കൊച്ചിയുടെ സമഗ്ര വികസനത്തിനായി നാലു മാസത്തിനുള്ളിൽ എംപിസിയും (മെട്രൊപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി) എംഡിഎയും (മെട്രൊപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി) രൂപീകരിയ്ക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടത് 2023 മാർച്ച് 22 -ാം തീയതി ആയിരുന്നു. ഉത്തരവിറങ്ങി പതിനെട്ട് മാസം കഴിഞ്ഞിട്ടും എംപിസിയും എംഡിഎയും രൂപീകരിയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ വ്യവസായിക തലസ്ഥാനമെന്ന് വിളിക്കുന്ന കൊച്ചിയെ വിശാലമാക്കാൻ 1976 ൽ രൂപീകരിച്ചതായിരുന്നുവല്ലോ ജിസിഡിഎ എന്ന ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അഥോറിറ്റി. 48 വർഷം പ്രവർത്തിച്ചിട്ടും ആ സ്ഥാപനത്തിന് കൊച്ചിയെ മറ്റുള്ള വൻകിട നഗരങ്ങളെപോലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വികസിപ്പിയ്ക്കാൻ കഴിഞ്ഞോ.
ഇനിയൊട്ട് കഴിയുമെന്നും തോന്നുന്നില്ല. കാരണം, അന്ന് കൊച്ചി തീരെ ചെറിയ നഗരമായിരുന്നു. "ഠാ" വട്ടത്തിൽ ഒരിത്തിരി സ്ഥലത്ത് ഒതുങ്ങിനിന്ന കുഞ്ഞു നഗരം. ഇങ്ങനെ ഒക്കെ ആയിരിക്കും ഭാവിയിലും നാടും നഗരവും എന്ന് ഋജുവായി ചിന്തിച്ചിരുന്നവരല്ലേ കൊച്ചിയെ ഇന്നുകാണുന്ന പരിതാപകരമായ അവസ്ഥയിൽ എത്തിച്ചത്. ലോകം വളരുകയാണെന്ന് കാണാനോ തിരിച്ചറിയാനോ ഇക്കൂട്ടർക്ക് സാധിച്ചില്ല.
"ഠാ" വട്ടത്തിൽ ഉള്ള എറണാകുളത്ത്, പല തരത്തിലുള്ള നിർമ്മിതികൾ, അവരവരുടെ സൗകര്യത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി, നിയമങ്ങളെ കാറ്റിൽ പറപ്പിച്ച് നടത്തിയെടുത്തതിനാൽ ആണ് എറണാകുളം നഗരം ഇന്ന് കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ് കാണുന്നത്.
ഇപ്പോഴും അങ്ങനെ തന്നെ നടന്നുവരുന്നു എന്ന് ചില എടുപ്പുകളും മറ്റും കാണുമ്പോൾ തോന്നും. ആകെ ഒരു തിക്കുമുട്ടൽ എറണാകുളത്ത് വരുമ്പോൾ അനുഭവപ്പെടാറില്ലേ !
ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജ്ജം പകരാൻ ദീർഘവീക്ഷണമുള്ളവരും നിസ്വാർത്ഥരുമായ നേതൃത്വപാടവമുള്ളരെയാണ് വേണ്ടത്.
നിർഭാഗ്യവശാൽ അങ്ങനെ ഉള്ള നേതൃത്വങ്ങൾ ഇന്ന് നമുക്ക് ഇല്ല എന്നതിന് തെളിവായി നിൽക്കുകയാണല്ലോ, ഇന്നും എറണാകുളത്ത് കാണുന്ന പഴയ റോഡുകളും, കുണ്ടന്നൂർ - തേവര, കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി മേൽപ്പാലങ്ങളും.
ഈ പാലങ്ങൾ വന്നിട്ടും ഈ പറഞ്ഞ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് കൂടിയതല്ലാതെ കുറഞ്ഞില്ല. വിവരമോ, കർമ്മകുശലതയോ ദീർഘവീക്ഷണമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനപ്രതിനിധികളെ, സംഘടിത വോട്ടുകളുടെ ശേഷിയിൽ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് കൊണ്ട് സംഭവിയ്ക്കുന്ന വലിയ പിഴയാണ് ജനങ്ങൾ ഇന്ന് അനുഭവിയ്ക്കുന്നത്.
പഴയതിന് പുറത്ത് അടയിരിക്കുന്ന പതിവ് വികസന ശൈലി ജനങ്ങൾ മടുത്തു തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. പുതിയതും, ജനോപകാരപ്രദമായതുമായ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനോ, അത് സമയബന്ധിതമായി നിർവ്വഹിച്ച്, തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് കൊടുക്കുവാനോ ഇവർക്ക് സാധിയ്ക്കുന്നുണ്ടോ ?
