പരമ്പര രണ്ടാം ഭാഗം വായിക്കാം: https://www.sathyamonline.com/voices/voices-articles/article-7303317
വൈറ്റിലയിലെ ഏതെങ്കിലും ഒരു റോഡിൽ ചൂട്ടുമടൽ വീണാൽ മതി, ട്രാഫിക് ബ്ലോക്കായി. വൈറ്റില ബ്ലോക്കായാൽ നഗരം മുഴുവനും കുരുങ്ങും. തൃപ്പൂണിത്തുറ - വൈറ്റില റോഡിന്റെ കുന്നറ പാർക്ക് മുതൽ വൈറ്റില സിഗ്നൽ വരെയുള്ള റോഡ് നാലുവരിപ്പാതയാക്കി, ബിഎംബിസി ടാറിംഗ് ചെയ്ത് വികസിപ്പിയ്ക്കുന്നതിന് മടി ആർക്കാണ് ?
കോട്ടയം, പാലാ, മുവാറ്റുപുഴ, വൈയ്ക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ തൈക്കൂടം മുതൽ മിയ്ക്കവാറും ദിവസങ്ങളിലും മണിക്കൂറുകളോളം ട്രാഫിക് കുരുക്കിൽ പെട്ട് നട്ടം തിരിയുന്നത് പതിവാണ്.
ഗുണനിലവാരമുള്ള ഒരു റോഡുപോലും കൊച്ചിയിൽ ഇല്ല എന്ന വസ്തുത, തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡുകൾ നേരിട്ട് പറഞ്ഞുതരുന്നുണ്ടല്ലോ. ഇപ്പോഴും പഴയ റോഡുകളാണ് ജനങ്ങൾക്ക് ആശ്രയം.ഇടപ്പള്ളി - അരൂർ ബൈപ്പാസ്, കുണ്ടന്നൂർ - തേവര റോഡ്, കണ്ടെയ്നർ റോഡ്, തൃപ്പൂണിത്തുറ ബൈപ്പാസ് തുടങ്ങിയ ഏതാനും റോഡുകൾ ഒഴികെ പുതിയ റോഡുകൾ ഒന്നും തന്നെ എറണാകുളം നഗരത്തിലോ, ചുറ്റുവട്ടത്തോ ഇല്ല. കണ്ടെയ്നർ റോഡ് വന്നിട്ടും എറണാകുളത്തെ തിരക്ക് കുറഞ്ഞില്ല.
എറണാകുളത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്ന് തകർന്ന റോഡുകളാണ് എന്ന് വീണ്ടും ആവർത്തിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ, തൃപ്പൂണിത്തുറ - വൈറ്റില റോഡ് കുന്നറ പാർക്കിലെത്തുമ്പോൾ ബിഎംബിസി ടാറിംഗ് ഉള്ള നാല് വരിപ്പാത അവസാനിയ്ക്കുകയാണ്. പിന്നെ രണ്ട് വരിപ്പാതയിലൂടെ വൈറ്റിലയിലേക്ക്.
വൈറ്റില ജംഗ്ഷൻ വരെ ആ റോഡിൽ ഇന്റർലോക്ക് ടൈലുകൾ പാകിയിരിയ്ക്കുന്നു. അശാസ്ത്രീയമായി ടൈലുകൾ പാകിയത് മൂലം ടൈലുകൾ റോഡിൽ താഴ്ന്നും ചിലയിടങ്ങളിൽ ഉയർന്നും ചരിഞ്ഞും ഇളകിയും കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് വേഗത്തിൽ പോകാൻ പറ്റത്തില്ല. വാഹനങ്ങളുടെ നീണ്ട നിരകൾ കൊണ്ട് ഈ ഭാഗം നിറയുന്നത് പതിവാണ്.
തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ഈ കുരുക്കിൽ പെടാതെ തൈക്കൂടം കുരിശുപള്ളിയുടെ അരികിലൂടെ ബൈപ്പാസിൽ എത്താമെന്ന് വിചാരിച്ച് പോയാൽ ഓഫ് റോഡും തോറ്റുപോകുന്നതാണ് തകർന്ന ഈ റോഡ്.
