Advertisment

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് തടഞ്ഞ സര്‍ക്കാര്‍ നടപടി ഫലം കാണുന്നു. 5000കോടിയുടെ ആന്റിബയോട്ടിക് വിറ്റഴിച്ചിരുന്ന കേരളത്തില്‍ വില്‍പ്പന 30ശതമാനത്തോളം കുറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അണുബാധകളിലേക്ക് നയിക്കും. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുള്ളവരില്‍ മരണത്തിനിടയാക്കും. വീടുകള്‍ തോറും ബോധവത്കരണവുമായി സര്‍ക്കാര്‍

രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.

New Update
antibiotic

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ അതിശക്തമായി ഇടപെട്ടതോടെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി.

Advertisment

കേരളത്തിൽ പ്രതിവർഷം വിൽക്കുന്ന 15000 കോടിയുടെ മരുന്നിൽ 20ശതമാനത്തോളവും ആന്റിബയോട്ടിക്കുകളാണ്. പ്രതിമാസം 10മുതൽ 15കോടിവരെയാണ് ഒരു പ്രമുഖ കമ്പനിയുടെ മാത്രം കേരളത്തിലെ വിൽപ്പന.

ഇതിൽ രണ്ടുകോടിയുടെ ഇടിവുണ്ടായെന്നാണ് കണക്ക്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടികൾ ഫലം കാണുകയാണ്.

മുൻപ് ഉപയോഗിച്ചിരുന്നതിൽ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതായത് 30 ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.


മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തു. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം ആരംഭിച്ചിരിക്കുകയാണ് സർക്കാർ.


veena george report.jpg 

ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവത്ക്കരണം നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആന്റിബയോട്ടിക്കുകൾക്കെതിരേ അവബോധം പകരും. 

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

അതിന്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണവും. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.

ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്. കാലഹരണപ്പെട്ട ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.  

രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല. തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാർ നൽകുന്നത്.

കോവിഡിനു ശേഷം മലയാളികൾ ആന്റിബയോട്ടിക് ഉപയോഗം പതിവാക്കി; പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നു ! വിദഗ്ധ സമിതി യോഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്‌; നിശ്ചിത ദിവസത്തേക്ക് മാത്രം കഴിക്കേണ്ട മരുന്നുകള്‍ സ്ഥിരമായി കഴിച്ച് ക്ഷണിച്ച് വരുത്തുന്നത് വന്‍ അപകടം; പതിവായി ആന്റിബയോട്ടിക്കുകൾ സ്വന്തമായി വാങ്ങിക്കഴിച്ച് മലയാളി നാശത്തിലേക്കോ?


കോവിഡിന്റെ ആദ്യ തരംഗം ഇന്ത്യയിൽ പടർന്ന സമയത്ത് ആന്റിബയോട്ടിക് മരുന്നുകളുടെ വില്പന കുതിച്ചുയർന്നിരുന്നു. കോവിഡ് ബാധിതരായ എല്ലാവരും ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള അണുബാധകളിലേക്ക് നയിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.


പൊതുജനാരോഗ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം അവയ്ക്കെതിരെ അണുക്കൾ കൈവരിക്കുന്ന പ്രതിരോധം. കേരളത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുന്നുണ്ട്.

പ്രായമായ ആളുകൾ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരാണ് ഏറെയും. അത്തരക്കാരെ രോഗാണുക്കൾ ബാധിക്കാൻ സാധ്യത കൂടുതലാണ്. അവരിൽ ആന്റിബയോട്ടിക് റെസിസ്റ്റന്റായ അണുബാധ സംഭവിക്കുമ്പോൾ മരണത്തിനു വരെ കാരണമാകാം.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത്’ എന്ന പേരിൽ പരിശോധന നടത്തുന്നുണ്ട്. ഒരുവർഷത്തിനിടെ  342 സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും.

Advertisment