എറണാകുളത്ത്, ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം നല്ല റോഡുകളുടെ അഭാവമാണ്. ഉള്ള റോഡുകൾ ആണെങ്കിൽ ഇടുങ്ങിയതും, കുഴികൾ നിറഞ്ഞതും ആണ്.
കൂടാതെ, ഒരു ചെറിയ മഴയ്ക്ക് വീട്ടുമുറ്റത്തും വ്യാപാര സ്ഥാപനങ്ങളിലും റോഡുകളിലും ഒഴുകി എത്തുന്ന അഴുക്ക് ചാൽ, മാലിന്യങ്ങൾ വേറെയും. ഏഴ് പതിറ്റാണ്ടായിട്ടും ഈ റോഡുകൾക്കോ കുഴികൾക്കോ അഴുക്ക് ചാൽ മാലിന്യങ്ങൾക്കോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ഖേദപൂർവ്വം പറയട്ടെ.
എറണാകുളം നഗരഹൃദയത്തിലൂടെ തെളിനീര് ഒഴുകിയിരുന്ന പേരണ്ടൂർ തോടിന്റെ ചിത്രം ഇന്നും പലരുടെയും ഹൃദയത്തിൽ തെളിഞ്ഞ് വരും. പേരണ്ടൂർ തോട്ടിലെ ജലത്തിൽ ജനങ്ങൾ അലക്കുകയും കുളിയ്ക്കുകയും ചെയ്തിരുന്നു എന്ന് പറഞ്ഞാൽ ഇന്ന് വിശ്വസിയ്ക്കാൻ പ്രയാസമാണ്.
യാത്രാ വള്ളങ്ങളും, ചരക്കുവള്ളങ്ങളും, കേവുവള്ളങ്ങളും, തേവര മുതൽ വടുതലയുംകടന്ന് പോയിരുന്നു. പതിനഞ്ച് മീറ്ററിലധികം വീതി ഉണ്ടായിരുന്ന പേരണ്ടൂർ തോട് ഇന്ന് ആരും അറയ്ക്കുന്ന മാലിന്യ വാഹിനിയായി മാറി.
പേരണ്ടൂർ തോട് ഇന്ന് കൈയ്യേറ്റത്താൽ ശോഷിച്ച് ശോഷിച്ച് ഒഴുക്ക് നിലച്ച്, കതൃക്കടവ് ഭാഗത്ത് എത്തുമ്പോൾ തോട് അര മീറ്റർ വീതിയിലേക്ക് ചുരുങ്ങി.
കൊച്ചിയുടെ നാഢീഞരമ്പുകളായ റോഡുകളിലെല്ലാം അനുദിനം പെരുകുന്ന വാഹനങ്ങൾ മൂലം ബ്ലോക്ക് ആകുകയാണ്. എറണാകുളം ഒന്ന് കാണാൻ കൊതിച്ചെത്തുന്നവർ ശപിച്ചു കൊണ്ട് ഓടിമറയും.
കേരളത്തിലെ ഏറ്റവും വലിയ തുറമുഖ നഗരമായ കൊച്ചിയ്ക്ക് ഇനി വളർന്ന് പന്തലിയ്ക്കണമെങ്കിൽ, എംപിസിയും എംഡിഎയും വിഭാവനം ചെയ്യുന്നത് പോലെ, ജില്ലയിലെ മുനിസിപ്പാലിറ്റികളെയും ഗ്രാമപഞ്ചായത്തുകളെയും കൂടാതെ ജില്ലയുടെ പുറത്തുള്ള, എന്നാൽ ജില്ലയോട് ചേർന്ന് കിടക്കുന്ന കൊച്ചു കൊച്ച് പട്ടണങ്ങളെയും കൂടെ ചേർത്ത് നിർത്തിക്കൊണ്ട് മാത്രമേ സാധിക്കൂ.