ചമ്പക്കര പാലത്തിനടിയിലൂടെ കനാൽ തീരത്ത് കൂടി പോകാമെന്ന് കരുതിയാൽ റോഡിൽ പലഭാഗത്തായി ഉയർത്തി പണിത ഹംപുകളും വൻ കുഴികളും. തൈക്കൂടം മേൽപ്പാലത്തിന് അടിഭാഗവും കുഴികളും മുഴപ്പുകളും നിറഞ്ഞതാണ്.
ചേർത്തല ഭാഗത്തേയ്ക്ക് പോകേണ്ട ബസ്സുകളും, വടക്കൻ പറവൂർ, എറണാകുളം സർക്കുലർ സർവ്വീസുകൾ തുടങ്ങിയവയും, മറ്റ് വാഹനങ്ങളും ഹബ്ബിൽ നിന്നിറങ്ങി ഇടത്ത് തിരിഞ്ഞ്, പവർഹൗസ് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ്, ബൈപ്പാസിലേയ്ക്ക് പ്രവേശിച്ചാണ് പോകേണ്ടത്.
വൈറ്റില ഭാഗത്ത് നിന്നും തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, പവർഹൗസ് ജംഗ്ഷനിൽ ഈ വാഹനങ്ങൾ തിരിയുന്നതിന് പുറകിലായി നിർത്തേണ്ടി വരുന്നതിനാൽ ബ്ലോക്ക് ആകുന്നു.
തൃപ്പൂണിത്തുറയിൽ നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും പവർഹൗസിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ബൈപ്പാസിലേയ്ക്ക് പ്രവേശിയ്ക്കാൻ പവർഹൗസ് ജംഗ്ഷനിൽ വൈറ്റിലയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ നിർത്തേണ്ടി വരുന്നതിനാൽ വാഹനക്കുരുക്ക് രൂപപ്പെടുന്നു.
വാഹനങ്ങളുടെ നീണ്ട പിൻനിര തൈക്കൂടം ജംഗ്ഷനും പിന്നിട്ട് ചിലപ്പോൾ ചമ്പക്കരയും കഴിഞ്ഞ് പോകും.തിരക്കേറിയ രാവിലെകളെയും വൈകുന്നേരങ്ങളെയും തൈക്കൂടവും വൈറ്റിലയും ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടിയ്ക്കും.
തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ, വൈറ്റില സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹബ്ബിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴും, ഹബ്ബിൽ നിന്നും ഇറങ്ങി, എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എല്ലാം തൃപ്പൂണിത്തുറ വൈറ്റില റോഡിൽ ഗതാഗതം സ്തംഭിപ്പിയ്ക്കുന്നു.
രാവിലെ എട്ടുമണി വരെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും, തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ നടത്തുന്ന സ്വകാര്യ ബസ്സുകൾ ഹബ്ബിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന് മുമ്പായി ആളുകളെ ഇറക്കുന്നതും ഹബ്ബിൽ നിന്നും ബസ്സുകൾ ഈ റോഡിലേക്ക് പ്രവേശിയ്ക്കുന്ന ഭാഗത്താണ്.
പലപ്പോഴും ദീർഘദൂര സർവീസുകൾ നടത്തുന്ന സ്വകാര്യ ബസ്സുകൾ തൃപ്പൂണിത്തുറ വൈറ്റില റോഡ് വിലങ്ങി ആളുകളെ ഇറക്കുന്നതിനാൽ വൈറ്റില സിഗ്നലിൽ എത്തിപ്പെടാനും വൈറ്റില മെട്രോ സ്റ്റേഷനിലേയ്ക്ക് പോകാനും ഉള്ള വാഹനങ്ങൾ അവിടെയും അക്ഷമയോടെ കാത്ത് കിടക്കണം. ഇവിടെയെല്ലാം നഷ്ടപ്പെടുന്നത് ഓരോരുത്തരുടെയും വിലയേറിയ സമയവും ജീവിതവും ആണല്ലോ.
