന്നിലുണ്ടാകുന്നു. എരുവേലി ജംഗ്ഷനിൽ കുഴികൾ മാത്രമേയുള്ളൂ. ഉടനെയെങ്ങാനും ഈ റോഡുകൾ നന്നാക്കാൻ വല്ല സാദ്ധ്യതകളും ഉണ്ടാകുമോ എന്ന് ജനങ്ങൾ പരസ്പരം ആശങ്കകൾ പങ്കുവെയ്ക്കുന്നു.

ഇടപ്പള്ളി 

വൈറ്റില കഴിഞ്ഞാൽ വാഹനങ്ങൾ അടിഞ്ഞു കൂടുന്ന ഒരു ജംഗ്ഷനാണല്ലോ ഇടപ്പള്ളി. ഇവിടെയും ഒരു മേൽപ്പാലമൊക്കെ പണിത് കാഴ്ചയിൽ ഗംഭീരമാക്കിയിട്ടുണ്ട്. പക്ഷേ, വാഹനങ്ങൾ പാലത്തിന്റെ താഴെയുള്ള റോഡിലൂടെ ജംഗ്ഷൻ കടക്കണമെങ്കിൽ സിഗ്നലിൽ കുറച്ചു സമയം കിടക്കേണ്ടി വരുമെന്ന് മാത്രം. അരൂർ ഭാഗത്തേയ്ക്ക് ഉള്ള ദേശിയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇടപ്പള്ളിയിൽ വരെ വന്നെത്തി. ഇനി വാഹനക്കുരുക്ക് എറണാകുളം കാണാൻ പോകുന്നതേ ഉള്ളു.

edappally jn

ഇടപ്പള്ളി - അരൂർ ബൈപ്പാസ് തുടങ്ങുന്ന ഇടപ്പള്ളി സിഗ്നലിൽ ഏത് സമയത്തും ബ്ലോക്ക് ആയിരിയ്ക്കുമല്ലോ. ഇവിടെയും വൈറ്റിലയിൽ കാണുന്നപോലെ ഇടത്തേയ്ക്കും വലത്തേയ്ക്കും പോകേണ്ട വാഹനങ്ങൾ ദിശ തെറ്റി കിടന്ന് മാർഗ്ഗതടസ്സം സൃഷ്ടിയ്ക്കാറുണ്ട്.

ആക്രി പെറുക്കുന്നവരുടെ മുച്ചക്രസൈക്കിൾ, സിഗ്നലിലെ യാചകർ, ലോട്ടറി വിൽപ്പനക്കാർ, മറ്റ്  സാധനങ്ങൾ വിൽക്കുന്നവർ എല്ലാവരും ഇടപ്പള്ളി സിഗ്നലിൽ ഉണ്ടാക്കുന്ന കുരുക്കുകൾ വേറേയും.

പാലാരിവട്ടത്ത് നിന്നും മേൽപ്പാലത്തിൽ കയറാതെ  പോകേണ്ട  വാഹനങ്ങൾ, ഇടപ്പള്ളി പള്ളിയുടെ മുന്നിലൂടെ മേൽപ്പാലത്തിന് ഇടത് വശം ചേർന്നുള്ള ഇടുങ്ങിയ റോഡിലൂടെ ഫ്രീ ലെഫ്റ്റ് എടുത്താൽ പറവൂർ ഭാഗത്തേയ്ക്ക് തിരിയാം.


പഴയ ഇടപ്പള്ളി - വരാപ്പുഴ റോഡിലേക്ക് കയറുന്ന ഭാഗം ഗട്ടർ നിറഞ്ഞതിനാൽ  വാഹനങ്ങൾ കുഴികളിൽ ഇറങ്ങി കയറുമ്പോൾ പുറകിൽ വാഹനങ്ങളുടെ തിരക്കാണ്. ഈ റോഡ് നന്നാക്കിയിരുന്നു എന്ന് ആരാണ് ആഗ്രഹിയ്ക്കാത്തത് ! പ്രധാനപ്പെട്ട ഒരു ജംഗ്ഷനിൽ ഇത്രയും മോശമായ രീതിയിൽ റോഡ് തകർന്ന് കിടക്കുന്നത് കണ്ടിട്ടും, അത് അഭിമാനമായി കൊണ്ടുനടക്കുന്ന മേലാളരെ നമുക്ക് അഭിനന്ദിയ്ക്കണ്ടേ.


ഇപ്പോൾ ആകാശപാതയുടെ നിർമ്മാണം ഇടപ്പള്ളിയിൽ എത്തിയിട്ടുണ്ട്.  ഇടപ്പള്ളിയിലെ മാളിലേയ്ക്ക് പോകുന്ന വാഹനങ്ങളും അവിടെ നിന്ന് തിരിച്ച് ഇറങ്ങുന്ന വാഹനങ്ങളും ആലുവ,പറവൂർ, ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഒക്കെ ചേർന്ന് ട്രാഫിക് കുരുക്കിന്റെ പിരി ഒന്നുകൂടി മുറുക്കും.

sky way edappally

എറണാകുളത്തെ റോഡുകളിൽ എവിടെയെങ്കിലും ഒക്കെ മിയ്ക്കപ്പോഴും അറ്റകുറ്റപ്പണികളും, വാട്ടർ അതോറിറ്റിയുടെയും ടെലഫോൺ വകുപ്പിന്റെയും കെഎസ്ഇബി യുടെയും മറ്റും കുഴിയ്ക്കലുകളും, തുരക്കലുകളും, വാനം വെട്ടലും മൂടലും നിർബാധം നടക്കുന്നുണ്ട്. കോർപ്പറേഷന്റെ വക കാനകോരലും സ്ലാബ് തുറക്കലുകളും മറ്റും വേറെയും. എന്തായാലും വാഹനവുമായി എറണാകുളത്ത് വരുന്നവർ പെട്ടുപോകും.

പരമ്പര ഒന്നാം ഭാഗം: https://www.sathyamonline.com/news/news-keralam/article-7289423

പരമ്പര രണ്ടാം ഭാഗം: https://www.sathyamonline.com/voices/voices-articles/article-7303317

നാളെ എറണാകുളത്തെ റോഡുകൾ 

Advertisment