എറണാകുളം
കൊച്ചി തുറമുഖവും, ആഡംബരനൗകകളും, ഉല്ലാസ ബോട്ടുകളും, യാത്രാ ബോട്ടുകളും, ചരക്ക് കപ്പലുകളും, ഫിഷിംഗ് ഹാർബറുകളും, മട്ടാഞ്ചേരിയും, ജൂത, പോർച്ചുഗീസ് തിരുശേഷിപ്പുകളും, കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസും, ഫോർട്ട് കൊച്ചിയും, നീലജലാശയങ്ങളാൽ ചുറ്റപ്പെട്ട അനവധി പച്ചത്തുരുത്തുകളും, അംബരചുംബികളായ കെട്ടിടങ്ങളും കൊച്ചിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
ഇന്റർനാഷണൽ എയർപോർട്ട്, സതേൺ നേവിയുടെ ആസ്ഥാനം, മെട്രോ റെയിൽ, വാട്ടർ മെട്രോ, കപ്പൽ നിർമ്മാണശാല, എണ്ണ ശുദ്ധീകരണ ശാല, ഇൻഫോപാർക്ക് തുടങ്ങിയവയെല്ലാം കൊച്ചിയുടെ പെരുമയാണ്.
ഉൾനാടൻ ജലഗതാഗതത്തിന് അനന്തവും അപാരവുമായ സാദ്ധ്യതകൾ എറണാകുളത്ത്, എറണാകുളം ജില്ലയിൽ വേണ്ടുവോളമുണ്ട്. അത് ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ റോഡുകളിലെ തിരക്കുകളിൽ പെട്ട് സമയവും പണവും (പെട്രോൾ നഷ്ടം) നഷ്ടപ്പെടുത്താതെ ഉദ്ദേശിച്ച സ്ഥലത്ത് ജനങ്ങൾക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ പറ്റും.
വേഗതയേറിയ അത്യാധുനിക യാനങ്ങൾ ഇന്ന് ലഭ്യമാണെങ്കിലും, അര നൂറ്റാണ്ടിലേറെ പ്രായമുള്ള, ഏങ്ങിവലിഞ്ഞ് നീന്തുന്ന ബോട്ടുകളാണല്ലോ ഇന്നും നീറ്റിൽ നീന്തി നടക്കുന്നത്.
എറണാകുളത്ത് നിന്ന്, തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ മാർക്കറ്റ്, ചിത്രപ്പുഴ, തിരുവാങ്കുളം, ചോറ്റാനിക്കര, പുതിയകാവ്, ഉദയംപേരൂർ, മുളന്തുരുത്തി, മറ്റത്താൻകടവ്, പുത്തൻകാവ് , കാഞ്ഞിരമറ്റം, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, പിറവം, മുവാറ്റുപുഴ തുടങ്ങിയ ഉൾപ്രദേശങ്ങളിലേയ്ക്ക് വേഗതയേറിയ ബോട്ട് സർവ്വീസുകൾ നടത്താം.
കടമ്പ്രയാർ ആഴം കൂട്ടിയാൽ കിഴക്കമ്പലം വരെയെങ്കിലും ബോട്ടുകൾ ഓടിയ്ക്കാം. പെരിയാറ്റിലൂടെ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും ബോട്ടുകൾ ഓടിയ്ക്കാം.
കായലിന്റെ സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയാൽ കോട്ടയം, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും ഉപകാരപ്രദമാകും.
നാടിന്റെ വികസനം എന്നാൽ പഞ്ചായത്ത് തോറും സമയം കൊല്ലികളായ ബസ്സ്സ്റ്റാൻഡുകളും, ഷോപ്പിംഗ് കോംപ്ലക്സുകളും വെയിറ്റിംഗ് ഷെഡ്ഡുകളും ഹൈമാസ്റ്റ് വിളക്കുകളും മാത്രമാണ് എന്ന് ധരിച്ചുവശായ ജനപ്രതിനിധികളും, ജനങ്ങളും ഉള്ള ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിയ്ക്കുന്നത്.
വൻകിട മാളുകളും, പുതുതലമുറ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ഷോറൂമുകളും മൾട്ടിപ്ലക്സുകളും നക്ഷത്ര ഹോട്ടലുകളും, നക്ഷത്ര ഹോട്ടലുകളെ നാണിപ്പിക്കുന്ന നക്ഷത്ര ആശുപത്രികളും, ബഹുനില വാസസ്ഥലങ്ങളും കൊച്ചിയെ ആഡംബര നഗരമാക്കുന്നു എങ്കിലും ഗുണനിലവാരമില്ലാത്ത റോഡുകളും ട്രാഫിക് സംവിധാനവും എറണാകുളത്തിന്റെ ശോഭ കെടുത്തുന്നു.
പുറമെ നിന്ന് നോക്കുമ്പോൾ കൊച്ചി സുന്ദരിയാണ്, സുശീലയാണ്. എറണാകുളത്ത് ഇറങ്ങി നടക്കുമ്പോൾ ആണ് അവളുടെ തനി സ്വരൂപം കാണാൻ കഴിയുന്നത് എന്ന് കൊച്ചിയിലെത്തുന്നവർ പറയാറുണ്ട്.
തുടരും...