കുണ്ടന്നൂരു നിന്ന് തേവര പാലം വഴി എറണാകുളത്തേക്ക് പോകാമെന്ന് കരുതുന്നവർക്ക് ആ വഴി പോയാലും ഉദ്ദേശിക്കുന്ന സ്ഥലത്ത്, ഉദ്ദേശിക്കുന്ന സമയത്ത് എത്തിച്ചേരാൻ പറ്റത്തില്ല.
കുണ്ടന്നൂർ റോഡും, കുണ്ടന്നൂർ പാലത്തിനടിഭാഗവും കുണ്ടന്നൂർ - തേവര പാലവും മുഴുവനും കുഴികളാണ്. ഗട്ടറുകൾ പോരാഞ്ഞിട്ട് പാലങ്ങൾക്കിടയിലെ വലിയ വിടവുകളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
വീതികുറഞ്ഞ തേവര റോഡിലെ തിരക്ക് അനുഭവിച്ച് അറിയുക തന്നെ വേണം. പോരാഞ്ഞിട്ട് സ്പാനുകൾക്കിടയിലെ വലിയ വിടവുകളും.
സുബാഷ് ബോസ് റോഡിൽ, പൊന്നുരുന്നി സികെസി എൽപി സ്കൂളിന് മുന്നിലുള്ള രണ്ട് ഹംപുകളിൽ ചാടിവീണ് നടുവ് ഒടിയാത്തവരുണ്ടോ എന്ന് അന്വേഷിയ്ക്കണം. ഹംപിനോട് ചേർന്നുള്ള വലിയ കുഴികൾ അപകടകരമാണ്.
ഇത്രയും നിരുത്തരവാദപരമായി, ജനങ്ങളെ ദ്രോഹിയ്ക്കാനായി നിർമ്മിച്ച ഈ ഹംപ് കടന്ന് എത്രയൊ വട്ടം, എറണാകുളത്തെ ന്യായാധിപരും, ജനപ്രതിനിധികളും, മന്ത്രിമാരും, കലക്ടർമാരും പോയിട്ടുണ്ട്. ഇവരുടെ കണ്ണിൽ ഈ വക അതിക്രമങ്ങൾ പെടാതെ പോകുന്നതും, ഈ ഹംപ് നിർമ്മിച്ചവർക്കെതിരെ നടപടികൾ എടുക്കാത്തതും അത്ഭുതപ്പെടുത്തുന്നു.
ഈ ഹംപ് പൊളിച്ചു കളഞ്ഞ് ആധുനിക രീതിയിലുള്ള ഹംപ്, ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ മുഴുവൻ സമയ മേൽനോട്ടത്തിൽ നിർമ്മിയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് അഭിപ്രായമുണ്ട്. ഇത് മാത്രമല്ല, ഇതുപോലുള്ള ഹംപുകൾ എറണാകുളത്ത് അനവധിയുണ്ട്. അതെല്ലാം പൊളിപ്പിച്ച്, ഗതാഗത സൗഹദപരമായി പുനർ നിർമ്മിയ്ക്കേണ്ടിയിരിയ്ക്കുന്നു.
പൊന്നുരുന്നി അണ്ടർപ്പാസിലെ കുഴികൾ, പാലാരിവട്ടം ഭാഗത്ത് നിന്ന് വൈറ്റില ഹബ്ബിലേയ്ക്കും എരൂർക്കും മേൽപ്പാലത്തിന് അരികിലൂടെ പോകുന്ന ഇടുങ്ങിയ റോഡിലെ കുഴികൾ, ഡ്രൈവർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന സിഗ്നലുകൾ, ഇതെല്ലാം വൈറ്റിലയിൽ വലിയ വാഹനക്കുരുക്കുണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.
കുണ്ടന്നൂർ ഭാഗത്ത് നിന്ന് എറണാകുളം സൗത്തിലേയ്ക്ക് പോകേണ്ട ബസ്സുകളും, ഹബ്ബിൽ നിന്നും ഇറങ്ങി, തൈക്കൂടം പാലത്തിനിപ്പുറം ബൈപ്പാസുവഴി വൈറ്റില ജംഗ്ഷനിൽ വന്ന് സൗത്തിലേയ്ക്ക് പോകേണ്ട ബസ്സുകളും മറ്റ് വാഹനങ്ങളും, പാലാരിവട്ടം ഭാഗത്തേയ്ക്കും വൈറ്റില ഹബ്ബിലേയ്ക്കും പോകേണ്ട ബസ്സുകളും, തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് പോകേണ്ട മറ്റ് വാഹനങ്ങളും വൈറ്റില പാലത്തിന്റെ അരികിലെ ഇടുങ്ങിയ വഴിയിലൂടെ തിക്കിത്തിരക്കി ബ്ലോക്ക് ആക്കും.
സിറ്റി സർക്കുലർ സർവ്വീസുകളും മറ്റ് ബസ്സുകളും തോന്നിയത് പോലെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. അതിനിടയിലൂടെ പ്രസ്തുത റോഡിലെ ബസ് സ്റ്റോപ്പിൽ തന്നെ സാമാന്യ മര്യാദകൾ മറന്ന്, ആളെ കയറ്റുകയും ഇറക്കുകയും ചെയ്ത് ഊളിയിട്ടു പായുന്ന ഓട്ടോറിക്ഷകളും ഈ ഭാഗത്തെ ഗതാഗത സ്തംഭനത്തിന് പ്രധാന കാരണക്കാരാണ്.
വൈറ്റില - വൈറ്റില സർക്കുലർ ബസ്സുകളും,ഷട്ടിൽ സർവ്വീസ് നടത്തുന്ന മറ്റ് സ്വകാര്യ ബസ്സുകളും യാത്രക്കാർ കയറിക്കഴിഞ്ഞാലും ഈ സ്റ്റോപ്പിൽ അനന്തമായി കിടക്കുന്നത് മൂലം പുറകേ വരുന്ന ബസ്സുകൾക്ക് യാത്രക്കാരെ ഇറക്കാൻ സാധിയ്ക്കാതെ വരുന്നതിനാൽ ആ ബസ്സുകൾ സ്റ്റോപ്പിൽ കിടക്കുന്ന ബസ്സുകൾക്ക് സമാന്തരമായോ അതുമല്ലെങ്കിൽ റോഡിൽ ഏങ്കോണിച്ചോ നിർത്തുന്നു.
ചില ബസ്സുകൾ കടവന്ത്ര ഭാഗത്തേയ്ക്ക് ഉള്ള ഫ്രീലെഫ്റ്റിൽ നിർത്തി ആളുകളെ കയറ്റുന്നത് സാധാരണ കാഴ്ചയാണ്. അതുമൂലം പുറകിൽ വരുന്ന വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് എടുത്ത് തിരിയാൻ സാധിയ്ക്കുന്നില്ല.
അതുമാത്രമല്ല, ഈ ഭാഗത്ത് നിന്ന് പാലാരിവട്ടം ഭാഗത്തേയ്ക്കും തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കും ഹബ്ബിലേയ്ക്കും പോകുന്ന വാഹനങ്ങൾ സിഗ്നലിൽ റോഡ് തിങ്ങിനിറഞ്ഞ് ഫ്രീലെഫ്റ്റ് അസാദ്ധ്യമാക്കുന്നു.
ഈ ഭാഗത്ത് റോഡിന് വീതിക്കുറവും തിരിയുന്ന ഭാഗത്ത് റോഡ് മോശവും ആണ്. അതേസമയം തന്നെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് വൈറ്റില സിഗ്നലിൽ നിന്ന് സൗത്തിലേയ്ക്ക് കടന്ന് പോകാൻ അനുമതി കിട്ടുമ്പോൾ ഈ ഭാഗത്ത് ഉണ്ടാകുന്ന തിക്കിത്തിരക്കിൽ റോഡ് പിന്നെയും ബ്ലോക്ക് ആകുന്നുമുണ്ട്.
സിഗ്നലിൽ വാഹനങ്ങൾ ഉണ്ടാക്കുന്ന മറ്റൊരു പ്രത്യേക തിരക്കുണ്ട്. ഇടതു വശത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വലത് വശത്ത് വന്ന് കിടക്കുകയും, വലത് വശത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഇടത് വശത്ത് വന്ന് കിടക്കുകയും ചെയ്യും.
സിഗ്നൽ ലഭിച്ചാൽ ഈ വാഹനങ്ങൾ ഇടത്തേക്കും വലത്തേക്കും തിരിയുമ്പോൾ ട്രാഫിക് കുരുക്ക് ഉണ്ടാകുന്നു. അത് പോലെ തന്നെ കാൽനടയാത്രക്കാർ സിഗ്നലുകൾ ശ്രദ്ധിയ്ക്കാതെ റോഡ് ക്രോസ് ചെയ്യുന്നത് പതിവാണ്.
കടവന്ത്ര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വൈറ്റില സിഗ്നലിൽ എത്തുന്നത് എത്രയോ സമയം കഴിഞ്ഞാണ്. വഴിയിലുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചാണ് ഇവിടെ എത്താൻ പറ്റുന്നത്.
സിഗ്നൽ ലഭിയ്ക്കുന്നതോടെ വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ കാൽനടയാത്രക്കാർ കൂട്ടത്തോടെയും അല്ലാതെയും ഈ വാഹനങ്ങൾക്ക് മുന്നിലൂടെ റോഡ് ക്രോസ് ചെയ്യുന്നത് കാണാം. ആ കാരണത്താലും റോഡ് ബ്ലോക്ക് ആകുന്നു.
ഇതെല്ലം നടക്കുന്നത് ട്രാഫിക് പോലീസിന്റെ ടവറിന് തൊട്ടു താഴെയാണ് എന്നതാണ് ആശ്ചര്യം. റോഡ് ക്രോസ് ചെയ്യുന്ന കാൽനടയാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങളോ, ലൈൻ തെറ്റി കിടക്കുന്ന വാഹനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളോ കൊടുക്കുന്നത് ഇന്ന് വരെ അവിടെ കാണാൻ കഴിഞ്ഞിട്ടില്ല.
അത് പോലെ പല വാഹനങ്ങളും ഇൻഡിക്കേറ്റർ ഇടുന്നത് തിരിയേണ്ട സ്ഥലത്ത് തൊട്ടുമുന്നിൽ എത്തുമ്പോൾ ആണ്. ഇൻഡിക്കേറ്റർ ഇടാത്ത ബഹുമാന്യരായ ഡ്രൈവർമാരും അനേകം ഉണ്ട്.!
ഈ തിരക്കിനിടയിലായിരുന്നു, ഓൺലൈൻ ടാക്സികളുടെ പട്ടണപ്രവേശം. ഓട്ടോറിക്ഷകളുടെ കിളിത്തട്ട് കളിയ്ക്ക് പുറമേ, ഓൺലൈൻ ടാക്സികളുടെ ബാഹുല്യം നഗരത്തിൽ മറ്റൊരു ഗതാഗതക്കുരുക്കിന് കൂടി കാരണമാകുന്നു. പുറകിൽ വരുന്ന വാഹനങ്ങളെ ഓൺലൈൻ ടാക്സികളുടെ പുറകിൽ നിർത്തി വിഷമിപ്പിയ്ക്കുന്നതിൽ ഇവർക്ക് ഒരു മടിയുമില്ല.
വൈറ്റില മേൽപ്പാലം വന്നിട്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടായോ എന്ന് ചോദിച്ചാൽ വൈറ്റിലയിൽ ഇന്നും കാണുന്ന ബ്ലോക്ക് ആണ് ഉത്തരം. എല്ലാദിവസവും വൈറ്റിലയിലെ വാഹനക്കുരുക്കിൽ പെട്ട്, ശാപവാക്കുകൾ ചൊരിഞ്ഞ്, അക്ഷമരാകുന്ന പൊതുജനങ്ങളുടെ സമയനഷ്ടവും ഇന്ധന നഷ്ടവും ആര് കൊടുക്കും ?
ജിസിഡിഎ യുടെ പ്രസക്തിയെക്കുറിച്ച് ഗീർവാണം വിടുന്ന നേതാവും കൂട്ടരും ക്രീയാത്മകമായ എന്തെങ്കിലും നിർദ്ദേശങ്ങൾ പാലം പണിയുന്നതിന് മുൻപായി നൽകുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
വൈറ്റില ജംഗ്ഷനിൽ നിന്ന്, വൈറ്റില മെട്രോ സ്റ്റേഷനിലേയ്ക്കും ഹബ്ബിലേയ്ക്കുമുള്ള റോഡിന്റെ സ്ഥിതി എത്രമാത്രം ശോചനീയമാണ് എന്ന് അതിലെ യാത്ര ചെയ്തവർക്ക് മാത്രമേ അറിയൂ.
വൈറ്റില മെട്രോ സ്റ്റേഷൻ, വൈറ്റില മൊബിലിറ്റി ഹബ്ബ്, വൈറ്റില വാട്ടർ മെട്രോ തുടങ്ങിയ പദങ്ങൾ മലയാളികളിൽ ഉണ്ടാക്കിയ രോമാഞ്ചങ്ങൾ എത്രത്തോളമായിരുന്നു. ഇവിടേക്ക് പ്രവേശിയ്ക്കാൻ നല്ല റോഡുകളില്ലാത്തത് ഈ പദ്ധതികളുടെ ശോഭ കെടുത്തുന്നു.
ചുരുക്കിപ്പറഞ്ഞാൽ എറണാകുളത്ത് സഞ്ചാരയോഗ്യമായ ഒരൊറ്റ നല്ല റോഡ് പോലും ഇല്ല എന്നു തന്നെ പറയേണ്ടിവരുന്നു.(കേരളത്തിൽ ഇല്ല എന്ന് പറയുന്നതായിരിയ്ക്കും നല്ലത്) അഥവാ, ഇനി അങ്ങനെ നല്ല റോഡുകൾ ഉണ്ട് എന്ന് അവകാശപ്പെട്ടാലും അതിന് എത്രദിവസത്തെ ആയുസ്സ് ഉണ്ടാകും എന്ന് കണ്ടറിയണം.
പ്രാദേശിക കരാറുകാർ ടാറിംഗ് നടത്തിയ റോഡുകൾ അന്ന് തന്നെ തകർന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തകർന്ന റോഡുകളുടെ റീ ടാറിംഗിനും ഗട്ടറുകൾ അടയ്ക്കുന്നതിനും വേണ്ടി, ജനങ്ങൾ എത്രയെത്ര നിവേദനങ്ങൾ കൊടുത്തിട്ട്, അനേകം വർഷങ്ങൾക്കുശേഷം ആയിരിക്കും റീടാറിംഗിനും മറ്റും അനുമതി കിട്ടുന്നത്.
അപ്പോഴേക്കും ഏതെങ്കിലും കരാറുകാരൻ കരാറേറ്റെടുത്ത് അയാളുടെ താല്‍പര്യം പോലെ ടാറിംഗ് നടത്തി പോകും. പായ തെറുക്കുന്നതുപോലെ ടാർ ചെയ്ത ഭാഗങ്ങൾ നാട്ടുകാർ തെറുത്തെടുക്കുന്ന കാഴ്ചകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കാറുണ്ട്. ഇവിടെ ഇങ്ങനെ ഒക്കെ നടന്നാലും അധികൃതർ കണ്ണടച്ച് കളയും. ഇവർക്ക് എതിരെ നിയമനടപടികൾ സ്വീകരിച്ച്, കരിമ്പട്ടികയിൽ പെടുത്താൻ ആർജ്ജവം കാണിക്കണം.
നാളെ - എറണാകുളത്തെ മേൽ പാലങ്ങൾ